Friday 9 November 2018

വചനം


വചനത്തിനില്ലിഹ കർത്താവും,
മതഭോഷ്ക്കും, കാലസമസ്യയും
കലഹിപ്പു മനുഷ്യരെന്തിനെ -
ന്നറിയുന്നീലതിനില്ല രാജ്യവും.

പരമാണു പിളർന്നു തേജസിൻ
ചിരസ്വത്വമറിഞ്ഞ ദേഹികൾ
പരമാര്‍ത്ഥ മുരച്ചതാർക്കുമേ
പരിതാപമൊഴിഞ്ഞു വാഴുവാൻ.

ഭുവനേ മോഹപടുക്കളെന്നും
അവനീപതിയായി മാറുവാൻ
ഭവസാഗര യാനവാചനം
അവികല്പം നിശ്ചലമാക്കിടും.

--------
09.11.2018

Sunday 21 October 2018

തീർത്ഥാടനം


കാത്തിരിക്കാൻ കഴിയില്ലനാരതം
കൂത്തരങ്ങൊഴിഞ്ഞീടുന്നു സാമ്പ്രതം
ആർത്തനാദം മുഴക്കും മിഴാവിന്റെ
ഊർധ്വനെത്തിടും മുമ്പണഞ്ഞീടണം.

പണ്ടു പാണനാർ പാടിയ പാട്ടിലും
ചെണ്ടകൊട്ടിയ തോറ്റത്തിലും യഥാ
സംക്രമിപ്പിച്ച ഭാവനാ തന്തുക്കൾ
ബന്ധുരം, വൃഥാ ഭാരമായ് മാറൊലാ.

രണ്ടതില്ലാത്ത സംസ്‌കൃത ചര്യയിൽ
ഇണ്ടലേറ്റുന്നു രണ്ടെന്ന ചിന്തകൾ.
കീർത്തനാലാപ ബാഹ്യമേളങ്ങളിൽ
ചേർത്തു വയ്‍ക്കൊലാ അന്തരാത്മാവിനെ.

പിന്തിരിഞ്ഞു നടക്കാനെളുതല്ല
സന്തതം സഹചാരി തിരിഞ്ഞിലും
ബന്ധമോചന തീർത്ഥയാത്രക്കുള്ള
പന്തമാണെന്നനിശം മറന്നിടാ.

ചാരമാക്കും പുരീഷ മൊരുപിടി
വാരി നെറ്റിയിൽ തേയ്ക്കുന്നതിൽ  അനാ-
ചാരമില്ലതാചാരവു മല്ലഹം
ചാരമാകേണ്ടതെന്ന പൊരുളത്രെ.

ചാരമായിടും മുൻപുണർന്നേറ്റിടാം
പാരിൽ ക്ലിഷ്ടമാം രാവെഴുന്നെള്ളവെ
സാരസമ്പുഷ്ട ജീവിതാകാശത്തിൽ
താരമായി പ്രകാശം പരത്തിടാം.


-----------
20.10.2018

Monday 8 October 2018

പാലം



എത്രയോ പരിചിതമിപ്പാലം, ഋതുഭാര 
ദുർബ്ബലം, വയോധികമെങ്കിലും സമാരാദ്ധ്യം. 
ഉത്തുംഗശോഭിതം ശിലാസ്തംഭയുഗളങ്ങൾ, 
മുക്തിതേടുമൂഞ്ഞാൽപോലത്ഭുതം തൂക്കുപാലം. 

സന്ധ്യയിൽ നിന്നും നീണ്ട പാതിരാവഴി താണ്ടി 
ബന്ധുരം പുലരിയിലണയും യാമങ്ങൾ പോൽ, 
അക്കരെനിന്നും സ്നേഹദൂതുമായ് അലമുറി - 
ച്ചിക്കരെയെത്തി മുന്നം പ്രോജ്ജ്വലശരീരിയായ്.

പണ്ടൊരശ്വത്ഥം* പോലും തളിർത്തതു നിൻ ശിലാ- 
ഖണ്ഡങ്ങളൊരുക്കിയ ഗേഹത്തിൽ നിന്നാണല്ലോ!
ഇന്നു ഞാൻ തിരയുന്നു പേടിച്ചു വിറപൂണ്ടൊ- 
രുണ്ണിതൻ കാൽപ്പാടുകൾ  പതിഞ്ഞ പലകകൾ.

