Thursday, July 28, 2016

സമതലങ്ങളിലെ ശലഭങ്ങൾ
(അച്ഛനും ഗുരുവുമായ കെ.വി.സത്യവ്രതനു സമർപ്പിക്കുന്നു.)

തരളം, മനോരഥ മണ്ഡലമുലയ്ക്കുന്ന  
പനിനീർ പുഷ്പത്തിന്റെ താരുണ്യ ലഹരിയിൽ,
ചുടു നിശ്വാസത്തിന്റെ ധാര പോൽ വസന്തത്തിൻ 
നിറവും കടം വാങ്ങി അമരും ശലഭങ്ങൾ.
മറ്റൊരു വസന്തമായ്‌ ഇളകി ക്കളിച്ച ത്വൽ 
പക്ഷങ്ങൾ ഒരു വേള നിശ്ചലമാക്കി ധ്യാന -
ചിത്തനായ് ഋതു പൂജയ്ക്കെത്തുവാനെന്തേ വൈകി?

മഹിയിൽ  ജീവന്റെ സമസ്യയ്ക്കു പൊരുൾ തേടി 
അലയുന്നനന്തമാം യാത്രയിൽ ശലഭങ്ങൾ;
നിമിഷാർദ്ധങ്ങൾ കീറി നെയ്ത മൗനത്തിൻ നേർത്ത 
പുടവയ്ക്കുള്ളിൽ നിന്നും വിണ്ണിലേക്കുയരവേ 
നിറ ഭേദങ്ങൾ, വർണ്ണസങ്കരമഴിച്ചിട്ട 
തളിർ മേനിയിൽ പൂത്തു ഭാസുര വസന്തങ്ങൾ.

തളിർ വെറ്റില കൂട്ടി മുറുക്കി ച്ചുവപ്പിച്ച 
കനിവിൻ കുടുന്നകൾ മഞ്ചാടി മണികളിൽ,
പുലരിക്കതിരുകൾ പച്ചിലച്ചാർത്തിൽ തട്ടി 
ചിതറിത്തരിച്ചെത്തി ചുംബിച്ചു മടങ്ങവേ;
സമതലങ്ങളിൽ നീ മോഹന പ്രതീക്ഷതൻ 
നിറവായ്‌ പറന്നെത്തൂ, പൂർണ്ണ കുംഭങ്ങൾ തീരെ 
തളരാ തുറങ്ങാതെ കാത്തിരിക്കുന്നു നിന്നെ.

ലയനം, മഹാർണ്ണവ സംഗമ മൊരുക്കുന്ന 
വിലയം, 'തിര' - മറിഞ്ഞുടലിന്റെ നടനം,
ഡമരുവി ലുയരും വിശ്വ താളത്തിൻ മുഗ്ദ്ധ -
ചിത്തത്തിലൊരു നേർത്ത പുഞ്ചിരി വിടരവേ,
അരിയ പുഷ്പാംഗങ്ങൾ വീശി നീ അണഞ്ഞാലും  
തരള സൗന്ദര്യമേ, കാത്തിരിക്കുന്നു ഞങ്ങൾ.

ഗിരി ശൃംഗത്തിൻ ശീത ഗഹ്വരങ്ങളിൽ, ഘോര 
തമസിന്നീറ്റില്ലമാം സാഗര ഗർത്തങ്ങളിൽ,
സ്ഥിരതൻ നിമ്നോന്നത മണ്ഡലങ്ങളിൽ, സൂര്യ 
കിരണം തിളപ്പിച്ച നിസ്തുല മണൽക്കാട്ടിൽ,
അണയാ തിളകി ത്തുടിക്കും ജൈവ നളിനം 
വിടർന്നേഴു നിറമായ് കാർമുകിലെയ്‌തീടുന്നു;
പിറവിക്കു നേരമായ്, അണയൂ നവാംബുവിൻ 
ചിറകിലൊളിപ്പിച്ചോരിന്ദ്രജാലവുമായി.
18.05.2016 - പ്രിയവ്രതൻ  

Sunday, July 10, 2016

അപരാഹ്നം


ഇഴകൾ പിരിഞ്ഞു പടർന്നൊരീ ശാഖിതൻ
തണലിന്റെ സാന്ത്വനം ഏറ്റു വാങ്ങീടവേ,
അകലത്തിലെങ്ങോ മുറിഞ്ഞ ഗാനത്തിന്റെ
അവസാന നാദത്തിൽ ഓർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യ കാലത്തിൻ മണിച്ചെപ്പു
പതിയെ തുറന്നു നീ മുന്നിലെത്തീടുന്നു,
കലഹിച്ചു തല്ലി ക്കളിച്ചു നാം പിന്നെയും
 കഥയുടെ തീരത്തു കണ്ടു മുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു-
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ
 കഥകൾ, കടംകഥ ചൊല്ലിയിട്ടും യാത്ര-
പറയാതെ ദൂരേയ്ക്കു പോയി നീ എന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
 ടൊഴുകി കടന്നുപോയ് കാലം നിലയ്ക്കാതെ,
പുളിനത്തിൽ നിന്റെ കാൽപ്പാടുകൾ പതിയുവാൻ
 പുഴ കാത്തിരിക്കുന്നു സായന്തനങ്ങളിൽ.

 അകലത്തിലേക്കു പറന്നു പോയെങ്കിലും
ഒരു വാക്കു ചൊല്ലാതെ നീ മറഞ്ഞെങ്കിലും
 ഒളി മങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക-
ത്തണയാതെ കത്തുന്നു നോവിന്റെ നാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ
നിനവുറങ്ങും കൊച്ചു മഞ്ചാടി വൃക്ഷവും,
ഒരു പിടി ഓർമ്മതൻ ചില്ലിട്ട ചിത്രത്തി-
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ
 കവിളിൽ തലോടി കടന്നു പോയീടുന്നു,
അകലത്തിലെ നാദ വീചിയായ് നീ ഏതു
 പഥ സന്ധിയിൽ യാത്ര തുടരാൻ കൊതിക്കുന്നു?

16.06.2016