Friday, April 25, 2014

നളന്ദയിലെ മിന്നാമിനുങ്ങുകൾ


അഗ്നി വിഴുങ്ങിയ താളിയോലകളിൽ നിന്നും
ഇന്ദ്രഗോപങ്ങളുയരുകയായി.
അധിനിവേശ മൗഢ്യത്തിൽ വെണ്ണീറായ അറിവിന്റ ശാരികങ്ങളെ,
അഗ്നിരജസ്സുകളായി നിങ്ങളുയരുക.
ശാസ്ത്രവും വ്യാകരണവും മാറ്റൊലിക്കൊണ്ട കൽമണ്ഡപങ്ങളിൽ,
കരണവും കാരണവും ചർച്ച ചെയ്യപ്പെട്ട ഇടനാഴികകളിൽ,
കർമനാൾവഴിയിൽ വ്യാകുലപ്പെടാത്ത കളിത്തട്ടുകളിൽ,
ചന്ദ്ര താരങ്ങൾ തൊഴുതു മടങ്ങിയ ഗോപുരങ്ങളിൽ,
ഇന്ദ്രഗോപങ്ങളെ നിങ്ങൾ വെളിച്ചമായിരുന്നു.
നഭസ്സിനെ പുളകമണിയിച്ച ഇന്ദ്രിയ നൈർമ്മല്യമായിരുന്നു.
നീറിപ്പുകഞ്ഞു വെണ്ണീറായ താളിയോലകളും
ഇടിച്ചു നിരത്തിയ മഹാഗ്രന്ഥശാലയും
വെട്ടി നിരത്തിയ രസാല വനവും
മുറിവേറ്റു നിശബ്ദമാക്കപ്പെട്ട ആയിരം ഗളങ്ങളും
നിന്റെ ഊർജ്ജമാണ്.
തമസ്സിന്റ മാറു പിളർന്നു നിങ്ങളുയരുമ്പോൾ
അറിവിന്റ രാജസൂയം നടത്തിയ നൂറ്റാണ്ടുകൾ
പുനർജ്ജനിക്കുന്നു.
അവിടെ അറിവിന്റെ തേന്മാവുകൾ എന്നും പൂവണിഞ്ഞുനിന്നു.
രസാല പക്വങ്ങളുണ്ണുവാൻ വിദൂര മേഘങ്ങൾ താണ്ടി
വാനമ്പാടികളെത്തിയിരുന്നു.
മധുരമുണ്ട വിഹഗങ്ങൾ ജ്ഞാനത്തിന്റ ഈരടികൾ ചൊല്ലി
ദൂരങ്ങളെ പുല്കിയിരുന്നു.
അവ പകർന്ന വെളിച്ചത്തിൽ ലോകമുണരുമ്പോൾ
ദുരയുമായി ദൂരങ്ങളിൽ വെളിച്ചം തല്ലിക്കെടുത്തുവാൻ
ആരോ പട പുറപ്പെടുകയായിരുന്നു.
അധിനിവേശത്തിന്റ വാളുകൾ അറിവിന്റെ ആയിരം ഗളങ്ങൾ
അരിഞ്ഞു തള്ളിയപ്പോൾ,
അറിവിന്റെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ,
ഭൂമിയുടെ ധൂസര വസന്തങ്ങളിൽ ഇരുൾ പരന്നു.
നവ്യ ലോകത്തിന്റെ ഭാസുര സങ്കൽപ്പങ്ങളിൽ
അശിനിപാതമായി ഹിംസയുടെ, വേദനയുടെ, ദുരന്തങ്ങളുടെ
വസൂരി വിത്തുകൾ മുളച്ചു പൊന്തി.
അറിവു തല്ലി ക്കെടുത്തിയ മൗഢ്യമേ!
നീ പകരം തന്നത് അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയായിരുന്നല്ലോ?
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ സാന്ദ്ര പുളിനങ്ങളിൽ
നീ കോരിയിട്ടത് അസഹിഷ്ണുതയുടെ കനലുകളായിരുന്നുവല്ലോ?
കാലത്തെ പിന്നോക്കം നടത്തിയ മൗഢ്യമേ!
യാത്രയും ലക്ഷ്യവും വെളിച്ചമാണെന്ന സത്യം നീ അറിഞ്ഞില്ലയോ?
നിന്റെ അഗ്നിദാഹത്തിലെരിഞ്ഞമർന്നത് 
പിറക്കാനിരുന്ന ഞങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
നിന്റ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
കടിഞ്ഞാണില്ലാത്ത, അതിരുകളില്ലാത്ത സ്വാതന്ത്ര്യം.
ശിക്ഷിക്കാത്ത ദൈവത്തിനും, പാപം ചെയ്യാത്ത മനുഷ്യനുമിടയിലുള്ള
ശുദ്ധമായ സ്വാതന്ത്ര്യം.
പച്ചവെള്ളം പോലെ, കരിയിലയെ നോവിക്കാത്ത കാറ്റുപോലെ,
തപിച്ച മണ്ണിലൂടെ, നാരായ വേരുവരെ കിനിഞ്ഞിറങ്ങുന്ന സ്വാതന്ത്ര്യം.
അഗ്നിരജസ്സുകളെ നിങ്ങളുയരുക.
വെളിവിന്റെ കുഞ്ഞു കണങ്ങളുമായി,
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കായി,
പിറക്കാനിരിക്കുന്ന ഉരഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന വിഹഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന പരശതം കീടങ്ങൾക്കായി.