മാത്രകൾ പിറകോട്ടു  യാത്രയാകുമ്പോൾ  മുന്നിൽ 
മൂർത്തമായ് തെളിയുന്നു വിസ്‌മൃതനിമേഷങ്ങൾ 
കാറ്റു വീശുന്നു, യക്ഷിപ്പാല പൂത്തുലയുന്നു**
തോറ്റമായെത്തിടുന്നു ദാവണിക്കിനാവുകൾ***

വിദ്രുമസന്ധ്യാമ്പരരാഗലേപം നീ തൊട്ടു 
നെറ്റിയിലണിഞ്ഞന്നു സേതുവിലുലാത്തവേ 
മുഗ്‌ദ്ധകാമനയുടെ ചിറ്റോളമുകുളങ്ങൾ 
ചുറ്റിലും വിരിഞ്ഞിഷ്ടഗന്ധങ്ങളണഞ്ഞെന്നിൽ.

ന്നൊരു സായന്തന സുന്ദരലഹരിയിൽ 
നിന്നെ നേടുവാൻ പാലം കടന്നു വന്നേൻ സഖീ. 
നീട്ടിയെൻ കരങ്ങളിൽ പുളകം വിതച്ചു നീ  
നീട്ടിയ കരാംഗുലിസ്പർശനവസന്തങ്ങൾ. 
സാക്ഷിയായ് പാലം, രമ്യതീരങ്ങളുണർന്നല്ലോ 
തീക്ഷ്ണാനുരാഗത്തിന്റെ ഓളങ്ങളുഴിഞ്ഞപ്പോൾ. 
ഉന്നതകമാനങ്ങൾക്കരികിൽ  കരംകോർത്തു 
പിന്നെ നാം നിരന്തരം നടന്നീ വഴികളിൽ. 

പിഞ്ചു കൈവിരലുകൾ കവർന്നു നടന്നു നാം
സഞ്ചിതവേഗത്തോടെ കാലം കുതിച്ചീടവേ 
പിന്നെ സൗഹൃദത്തിന്റെ പാലങ്ങൾ പണിഞ്ഞേറെ-
ക്കണ്ണുനീർക്കയങ്ങൾക്കു കുറുകെ നിരന്തരം. 

എത്ര ജീവനമൊഴുകിക്കടന്നുപോയ്, മീതെ 
എത്ര കാലടിപ്പാടിൻ ചിത്രങ്ങൾ പതിഞ്ഞുപോയ്, 
എത്ര നീരദപാളികൾ വർഷഹാരം ചാർത്തി, 
എത്ര കപോതമിഥുനങ്ങൾ ചേക്കേറി രാവിൽ!

സ്പർദ്ധതൻ, വൈരാഗ്യത്തിൻ മാലിന്യക്കിടങ്ങുകൾ  
വ്യർത്ഥമായൊഴുകിപ്പോം വെറുപ്പിൻ തടിനികൾ,  
എത്രയോ കണ്ടു നമ്മൾ തപ്തരായെത്തി വീണ്ടും  
എത്രമേലറിയുമീ   സൗഹൃദപുളിനത്തിൽ.  

വിണ്ടുകീറിയപാളം, നീണ്ട കണ്ണികൾ, താഴെ 
തണ്ടുലഞ്ഞൊഴുകുന്ന  കാമിനി കല്ലോലിനി. 
ഒട്ടുമേ അറിയാത്ത ദേവഗംഗയെക്കാളും
തൊട്ടുഴിഞ്ഞൊഴുകും നീ എത്രയും മനസ്വിനി. 

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?


