Wednesday 15 April 2015

ഒരു തിരി കൊളുത്തട്ടെ!



ഒരു തിരി കൊളുത്തട്ടെ,
ഒരു ചുവന്നറിബണ്‍ ഈ മരച്ചില്ലയിൽ ബന്ധിക്കട്ടെ,
ഇനിയും തിരിച്ചുവരാത്ത ചിബോക്കിലെ പെണ്‍കുട്ടികൾക്കായി.


ഒരു തിരി കൊളുത്തട്ടെ,
ഒരു ചോക്കുകഷണം മാറ്റിവയ്ക്കട്ടെ,
ഇനിയും തിരിച്ചു വരാത്ത ഇഗ്വാലായിലെ വിദ്യാർത്ഥികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു പിടിമണ്ണ് മാറ്റി വയ്ക്കട്ടെ,
ഇനിയും തിരിച്ചുവരാൻ കഴിയാത്ത യമനിലെ ദൈവവിശ്വാസികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു കഷണം റൊട്ടി മാറ്റിവയ്ക്കട്ടെ,
ഇനിയും മരിച്ചു തീരാത്ത സിറിയൻ അഭയാർത്ഥി ബാല്യങ്ങൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു മരക്കാൽ മാറ്റിവയ്ക്കട്ടെ,
ഇനിയും ഉണങ്ങാത്തമുറിവുമായി വിലപിക്കുന്ന ഇറാക്കിലെ യുവത്വത്തിനായി.

ഒരു തിരി കൊളുത്തട്ടെ,
ഒലിവിന്റെ ഒരു ചില്ല മാറ്റിവയ്ക്കട്ടെ,
ഇനിയും വറ്റാത്ത കണ്ണുകളുള്ള പാലസ്തീനിലെ വിധവകൾക്കായി.

ഒരു തിരി കൊളുത്തട്ടെ, വീണ്ടുമൊന്നു കൂടി, പിന്നെ വേറൊന്നു കൂടി...
ഞാനീ നാൾവഴിയിലെ ചുവന്ന അക്കങ്ങൾ മെല്ലെ അടർത്തി മാറ്റട്ടെ.
--------------
14.4.2015

2 comments:

  1. ഒരു തിരി കൊളുത്താം
    പക്ഷേ എന്താണ് മാറ്റി വെക്കേണ്ടത്
    ദിനേന പീഡിപ്പിക്കപ്പെടുന്ന ഭാരത സ്ത്രീകൾക്കായി?

    ReplyDelete
  2. ഒരു തിരി കൊളുത്തട്ടെ, വീണ്ടു മൊന്നു കൂടി, പിന്നെ വേറൊന്നു കൂടി...
    ഞാനീ നാൾവഴിയിലെ ചുവന്ന അക്കങ്ങൾ മെല്ലെ അടർത്തി മാറ്റട്ടെ.

    എത്ര മാറി മാറി
    കൊളുത്തിയാലും വീണ്ടും
    വീണ്ടും തിരികൾ തെറുത്ത് വെക്കേണ്ടി വരും

    ReplyDelete

Hope your comments help me improve.