Thursday 20 November 2014

വഴിയും കാല്പാടും

ഇനിഒളിക്കേണ്ടതെങ്ങുഞാൻ കാലമേ?
പകൽവെളിച്ചത്തിനുണർവ്വിലോ സ്വച്ഛന്ദ-
മിരുൾവിരിച്ചിട്ട ജ്യേഷ്ഠയാമത്തിലെ
സുഖസുഷുപ്തിതൻ നീലവിരിപ്പിലോ?
നിലകൾതെറ്റി ഉന്മാദം വിളമ്പിയ
നിറനിലാവിന്റെ താഴ്വരക്കാട്ടിലോ?

ഇനിഒളിക്കുവാൻ മാളങ്ങളില്ല വ-
ന്നടവിയും, ഗിരിശൃംഗവും, ആഴിയും
സകലതും കടന്നെത്തുന്നിതാ എന്റെ
നിലവറത്താഴു താനേതുറക്കുന്നു.

സുഖസമൃദ്ധിയും, ആഡംബരങ്ങളും
പെരുമയും, മഹാശക്തിയും, ധാടിയും
തനുവിനേകിയ സ്വാസ്ഥ്യത്തിലേക്കിതാ
വഴിയിലുപേക്ഷിച്ച കാല്പാടുകൾ വളർ -
ന്നഖിലവൈരിയായ് പിൻതുടർന്നീടുന്നു.
അഹികളാകുന്നു, ചിഹ്നം വിളിക്കുന്ന
മദനമോഹിത മത്തേഭമാകുന്നു.
നിമിഷജാലകച്ചില്ലിലെ സൗഖ്യത്തി-
ലൊടുവിലൂറിയ തുള്ളിയും നക്കുന്ന
കൊടിയ വഹ്നിയായ് ഭ്രാന്തമായാളുന്നു.

നിണമണിഞ്ഞ കാല്പാടുകളോർമ്മത-
ന്നകലതീരത്തിൽ നിന്നുമെത്തീടുന്നു.
അകതലത്തിലെ സൂക്ഷ്മതന്തുക്കളിൽ
വലവിരിക്കുന്നു, കാവലിരിക്കുന്നു.

സ്മ്യതിയുപേക്ഷിച്ച പൂർവകാണ്ഡങ്ങൾ വി-
ട്ടടരുകൾ, പുറംചട്ടകൾ കീറിയും,
പുതിയ താവളം - താളുകൾക്കുള്ളിലെ
മുദിതവാക്കിന്റെ മുക്തിയിൽ - പോലുമേ
തണുവിറപ്പിച്ച വിരലുമായെത്തുന്നു,
വഴിയിലെന്നോ ഉപേക്ഷിച്ച പാടുകൾ.
-------------
20.11.2014

ഇതു പ്രളയകാലം!



നീ എന്റ ആരുമല്ല;
എങ്കിലും നിന്നെ ശത്രുവായിക്കാണാൻ ആരോ പഠിപ്പിച്ചു.
നീ ഒരു ദ്രോഹവും ചെയ്തില്ല;
എങ്കിലും നിന്നെ കൊന്നൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റ പേരിൽ മുറിച്ചു മാറ്റപ്പെട്ട സഹോദരാ,
നിന്റെയും എന്റെയും പൊക്കിൾക്കൊടിയുടെ വേരുകൾ
ഉറച്ചിരുന്ന മണ്ണിനൊരേ നിറമായിരുന്നു.
അതിലുടെ മദിച്ചുല്ലസിചൊഴുകിയ നദികൾ
പാടിയത് ഒരേ ഗാനമായിരുന്നു.
ഉഴുതു മറിച്ച മണ്ണിൽ മുളച്ചു പൊന്തിയ
നാമ്പുകൾക്കൊരേ വീര്യമായിരുന്നു,
അതിൽ വിരിഞ്ഞാടിയ ഹരിത ദലങ്ങൾ
നുകർന്നത്‌ ഒരേ സൂര്യനെ ആയിരുന്നു,
പൊട്ടി വിടർന്ന പൂക്കൾക്കൊരേ ഗന്ധമായിരുന്നു.
ഋതുഭേദങ്ങളിലൂടെ ചിറകു വിരിച്ചു കടന്നു പോയ
കിളികൾക്കൊരേ ലക്ഷ്യമായിരുന്നു.
എങ്കിലും നീ ശത്രുവായി മാറി; ഞാൻ പോലുമറിയാതെ!
ഓർക്കുക, എനിക്കും നിനക്കും കിട്ടിയ സ്വാതന്ത്ര്യത്തിനു പകരം നൽകിയത്‌
നമ്മുടെ ശാന്തിയായിരുന്നു; സാഹോദര്യമായിരുന്നു.
തിരിച്ചറിവുകൾ ഇല്ലാതെപോയ കാലത്തിന്റെ ജ്വരസന്ധികളിൽ
മൂഢ സ്വപ്‌നങ്ങൾ നല്കി നമ്മുടെ സമാധാനം കവർന്നെടുത്തവരെ തിരിച്ചറിയുക.
ഇതു പ്രളയമാണ്; മനുഷ്യൻ തീർത്ത അതിർ വരമ്പുകളെ
പ്രകൃതി ധിക്കരിക്കുന്ന വിനോദകാലം;
ഒഴുകിയെത്തുന്ന ജഡങ്ങൾ അതിരുകൾ മാനിക്കാത്ത ദുരന്തകാലം.
ഈ പ്രളയത്തിന്റ എകതയിലൂടെ,
ആരൊക്കെയോ കവർന്നെടുത്ത
നമ്മുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാം,
പണയം വെച്ച സമാധാനം തിരിച്ചെടുക്കാം.
ത്രസിക്കുന്ന മണ്ണിന്റ വ്രണിത സ്വപ്നങ്ങളിലൂടെ
നമുക്കു കൈ കോർത്തു നടക്കാം.
അവിടെ ഇറ്റു വീഴുന്ന സ്വേത ബിന്ദുക്കൾ
മണ്ണിന്റെ ശപ്തമായ മുറിവുകളിൽ സഞ്ജീവനി ആവട്ടെ.
ഗന്ധകം മണക്കാത്ത പകൽ വെളിച്ചത്തിൽ,
നിന്റെയും എന്റെയും കുഞ്ഞുങ്ങൾ
കൈ കോർത്തു നടക്കുമാറാകട്ടെ.
സഹോദരാ; എന്റെയും നിന്റെയും സ്വാതന്ത്ര്യം ഒടുങ്ങുന്നിടത്തു മാത്രമാണ്
നമ്മുടെ സ്വാതന്ത്ര്യം ഉറവ പൊട്ടുന്നത്.

22.09.2014