-------
* പാലത്തിന്റെ ഒരു കമാനത്തിനു മുകളിൽ ചെറിയ ഒരു ആൽ വൃക്ഷം കുറെ നാൾ ഉണ്ടായിരുന്നു.
** പാലത്തോടു ചേർന്നു, KSRTC ഗാരേജിനരികിൽ സന്ധ്യകളിൽ സുഗന്ധം വിതറിയിരുന്ന ഏഴിലംപാല.
*** ദേവീക്ഷേത്രത്തിലെ തോറ്റംപാട്ട്

Thursday 16 August 2018

ഞങ്ങൾ മനുഷ്യർ



നോവിച്ചതുകൊണ്ടാണല്ലോ
നീ ഇത്രയും ഇടഞ്ഞത്!
ഇടഞ്ഞ നീ
അതിന്റെ ലഹരിയിൽ ഉന്മാദിനിയായി.
അഴിഞ്ഞുലഞ്ഞ കബരിയും  
കലി തുള്ളുന്ന കുചങ്ങളും
വളഞ്ഞു മുറുകുന്ന ചില്ലികളും
എന്നെ ഭയപ്പെടുത്തുന്നു.
ദിഗന്തങ്ങളെ ത്രസിപ്പിക്കുന്ന  രണഭേരി
എന്റെ കാതുകളടയ്ക്കുന്നു.


ഒരു യുദ്ധം നമുക്കിടയിൽ
മുറുകുന്നതു ഞാനറിയുന്നു.
ഞങ്ങൾ സംഘം ചേരുകയാണ്.
ചിതറിപ്പോയ എല്ലാ ചില്ലകളും
ഞങ്ങൾ ഏച്ചു കെട്ടുകയാണ്.
അഴിഞ്ഞു പോയ എല്ലാ ബന്ധങ്ങളും
ഞങ്ങൾ മുറുക്കുകയാണ്.
വിച്ഛേദിച്ച എല്ലാ ശാഖകളും
ഞങ്ങൾ ചേർത്തു വയ്ക്കുകയാണ്.
വിള്ളൽ വീണ എല്ലാ സന്ധികളിലും  
ഞങ്ങൾ അഷ്ടബന്ധം നിറയ്ക്കുകയാണ്.
എല്ലാ വിധ്വംസനത്തിനും
ഞങ്ങൾ വിരാമമിടുകയാണ്.
എല്ലാ വിഭാഗീയതകളും
ഞങ്ങൾ മറക്കുകയാണ്.
എല്ലാ കപട ദൈവങ്ങളെയും
അവരുടെ സാർത്ഥവാഹരെയും
ഞങ്ങൾ കുടിയൊഴിപ്പിക്കുകയാണ്.
ഏകതാനതയുടെ ഈ ജലപ്പരപ്പിൽ
ഞങ്ങൾ ഒന്നാവുകയാണ്.
കാരണം - ഞങ്ങൾ മനുഷ്യരാണ്,
ഞങ്ങൾക്കിനിയും ഒരുപാടു സഞ്ചരിക്കേണ്ടതുണ്ട്.
ബാധ്യതയായി മാറിയ ഭൂതകാലത്തെ
അറത്തു മാറ്റി
ഭാവിയിലേക്കിനിയും  ഏറെ സഞ്ചരിക്കേണ്ടതുണ്ട്.

Friday 10 August 2018

സൈബീരിയ


റേഡിയോ പാടുന്നു
ജനാലയ്ക്കപ്പുറം മഞ്ഞു പെയ്യുന്നു
നിരത്തിലൂടെ വാഹനങ്ങൾ നിരങ്ങുന്നു.
ഇവിടെ ഏകാന്തതയിൽ
ഞാനാരെയോ കാത്തിരിക്കുന്നു.

പഴുതുകളിലൂടെ പക അരിച്ചെത്തുന്നു
ശൈത്യമായി അതെല്ലിലേക്കു കുടിയേറുന്നു
കൊച്ചു കൊച്ചു ശരികൾ കൊണ്ടു വലിയ തെറ്റുണ്ടാക്കുന്നതാരോ?
മുറിഞ്ഞു പോയ ശിഖരമായി
ഞാനീ ഏകാന്തതയിൽ
ആരെയോ കാത്തിരിക്കുന്നു.

