Friday, August 30, 2013

ജൈവ വളം

ചുവന്ന പൂക്കൾ  പരവതാനി പാകിയ
നീണ്ട വഴികൾക്കപ്പുറം ശിലാ ഫലകമായിരുന്നു.
ചരിത്രം മറന്ന കടിഞ്ഞൂൽ പൊട്ടന്മാർക്കുള്ള
ശക്തമായ താക്കീതുമായി
അതു ദശാബ്ദങ്ങളോളം നിലകൊണ്ടു.
"മഹാ യുദ്ധങ്ങളിൽ മരിച്ചവർക്ക് പ്രണാമം.
ചരിത്രം മറക്കുന്നവൻ, അതാവർത്തിക്കാനനുവദിക്കുന്ന കുറ്റവാളിയാണ്. "
അതു വായിച്ച് അതിലെ പറന്നു പോയ
ഒരു കാക്ക ഫലകത്തിൽ കാഷ്ടിച്ചു.
പിന്നെ പരശ്ശതം കാക്കകൾ അതാവർത്തിച്ചു.

അപ്പോഴും ദൂരെ ഗ്രാമങ്ങളിൽ
വെടിയുണ്ട ഏറ്റ മനുഷ്യ ശരീരങ്ങൾ കൊണ്ട്
ജൈവ വളം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പ്രകൃതി.
വേഷം മാറിവന്ന മഹായുദ്ധങ്ങൾ
വാണിജ്യാധിനിവേശത്തിന്റ രൂപത്തിൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു .

ഫലകങ്ങൾക്കപ്പുറം
ഇത്തിരി പോന്ന ഓർമ്മയുടെ പിന്നാംപുറങ്ങളിൽ
അനാദിയുടെ ചക്രവാളം നീണ്ടു നിവർന്നു കിടന്നു.
പ്രകാശ വർഷങ്ങൾക്കപ്പുറത്തുള്ള ശൂന്യതയിൽ,
പിണ്ഡവും ഊർജവും മഹാരതിയുടെ പദങ്ങളാടിയപ്പോൾ
കാലം ഉരുണ്ടു പോയ വഴികളിൽ
ജീവൻ തുടിച്ചുണർന്നു.
പിന്നെ അണ മുറിയാത്ത അവസ്ഥാന്തരങ്ങൾ.
കൊന്നും, തിന്നും നിലനിൽപ്പിന്റ മേച്ചിൽ പുറങ്ങളിൽ അവ വിഹരിച്ചു.
ഇത്തിരി പോന്ന വെളിച്ചത്തിന്റ അഹങ്കാരത്തിൽ
ഇരുട്ടിനെ അവൻ വെല്ലുവിളിച്ചു.
അറിയാത്ത ഇരുട്ടിനെ
അവൻ 'അജ് ഞത'യെന്നു വിളിച്ചു.
ഫലകങ്ങൾ കൊണ്ടു കാലത്തെ വെല്ലുവിളിച്ചപ്പോൾ
കാക്കൾ മാത്രം അതേറ്റെടുത്തു.
അഹങ്കാരത്തിനുള്ള മറുപടിയായി
യുറിക്  ആസിഡിൽ പൊതിഞ്ഞ ജൈവവളം സമ്മാനിച്ച്
അകാലത്തിലേക്കവ പറന്നു പോയി.
(03.06.2013)

3 comments:

  1. ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

    ReplyDelete
  2. മനുഷ്യ ശരീരങ്ങൾ കൊണ്ട് ജൈവ വളം ഉണ്ടാക്കുന്ന പ്രകൃതിയെ തോൽപ്പിക്കാനായിരിക്കും ഇപ്പോൾ ആളുകൾ ഭൂമി നിറയെ പ്ലാസ്റ്റിക്ക് കൂമ്പാരം കൊണ്ട് നിറയ്ക്കുന്നത്. അതാവുമ്പോൾ പ്രകൃതി തോൽക്കുകയേ ഉള്ളു.

    Life is not always beautiful.......

    ReplyDelete
  3. പ്രകാശ വർഷങ്ങൾക്കപ്പുറത്തുള്ള ശൂന്യതയിൽ,
    പിണ്ഡവും ഊർജവും മഹാരതിയുടെ പദങ്ങളാടിയപ്പോൾ
    കാലം ഉരുണ്ടു പോയ വഴികളിൽ
    ജീവൻ തുടിച്ചുണർന്നു.

    ReplyDelete