Friday, June 10, 2016

കടലിരമ്പുന്നു

കരി തരി നിറഞ്ഞന്തരീക്ഷ മിരുളുന്നു.
കുട ചൂടി നിന്ന വിൺ പരിച തകരുന്നു.
ധ്രുവ ശൈല  ശ്രിംഗങ്ങൾ ചടുല മുരുകുന്നു.
കലിപൂണ്ട സാഗരം കരയെ വളയുന്നു.

ഹരിത നിര വീഴുന്നു കാറ്റു കരിയുന്നു.
മല നിരകൾ താഴുന്നു ആടി വരളുന്നു.
പുഴകൾ ചെറു നീർച്ചാലിൽ സ്വയ മൊതുങ്ങുന്നു.
കടലിരമ്പുന്നമ്ല മഴയിൽ ഉരുകുന്നു.

മലിന ജല ഖണ്ഡങ്ങൾ ഭൂമി നിറയുന്നു.
ലവണ ജല നാളികൾ പൊട്ടിയുണരുന്നു.
കൊടിയ വിഷ യൗഗികം കൂപെ നിറയുന്നു.
കടലിരമ്പുന്നു പോർ വിളികളുയരുന്നു.

വികിരണ വസന്തത്തിൽ ഭൂമി നിറയുന്നു.
കൊടിയ വിഷ പക്വമായ് ഭൂമി കനിയുന്നു.
ഉടലാകെ വൃശ്ചികക്കലിക ഉണരുന്നു.
കടലിരമ്പുന്നുള്ളിൽ പ്രളയ മുണരുന്നു.13.05.2016

1 comment:


 1. ‘മലിന ജല ഖണ്ഡങ്ങൾ ഭൂമി നിറയുന്നു.
  ലവണ ജല നാളികൾ പൊട്ടിയുണരുന്നു.
  കൊടിയ വിഷ യൗഗികം കൂപെ നിറയുന്നു.
  കടലിരമ്പുന്നു പോർ വിളികളുയരുന്നു...’


  കവിതകളുടെ ഒരു ഘോഷയാത്ര തന്നെയാണല്ലോ ഭായ് ഇവിടെ

  ReplyDelete