നെരിപ്പോടണയുന്നു
ചില്ലുകൾ തണുത്തുടയുന്നു
പകയുടെ അമൂർത്ത  രൂപങ്ങൾ ജനാലയിൽ മുട്ടുന്നു
വെളുത്ത പല്ലുകാട്ടി അവ ചിരിക്കുന്നു
എറിയാൻ  കല്ലു തരുന്നു.
ഒരു മുഷിഞ്ഞ കടലാസായി
ഞാനാരെയോ കാത്തിരിക്കുന്നു.
-------------
10.08.2018

Thursday 5 July 2018

നിരാമയ ചര്യകൾ





വഴിപ്പൂക്കളെ..!
തുളുമ്പി വീണ ചായമോ,
വസന്ത ഭംഗികൾ പറന്നിറങ്ങിയോ,
മരന്ദ വാഹകന്റെ നാകമോ,
നിറങ്ങൾ വാഴുമീ ജലാശയത്തിൽ
നീന്തിടുന്ന നിൻ മിഴിക്കു
നേദ്യമായ പാനപാത്രമോ?


അണഞ്ഞിടൂ സഖി, മൃഗാങ്ക-
നുമ്മവച്ചുറക്കി രാവിൽ,
ഈറനായ കമ്പളം പുതച്ചുറക്കി,
ഈ പ്രഭാത രശ്മിയിൽ
ഉണർന്നെണീറ്റ സൂനജാല -
മൊക്കെയും നുകർന്നിടൂ;
ചിരം നടന്നു പോകുമീ
പ്രശാന്ത താരയിൽ കൊരുത്തു
ചേർത്ത സൗഹൃദത്തിനീശലിൽ 
ഭൃഗങ്ങളാടിടുന്നു, നിദ്രവിട്ടുണർന്ന
ഷഡ്പദങ്ങൾ തേനിടം തിരഞ്ഞിടുന്നു,
ഞാനുമേവ, മീ വിലോല
മേഘ പാതയിൽ  അലഞ്ഞിടുന്ന
ക്രൗഞ്ചമാരെയോ  തിരഞ്ഞിടുന്നു,
കാറ്റു പിച്ചവച്ചണഞ്ഞിടുന്നു,
കാതിലെത്തി മന്ദമോതിടുന്നു;

"കവർന്നിടൂ, കരം ഗ്രഹിച്ചിടൂ,
വിശാല ശാദ്വലം, മനോഭിരാമമീ
പ്രസൂനമൊക്കെയും, മനോജ്ഞമീ
സുഗന്ധ ചര്യകൾ, പഴുത്ത പത്രമൊക്കെയും
കൊഴിഞ്ഞു വീണ രഥ്യകൾ നിരാമയം,
നിരാസ സംക്രമോജ്വലം, 
പ്രപഞ്ച ഭംഗി ഒപ്പിവച്ച മഞ്ഞു തുള്ളികൾ
കിനിഞ്ഞു നിൻ പദങ്ങളിൽ,
ഖഗങ്ങൾ പാടിടും, വരൾച്ചയിൽ
തളർച്ചയിൽ   ഘനാംബു പെയ്തിടും;
മഹാതരുക്കൾ തീർത്തിടും
തണൽത്തടത്തിൽ നിന്നിടാം.
അഴിച്ചു വച്ച ഭാണ്ഡവും
കറുത്ത വസ്ത്രവും, വടുക്കൾ
വീണ സാന്ദ്രമേധയും ഒഴിച്ചിടു,
തിരിഞ്ഞിടാതെ പോക പോക നീ."
-------------
05.07.2018

Tuesday 29 May 2018

അറിയപ്പെടാത്തവർ



https://youtu.be/cZgqLgnRcGY

എത്ര മേഘച്ചാർത്തു കുടപിടി -
ച്ചെത്ര ചാമരം വീശീ മാമരം
എത്ര മന്ദാരങ്ങൾ, നിശാഗന്ധി
എത്ര മുക്കുറ്റി പൂവിടർത്തിയും
എത്ര കോകില ഗാനനിർഝരി
എത്ര പൂർണേന്ദുവിൻ നിലാവൊളി
എത്ര അമാവാസി നക്ഷത്രങ്ങൾ
എത്ര സിന്ദൂര സന്ധ്യാമ്പരം
എത്രയോ ആറിയപ്പെടാത്തവർ.

എത്ര സർഗ്ഗപാണികളദൃശ്യമായ്
സ്വച്ഛ രഥ്യകളൊരുക്കുന്നു
ദുഷ്കരമനന്ത ചലനങ്ങളി-
ലെത്ര പാണികൾ താങ്ങീടുന്നു.

