Sunday 17 February 2013

പറയാതെ പോയ കപോതങ്ങളെ...

ഇനിയും വസന്തങ്ങള്‍ ഇതളണിഞ്ഞെത്തുമോ
പറയാതെപോയ കപോതങ്ങളെ?
ഇതുവഴി എത്തുമോ ശ്യാമമേഘങ്ങളേ
പകലിന്റെ വറുതിയില്‍ പെയ്തിറങ്ങാന്‍ ?
ഒരുവേള നീപോയ വഴിയിലൂടെത്തുമോ
പറയാതെപോയ കപോതങ്ങളെ?

ഇതുവഴി എത്തുമോ തെന്നലേ നീയെന്റെ
പകലിന്നശാന്തിയില്‍ ഹിമകണമായ്?
പറയുമോ നീപോയ വഴികളിലിത്തിരി
കനിവിന്‍ കടമ്പുകള്‍ പൂത്തിരുന്നോ?

അകതാരിലായിരം കനലിന്റെ നാളങ്ങ-
ളറുതിയില്ലാതെ എരിഞ്ഞിടുമ്പോള്‍
ഒരു രാത്രിമഴയുടെ പദനിസ്വനങ്ങളും
കുളിരും കിനാക്കളും നീ തരില്ലേ?

ഇടിവീണൊരശ്വദ്ധ ശിഖരപഥങ്ങളില്‍
ചുടുനീഡമണയുവാന്‍ നീ വരുമോ?
ചിറകു കരിഞ്ഞൊരീ പക്ഷിതന്‍ നീഡത്തി-
ലിനിയും പിറക്കുമോ സാമഗാനം?

നിണമണിഞ്ഞെത്തുന്ന പഥികന്റെ നോവിലേ-
ക്കൊരുമഞ്ഞുതുള്ളിയായ് നീ വരില്ലേ?
കനിവിന്‍ പയോധരമിനിയും ചുരത്തുമൊ
രണനിണം വാര്‍ന്നുതപിച്ച മണ്ണില്‍?

ഇനിയുംപിറക്കാത്ത ഉണ്ണികളേ നിങ്ങ-
ളറിയുമോ പക്ഷിതന്‍ വേദനകള്‍?
അരുതേ പിറക്കല്ലേ ഗഗനമുപേക്ഷിച്ച
പറവകളായി പിറക്കരുതെ!

---------------
(21.07.2012)