Sunday 10 July 2016

അപരാഹ്നം


ഇഴകൾപിരിഞ്ഞു പടർന്നൊരീശാഖിതൻ
തണലിന്റെ സാന്ത്വനമേറ്റുവാങ്ങീടവേ, 
അകലത്തിലെങ്ങോ മുറിഞ്ഞഗാനത്തിന്റെ 
അവസാന നാദത്തിലോർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യകാലത്തിൻ മണിച്ചെപ്പു
പതിയെത്തുറന്നു നീ മുന്നിലെത്തീടുന്നു, 
കലഹിച്ചു തല്ലിക്കളിച്ചു നാം പിന്നെയും 
കഥയുടെ തീരത്തു കണ്ടുമുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു- 
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ 
കഥകൾ, കടംകഥ ചൊല്ലിയിട്ടും യാത്ര- 
പറയാതെ ദൂരേയ്ക്കുപോയി നീ എന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
ടൊഴുകിക്കടന്നുപോയ് കാലം നിലയ്ക്കാതെ, 
പുളിനത്തിൽ നിന്റെ കാൽപ്പാടുകൾ പതിയുവാൻ 
പുഴകാത്തിരിക്കുന്നു സായന്തനങ്ങളിൽ.

അകലത്തിലേക്കു പറന്നുപോയെങ്കിലും, 
ഒരുവാക്കുചൊല്ലാതെ നീ മറഞ്ഞെങ്കിലും, 
ഒളിമങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക- 
ത്തണയാതെ കത്തുന്നു നോവിന്റെനാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ 
നിനവുറങ്ങും കൊച്ചു മഞ്ചാടിവൃക്ഷവും, 
ഒരുപിടിയോർമ്മതൻ ചില്ലിട്ടചിത്രത്തി- 
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ 
കവിളിൽ തലോടിക്കടന്നുപോയീടുന്നു, 
അകലത്തിലെ നാദവീചിയായ് നീ ഏതു 
പഥസന്ധിയിൽ യാത്രതുടരാനൊരുങ്ങുന്നു?

---------- 16.06.2016

1 comment:

  1. ബാല്യകാലത്തേതാണെങ്കിലും,
    യൌവ്വന കാലത്തേതാണെങ്കിലും
    പ്രണയത്തിന്റെ ഈണം കൂടിയുണ്ടെങ്കിൽ
    അവ ഒരിക്കലും മുറിഞ്ഞ് പോകില്ല...

    ReplyDelete

Hope your comments help me improve.