എണ്ണിയാലൊടുങ്ങാത്ത കൈവിരൽ സ്പന്ദങ്ങളിൽ
വർണ്ണരൂപങ്ങൾ ചുറ്റുമെത്രയോ വിടരുന്നു.
ഒന്നു മറ്റൊന്നിൻ താങ്ങായ് കണ്ണികൾ, ചിരന്തന
രമ്യ ഗേഹം തീർത്തുള്ളിൽ ശാന്തമായുറങ്ങുന്നു.

വേദനിക്കാതെങ്ങിനെ അറിയും നിൻ നോവുകൾ?
വിശക്കാതലയാതറിയില്ല നിന്നാധികൾ.
ഭഗ്നഗേഹത്തിൽ പുല്ലുപായയിലുറങ്ങാതെ
നഷ്ട മോഹങ്ങളെന്തെന്നറിയാൻ കഴിയുമോ?

സ്വപ്നത്തിൽ വിരിഞ്ഞൊരു ഹിമവൽ ശൃംഗങ്ങളിൽ
മറ്റൊരു മന്ദാകിനി നിസ്ത്രപം പിറക്കുന്നു,
മുഗ്ദ്ധമിക്കല്ലോല മുകുളങ്ങൾ കരം കൂപ്പി
എത്ര ചൊല്ലീടേണ്ടു കൃതജ്ഞത നിശ്ശബ്ദമായ്!


----------
29.05.2018
എന്നുമുള്ള കാഴ്ചയാണ്, കുട്ടികളെ റോഡു മുറിച്ചു കടക്കാൻ സഹായിക്കുന്ന സ്ത്രീ. എങ്കിലും ഒരിക്കൽ, അപകടത്തിലേക്കു കാൽ വച്ച കുട്ടിയെ വ്യഗ്രതയോടെ ഒരമ്മയെപ്പോലെ അവർ തടയുന്നതു കണ്ടു. ആരോടൊക്കെയാണ് നാം കടപ്പെട്ടിരിക്കുന്നത്?

Monday 14 May 2018

ആരുടേതാകാം




ജനൽത്തിരശീല പകുത്തുനീക്കുന്നൊരീ
വിരൽപ്പൂക്കളാരുടെതാകാം. (m)
ഇളംകാറ്റിലൂടെ തുഴഞ്ഞുപോകുന്നൊരീ
ഋതുഗന്ധമാരുടേതാകാം. (fm)

കുതിരക്കുളമ്പടി കേട്ടുണർന്നീജനൽ
പ്പടിയിലാലംബയായ് നിൽക്കേ, 
ശരദിന്ദു കോരിച്ചൊരിഞ്ഞ നിലാവീണ
വഴിയിലൂടെത്തുവതാരോ. (fm)

കുതിരപ്പുറത്തു നിലാവീണൊരീ ഗ്രാമ
വഴിയിലേകാകിയായ് പോകെ,
കടലല പോലെ പതഞ്ഞണയുന്നൊരീ
ചിരിപ്പൂക്കളാരുടെതാകാം. (m)

ചമൽക്കാരമേലും ശരത്കാല  രാത്രിയിൽ
ജനൽച്ചോട്ടിൽ നിൽക്കുവതാരോ. (fm)
പ്രണയപുഷ്പങ്ങൾ വിടരും മിഴിയുമായ്
ജനൽച്ചോട്ടിൽ നോക്കുവതാരോ. (m)

തിരശ്ശീല താണ്ടി ജനൽച്ചോട്ടിലേക്കെത്തും
മിഴിപ്പൂക്കളാരുടെതാകാം. (m)
ഘനശ്യാമ വേണി ഒളിച്ചുവയ്ക്കുന്നൊരീ
മുഖബിംബമാരുടെതാവാം (m)

ചിരിപ്പൂക്കൾ നെയ്തു നിലാവിനെ ചുംബിക്കും
നിശാഗന്ധിഎന്നോടു ചൊല്ലി (fm)
'പ്രണയ വർണ്ണങ്ങൾ തിടമ്പെടുക്കുന്നൊരീ
പ്രകൃതി രജസ്വലയായി.' (fm& m)

പറയൂ നിലാവേ പകുത്തുനീക്കുന്നൊരീ
വിരൽപ്പൂക്കളാരുടെതാകാം (m)
പറയൂ നിലാവേ  തുഴഞ്ഞുപോകുന്നൊരീ
ഋതുഗന്ധമാരുടേതാകാം (fm) ....



