Sunday, November 17, 2013

ഇന്ദ്രജാലം


അനുഭവങ്ങളെ, അഗ്നിച്ചിറകുമായ്
നിണ നിലങ്ങളിൽ താണു പറക്കുന്ന
നിബിഡ നീരദ പാളീ കദംബമേ;
അറിയുമോ നിങ്ങളീ വഴിത്താരയിൽ
പകുതി പൊള്ളിച്ചുപേക്ഷിച്ച  വിത്തുകൾ
ചിറകുകൾ വിരിച്ചാകാശവും കട-
ന്നഭയ ശാദ്വല ഭൂമിക തേടുന്നു.

കഠിന വേനലിൽ പൊള്ളിച്ചു വിണ്ണിന്റ
കനിവു പേമാരി മുക്കി ക്കുളിപ്പിച്ചു,
പടഹ ഗർജനം മേഘ ഗീതത്തിന്റ
ശ്രുതിയിൽ താരാട്ടു പാടി ഉറക്കിയും.

കദന പാഥേയമുട്ടി വിലക്കിന്റ
മരണ വക്ത്രത്തിലൂടെ നടത്തിയും,
അനുഭവങ്ങളേ നിങ്ങൾ പകർന്നിട്ട
നിമിഷമേതും വിലപ്പെട്ട തല്ലയൊ ?

മ്രുദുലമീ നിന്റെ തൂവലിൻ തുമ്പു കോ-
ണ്ടരികെ വന്നൊന്നു തൊട്ടു തലോടവേ,
മധുര മാസ്മര മിന്ദ്രജാലത്തിന്റ
കതകു താനേ തുറക്കുന്നു സത്വരം.
വിജന തീരത്തെ ശാദ്വലമാക്കുന്ന,
വിഷ ചഷകത്തെ വീഞ്ഞാക്കി മാറ്റുന്ന,
അനുഭവങ്ങളെ ഇന്ദ്രജാലങ്ങളെ
മധുരമല്ലോ വിലപ്പെട്ട ജീവിതം.

പ്രണയ സന്ധ്യകൾ, ദാഹം തുളുമ്പുന്ന
മിഴികള്ളിൽ നോക്കി ദാഹമകറ്റിയും;
മദന യാമങ്ങൾ, ചുരമാന്തി ഉണരുന്ന
രജനി കന്ദർപ്പ ലീലകളാടിയും;
വിബുധ വിഹ്വല വിപ്രലംഭത്തിന്റ
നെടിയ നിശ്വാസ ധാര ഉണർത്തിയും;
അരികിലെത്താൻ കൊതിച്ചാലുമെത്താത്ത
അകല ഭൂമിതന്നുപ്പായി മാറിയും;
കൊടിയ വേനലിന്നഗ്നി നാളങ്ങളിൽ
മരണ ദാഹ ജലത്തിനായ്‌ കേഴവേ
ഒരു തുലാവർഷ മ മൃതബിന്ദുക്കളായ് 
നെറുകയിൽ സ്നേഹ ധാര ചൊരിഞ്ഞതും;
പ്രളയ വാരിധി സർവ്വം വിഴുങ്ങവേ,
പനിമതിച്ചുണ്ടനോളങ്ങൾ  താണ്ടി വ -
ന്നഭയമായി നീ കാവലിരുന്നതും;
അനുഭവങ്ങളെ അഗ്നി സ്ഫുലിംഗമെ
കനിവുമായി നീ കൈ ക്കുമ്പിൾ നീട്ടവേ
സ്മരണകൾ നിറ വെണ്ണിലാവാകുന്നു.
പകലുമില്ലാ ഇരുളു മില്ലാത്തൊരീ  
പുതിയ ഭാസത്തെ അർദ്ധ നിമീലിത
മിഴികളാൽ സ്തുതിച്ചീടട്ടെ  ഉൾക്കാമ്പിൽ
മധുര ഹാസം പൊഴിക്കട്ടെ നിശ്ചയം.

3 comments:

  1. മനോഹരകവിതയാണല്ലോ.
    അനുമോദനങ്ങള്‍

    ReplyDelete
  2. വായിക്കാൻ ശ്രമിച്ചതിനു നന്ദി; അനുമോദനത്തിനു പ്രത്യേകിച്ചും.

    ReplyDelete
  3. വരികളാൽ കവിത
    തീർത്തൊരു ഇന്ദ്രജാലം..!

    പിന്നെ എന്നെ പോലെയുള്ള
    മണ്ടശിരോമണികൾക്ക് ഇതൊക്കെ
    വായിച്ചർത്ഥം പിറ്റികിട്ടണമെങ്കിൽ ഒരു
    മലയാളം നിഘണ്ടു അനിവാര്യമാണ് കേട്ടൊ ഭായ്

    ReplyDelete