Monday, May 19, 2014

ജാലകത്തിലൂടെ


വിചിത്രമെന്നു പറയട്ടെ, അവന്റ ആവശ്യം തള്ളിക്കളയാൻ എനിക്ക് ഒട്ടുമേ കഴിയില്ല. സാധാരണ ഒരാളെ കൊല്ലണം എന്നു ആരെങ്കിലും ആവശ്യപ്പെട്ടാൽ ഒരു തമാശ കേട്ട ലാഘവത്തോടെ തള്ളിക്കളയാൻ മാത്രമേ എനിക്കു കഴിയൂ. പിന്നെ ചോദിച്ചത് 'ആരെങ്കിലു' മല്ലല്ലോ! 350 ഓളം ഭാവി വർഷങ്ങൾക്കപ്പുറത്തുനിന്നും എന്റ ജീനുകൾ വഹിക്കുന്നവൻ എനിക്കാരെങ്കിലു മാവുന്നതെങ്ങനെ? സത്യത്തിൽ ഇതേ ആവശ്യം എനിക്കും ചോദിക്കണമെന്ന് ഉണ്ടായിരുന്നു. ഇതു മാത്രമല്ല, മറ്റു പലതും. ചരിത്രത്തിലെ അക്രമങ്ങൾക്ക് നിശബ്ദ സാക്ഷിയായിപ്പോയ മുതുമുത്തച്ഛന്മാരോട് . അവരുടെ മുന്നിൽ നിൽക്കുമ്പോൾ ഒരു അരണയെ പ്പോലെ ഞാൻ സകലതും മറന്നു പോകും. ചോദ്യങ്ങൾ തൊണ്ടയിൽ കുരുങ്ങുമ്പോൾ ഊഷരമായി പ്പോയ എന്റെ നെൽ പാടങ്ങൾ ഞാൻ മറന്നുപോകും. ഒരു കാക്ക പോലുമില്ലാത്ത വരണ്ട കുന്നിൻ ചരിവുകൾ ഞാൻ മറന്നുപോകും. മെർകുറിയും, ഫ്ളൂറിനുമൊക്കെ വഹിക്കുന്ന അമരഗിരിപ്പുഴയെ മറന്നു പോകും. എന്തൊരു മറവിയാണ്. ആവശ്യ മുള്ളപ്പോൾ ഓർക്കില്ല. അതുകൊണ്ട് തന്നെ ചെയ്യേണ്ടപ്പോൾ ചെയ്യാനും കഴിഞ്ഞില്ല.

കൃത്യമായി പറഞ്ഞാൽ കൃഷ്ണപക്ഷത്തിലെ 13 ആം നാൾ. വെളിച്ചത്തിന്റെ തരികൾ നാമ മാത്രമായി അവശേഷിച്ച രാത്രിയിൽ, വലയിൽ കുടുങ്ങിയ മൃഗങ്ങളുമായി നായാട്ടു കഴിഞ്ഞു മടങ്ങുക യായിരുന്നു മുത്തച്ഛനും കൂട്ടരും. തക്ഷശില കൊള്ളയടിക്കാൻ വന്നവർ തമ്പടിച്ചിരുന്ന ആ വന പ്രദേശം, ഉള്ളം കയ്യിലെ രേഖകൾപോലെ സുപരിചിതമായിരുന്നു മുത്തച്ഛന് . നീണ്ട യാത്ര കഴിഞ്ഞു തളർന്നുറങ്ങുന്ന കൊള്ളി വെയ്പ്പുകാരുടെ ശിബിരങ്ങൾക്ക്  എന്തുകൊണ്ട്  മുത്തച്ഛൻ തീ വച്ചില്ല എന്നു ചോദിക്കാൻ പലവട്ടം തുനിഞ്ഞതാണ്. എന്തൊരു മറവി.

അത് വക്രഗാന്ധാരന്റ കുതന്ത്രമായിരുന്നു, തലമുറകൾക്ക് മുൻപുള്ള ജ്ഞാനികൾ വിരചിച്ച മഹാഗ്രന്ഥത്തിൽ നാലു വരികൂടി എഴുതി ചേർക്കുക എന്നത്. ഒരു മഹാ ജനതയെ വെളിച്ചത്തിൽ നിന്നും അകറ്റി നിറുത്തുക. അതുവഴി ചൂഷണത്തിന്റെ കുടില മാർഗങ്ങൾ തുറന്നിടുക. എന്നിട്ടെന്തു നേടി? ആത്മ ബലം നഷ്ടപ്പെട്ട ജനതയെ വൈദേശിക ശക്തികൾ അരിഞ്ഞു  തള്ളിയപ്പോൾ വക്രഗാന്ധാരന്റെ ജീനുകൾ ഭൂമിയിൽ അന്യം നിന്നു. മുത്തച്ഛനോട് ചോദിക്കണമെന്നുണ്ടായിരുന്നു, കൊച്ചുമകനു കൂനുണ്ടായത്  എങ്ങനെയാണെന്ന്  അറിയാമോ എന്ന്. വക്രഗാന്ധാരൻ കൊടുത്തുവിട്ട ഗ്രന്ഥം മുത്തച്ഛനു നശിപ്പിക്കാമായിരുന്നു. സാർത്ഥവാഹകരോടോപ്പം സഞ്ചരിച്ചിരുന്ന മുത്തച്ഛനു കുതന്ത്രങ്ങളുടെ രാജാവായ വക്രഗാന്ധാരനെ ഗ്രന്ഥത്തോടൊപ്പം ഇല്ലായ്മചെയ്യാമായിരുന്നു. മുത്തച്ഛൻ വിചാരിച്ചു "കൊള്ളാം  എന്റ ജീനുകൾ നൂറ്റാണ്ടുകളോളം സുഖമായി കഴിയട്ടെ". എന്നിട്ടെന്തു നേടി ജീനുകൾ. കൂനു നേടി. ഒരിക്കലും നിവരാത്ത കൂന്. കൂനിന് കൂട്ടായി തിമിരവും. എന്തൊരു മറവിയാണ്?

കയ്യുറ അണിയുമ്പോൾ എനിക്കുറപ്പുണ്ടായിരുന്നു  ഞാൻ പിടിക്ക പ്പെടില്ല എന്ന്. എങ്കിലും ജരാസന്ധൻ എന്റ ആത്മ മിത്രമാണ് . അവനെ വലിച്ചുകീറി തിരിച്ചുവച്ചാൽ കറുകച്ചാലിൽ ആണവ നിലയം ഉണ്ടാകില്ല. ആണവ നിലയം ഉണ്ടായില്ലാ എങ്കിൽ  അതിന്റെ പൊട്ടിത്തെറി ഉണ്ടാകില്ല. നൂറ്റാണ്ടുകളെ ചങ്ങലക്കിടുന്ന അനിയന്ത്രിതമായ  ആണവ പ്രസരണത്തിൽ ജീനുകൾക്ക് വൈകല്യ മുണ്ടാകില്ല. ജീനുകൾക്ക് ഷണ്ഡത്തമുണ്ടാകില്ല.

അതെ ഷണ്ഡത്തമുണ്ടാകില്ല!
---------------------
19.05.2014