--------
14.05.2018

Friday 13 April 2018

പാരീസിനുള്ള വണ്ടി



പാരീസിനുള്ള വണ്ടി പോകുന്നു.
റോബും ലൂസിയും ഇറങ്ങിക്കഴിഞ്ഞു.
"പാസ്പോർട്ട് എടുക്കാൻ മറക്കണ്ട", പസന്ത്‌ പറഞ്ഞു.
"കൂട്ടത്തിൽ എനിക്കൊരു ബെഡ്ഷീറ്റു കൂടി"
ബാഗിൽ സ്ഥലും ഉണ്ടല്ലോ, ആശ്വാസം!
ചെരുപ്പു വേണമോ, ഒരുജോഡി കൂടി?
ഇല്ലെങ്കിലും സാരമില്ല, അവിടുന്നു വാങ്ങാമല്ലോ!
പല്ലുതേക്കുന്ന ബ്രുഷും, പിന്നെ പേസ്റ്റും?
ഇല്ലെങ്കിലും സാരമില്ല, എന്നും തേയ്ക്കുന്നതല്ലേ!
ഫോണിന്റെ ചാർജർ? അതു മറക്കണ്ട!
ഇല്ലെങ്കിലും സാരമില്ല, നുണക്കഥകൾ കുറയുമല്ലോ!
എഴുതാനൊരു പേന? ചെറിയ നോട്ടുബുക്ക്?
ഇല്ലെങ്കിലും സാരമില്ല, എന്തെഴുതാനാണ്?
എല്ലാവരും എഴുതിയതു വീണ്ടും എഴുതാനോ!

പാരീസിനുള്ള വണ്ടി പോകുന്നു.
ഇലവാട്ടി ഒരു പൊതിച്ചോറുണ്ടായിരുന്നെങ്കിൽ?
പിസയും, പാസ്തയും, ഫ്രൈസും ആവാം!
മാളുകളിൽ വിതറാൻ യൂറോ വേണമല്ലോ?
ആളുകളെ കാണാം, മാളുകൾ വിടാം!
പാരീസിൽ ബീച്ചുണ്ടാവുമോ?
നൃത്തശാലകളും,  പബ്ബുകളും പോരെ!

പാരീസിനുള്ള വണ്ടി പോകുന്നു.
അടുത്ത സീറ്റിൽ ആരാവും ഉണ്ടാവുക?
ഒന്നും മിണ്ടാത്ത ചേട്ടനോ? അതു വേണ്ട!
മിണ്ടി ബോറടിപ്പിക്കുന്ന ചേച്ചിയോ? അതും വേണ്ട!
വാ കീറുന്ന കുഞ്ഞുമായി ഒരമ്മയോ? വേണ്ടേ വേണ്ട!
യാത്ര ഉപേക്ഷിച്ചവന്റെ ശൂന്യതയോ?
... ഒരു സമാധാനവുമില്ലല്ലോ!

പാരീസിനുള്ള വണ്ടി.... പോ..യി
അല്ലെങ്കിലും പാരീസ് പുളിക്കും, മുന്തിരിങ്ങ പോലെ.
-----------
13.04.2018

Monday 9 April 2018

വർഷഗീതം



രാവേറെയായിക്കഴിഞ്ഞു നിശാഗന്ധി
പോലുമുറങ്ങിക്കഴിഞ്ഞു
തോരാതെ പെയ്യുന്ന വർഷമേഘങ്ങളെ
വീണുറങ്ങീടാത്തതെന്തേ?

വേദന മെല്ലെക്കഴുകുന്നു നിന്നശ്രു
ശീകര മംഗുലീ ജാലം.
വാതിൽപ്പഴുതിലൂടെത്തുന്നു നിൻ ശീത
സാന്ത്വന മർമ്മര ഗീതം.

ചാരുവാമീ  ജനൽപ്പാളിയിൽ വീഴുന്ന
ഓരോ മഴത്തുള്ളിപോലും
സ്നേഹാംബരത്തിന്നിഴകൾ നെയ്‌തെന്നിലേ-
ക്കോടി അണഞ്ഞിടുന്നല്ലോ.

