Tuesday 27 December 2016

ഉണർന്നപ്പോൾ


ഉറക്കത്തിലായിരുന്നു ഞാൻ.
ഉണർന്നപ്പോൾ നഗ്നനായി മാറിയിരുന്നു.
പാടി ഉറക്കിയവർ തന്നെ വസ്ത്രങ്ങൾ അഴിച്ചെടുത്തിരുന്നു.
അവ നിറങ്ങളിൽ മുക്കി അയയിൽ വിരിച്ചിരുന്നു.
ഭയപ്പെടുത്തുന്ന നിറങ്ങൾ ഉപേക്ഷിച്ചു
ഭൂമിയുടെ നഗ്നതയിലൂടെ നടന്നു.
വടക്കു നിന്നും വീശിയ വരണ്ട കാറ്റിനു
മൃതിയുടെ ഗന്ധം ഉണ്ടായിരുന്നു.
രോമകൂപങ്ങളിൽ മാലിന്യം നിക്ഷേപിച്ചുകൊണ്ട്
അവ മധ്യരേഖ കടന്നുപോയി.

എല്ലാം തിരിച്ചറിയാൻ ഭൂമി ഉണ്ടായിരുന്നു.
തുളച്ചു കയറുന്ന നോട്ടങ്ങൾ എന്റെ
രക്ത ധമനികളിൽ തറച്ചു നിന്നു.
ചോരയുടെ നിറം തിരിച്ചറിയാതെ
അവർ പുരാതന ഗ്രന്ഥങ്ങളിൽ പരതി.
എന്നാൽ ആവിയായിപ്പോയ അക്ഷരങ്ങൾ
മഴക്കാറായി ഉയരങ്ങളിൽ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു.
എല്ലാ നിറങ്ങളും കഴുകിക്കളയുവാൻ
പെരുമഴയ്ക്കുള്ള തയാറെടുപ്പിലായിരുന്നു
അക്ഷര മേഘങ്ങൾ.
അവയ്ക്കു ഇനിയും പെയ്യാതിരിക്കാൻ കഴിയില്ല!
---------------
01.12.2016

1 comment:

  1. പാടിയുറക്കിയവർ അഴിച്ചെടുത്ത്
    നിറം മുക്കി അയയിൽ ഇട്ടവയിൽ
    വാരിവലിച്ച് ഉടുക്കുന്നവരൊക്കെ ഓർക്കേണ്ടതാണ് ഇതൊക്കെ

    ReplyDelete

Hope your comments help me improve.