--------------------------------------------------------------------
Nalanda - An ancient centre of higher learning ( 500 - 1197 AD ).  The great library of Nalanda University was so vast that it is reported to have burned for three months after the invaders set fire to it. 
25.04.2014

2 comments:

  1. നീറി പുകഞ്ഞു വെണ്ണീറായ താളി യോലകളും
    ഇടിച്ചു നിരത്തിയ മഹാ ഗ്രന്ഥ ശാലയും
    വെട്ടി നിരത്തിയ രസാല വനവും
    മുറി വേറ്റു നിശബ്ദമാക്കപ്പെട്ട ആയിരം ഗളങ്ങളും
    നിന്റെ ഊർജ്ജമാണ് .
    തമസ്സിന്റ മാറു പിളർന്നു നിങ്ങളുയരുമ്പോൾ
    അറിവിന്റ രാജസൂയം നടത്തിയ നൂറ്റാണ്ടുകൾ
    പുനർജ്ജനിക്കുന്നു.
    അവിടെ അറിവിന്റെ തേന്മാവുകൾ എന്നും പൂവണിഞ്ഞുനിന്നു.
    രസാല പക്വങ്ങളുണ്ണുവാൻ വിദൂര മേഘങ്ങൾ താണ്ടി
    വാനമ്പാടികളെത്തിയിരുന്നു.
    മധുരമുണ്ട വിഹഗങ്ങൾ ജ്ഞാനത്തിന്റ ഈരടികൾ ചൊല്ലി
    ദൂരങ്ങളെ പുല്കിയിരുന്നു.
    അവ പകർന്ന വെളിച്ചത്തിൽ ലോകമുണരുമ്പോൾ
    ദുരയുമായി ദൂരങ്ങളിൽ വെളിച്ചം തല്ലിക്കെടുത്തുവാൻ
    ആരോ പട പുറപ്പെടുകയായിരുന്നു.‘

    ശരിക്കും രസാലങ്ങൾ പൂത്തതിവിടെയാണല്ലേ ഭായ്

    ‘ അഗ്നിരജസ്സുകളെ നിങ്ങളുയരുക.
    വെളിവിന്റെ കുഞ്ഞു കണങ്ങളുമായി,
    പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കായി,
    പിറക്കാനിരിക്കുന്ന ഉരഗങ്ങൾക്കായി,
    പിറക്കാനിരിക്കുന്ന വിഹഗങ്ങൽക്കായി,
    പിറക്കാനിരിക്കുന്ന പരശതം കീടങ്ങൾക്കായി.‘

    നമിച്ചിരിക്കുന്നു ഭായ്

    ReplyDelete