ചാരുകസാലപ്പടിയിലലസമായ്
താളം കുറിച്ചു ഞാൻ പോകെ
ഏതോ വിഷാദരാഗത്തിന്നിഴകളായ്
നീ  പെയ്തിടുന്നെന്നിൽ വീണ്ടും.

സാന്ദ്രമീ നിശ്ചല മൂർത്തങ്ങൾ ചുറ്റിലും
ശാന്തമായ് നിദ്രയെപ്പുൽകെ
നീ ചലനാത്മകം, ജംഗമം, സംഗീത
കാല്യം, നിരാമയം, നിത്യം.
------------
09.04.2018

Saturday 7 April 2018

യുദ്ധം

ഭൂമിയുടെ കാവൽക്കാരാ
നിന്നോടു യുദ്ധം ചെയ്യാൻ
എന്റെ തൂണീരത്തിൽ അമ്പുകളില്ല.
അതിൽ അക്ഷരങ്ങൾ ആണല്ലോ.
വെട്ടിപ്പിടിക്കാൻ എന്റെ പക്കൽ
വാളില്ലല്ലോ
കൊയ്തെടുക്കുന്നതു സൂക്ഷിക്കാൻ
കളപ്പുരയും ഇല്ലല്ലോ.
നീ എന്തിനാണ്എന്നോടു യുദ്ധം ചെയ്യുന്നത്?
ഭൂമി എന്നേ ഞാൻ ഉപേക്ഷിച്ചതാണല്ലോ.
ഭൂമിയിലെ അതിരുകളിൽ
ഞാൻ തല്പരനല്ലല്ലോ
ഗ്രാമങ്ങളെ  ആഹരിക്കുന്ന
നഗരങ്ങളോട് എനിക്ക് താല്പര്യമില്ല.
നഗരങ്ങളോടു ചെറുത്തു നിൽക്കാൻ കഴിയാത്ത
ഗ്രാമങ്ങളിൽ എനിക്കു വിശ്വാസമില്ലല്ലോ.

ഹേ ഭൂമിയുടെ കാവൽക്കാരാ
നമ്മൾ ഒന്നിനും വേണ്ടി
പരസ്പരം മത്സരിക്കുന്നില്ല.
മത്സരിക്കുന്നു എന്നത്
നിന്റെ തോന്നൽ മാത്രമാണ്.
നിന്റെ ഭൂമി അല്ല എന്റെ ഭൂമി.
എന്റെ ഭൂമി അതിരുകളില്ലാത്ത ആകാശമാണ്.
അതെല്ലാവർക്കും സ്വന്തമാണ്.
നിനക്കും
(പക്ഷെ അതു  നിനക്ക് അറിയില്ലല്ലോ!)

Thursday 5 April 2018

കൂട്ടിലടച്ച പക്ഷി


കാറ്റിൻ പുറത്തു സവാരി ചെയ്യുന്നിതാ
കൂട്ടിലടയ്ക്കാത്ത പക്ഷി
കാറ്റൊടുങ്ങുന്നോരിടത്താവളം വരെ
നേർത്തു പറക്കുന്നു മന്ദം
മാർത്താണ്ഡ പിംഗലവീചിയിൽ പക്ഷങ്ങ-
ളാഴ്ത്തുന്നു  കാറ്റിനോടൊപ്പം
കൂട്ടിലാകാത്ത നിനക്കുള്ളതല്ലയോ
കാറ്റുപാർക്കുന്നൊരാകാശം.

കൂട്ടിൽ ഞെരുങ്ങി ക്കുടുങ്ങിയ പക്ഷി നീ
കൂട്ടിലടച്ചോരു പക്ഷി
നിന്റെ രോഷത്തിന്നഴികൾക്കുമപ്പുറം
എന്തെന്നു നീ അറിവീല
തൂവൽ മുറിച്ചു പാദങ്ങൾ ബന്ധിച്ചൊരീ
പക്ഷി പാടാനൊരുങ്ങുന്നു.

കൂട്ടിലടച്ചൊരു പക്ഷി നീ പാടുന്നു
വിഹ്വല കമ്പിതമെന്തോ
എങ്കിലും തേടുന്നു ശാന്തിതീരങ്ങളെ
നിന്നന്തരംഗത്തിനീണം 
ദൂരാദ്രി കേൾക്കുന്നൊരീണം വിമോചന
ഭൂമിക തേടുന്ന ഗാനം

മറ്റൊരു തെന്നൽ കിനാവുകാണുന്നൊരീ
മുക്ത വിമോചിതൻ പക്ഷി
മുറ്റും മരങ്ങൾ കടന്നണഞ്ഞീടുന്നു
സ്നിഗ്ദ്ധമാമീ ധ്രുവവാതം
ദീപ്തമീ പച്ചപ്പരപ്പിലെ കീടങ്ങൾ
പക്ഷിയെക്കാത്തിരിക്കുന്നു
ഓർക്കൂ വിഹംഗം അനന്തവിഹായസ്സു
പേർത്തും നിനക്കുള്ളതല്ലേ

കൂട്ടിലടച്ചൊരീ പക്ഷി നിൽക്കുന്നിതാ
ഭഗ്നസ്വപ്നച്ചുടുകാട്ടിൽ
പേക്കിനാവിൽ ഭയന്നാർത്തലച്ചീടുന്നു
താന്തനായ് തൻ നിഴൽ പോലും
തൂവൽ മുറിച്ചു പാദങ്ങൾ ബന്ധിച്ചൊരീ
പക്ഷി പാടാനൊരുങ്ങുന്നു.

കൂട്ടിലടച്ചൊരു പക്ഷി നീ പാടുന്നു
വിഹ്വല കമ്പിതമെന്തോ
എങ്കിലും തേടുന്നു ശാന്തിതീരങ്ങളെ
നിന്നന്തരംഗത്തിനീണം 
ദൂരാദ്രി കേൾക്കുന്നൊരീണം വിമോചന
ഭൂമിക തേടുന്ന ഗാനം

A free bird leaps
on the back of the wind 
and floats downstream 
till the current ends
and dips his wing
in the orange sun rays
and dares to claim the sky.

But a bird that stalks
down his narrow cage
can seldom see through
his bars of rage
his wings are clipped and 
his feet are tied
so he opens his throat to sing.

The caged bird sings 
with a fearful trill 
of things unknown 
but longed for still 
and his tune is heard 
on the distant hill 
for the caged bird 
sings of freedom.

The free bird thinks of another breeze
and the trade winds soft through the sighing trees
and the fat worms waiting on a dawn bright lawn
and he names the sky his own

But a caged bird stands on the grave of dreams 
his shadow shouts on a nightmare scream 
his wings are clipped and his feet are tied 
so he opens his throat to sing.

The caged bird sings 
with a fearful trill 
of things unknown 
but longed for still 
and his tune is heard 
on the distant hill 
for the caged bird 
sings of freedom.
----------
05.04.2018

Independent translation of Caged Bird BY MAYA ANGELOU

മയാ അംഗലോവ് (Maya Angelou) ഒരു ബഹു മുഖ പ്രതിഭയായിരുന്നു. കവിയും, എഴുത്തുകാരിയും എന്നതിനൊപ്പം ഗാന രചയിതാവും, ഗായികയും, നടിയും ആയിരുന്നു. Dr മാർട്ടിൻ ലൂതർ കിങിനും (Dr. Martin Luther King Jr), മാൽകോം എക്സിനും (Malcom X )   വേണ്ടി പ്രവർത്തിച്ചിട്ടുള്ള  അംഗലോവ് ഒരു പൗരാവകാശോത്സുകയും ആയിരുന്നു. ആറു ആത്മകഥകൾ എഴുതിയ അംഗലോവിന്റെ ഏറ്റവും പ്രശസ്തമായ കൃതി ആദ്യ ആത്മകഥയായ  'I Know Why the Caged Bird Sings' ആണ്. അനേകം പുരസ്കാരങ്ങളും യശസ്കര ബിരുദങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. 2014 ൽ എൺപത്തി ആറാമത്തെ വയസ്സിൽ കറുത്ത വംശജയായ ഈ അമേരിക്കൻ പ്രതിഭ അന്തരിച്ചു.

Tuesday 27 March 2018

ഫോർമൽ ഡ്രസ്സ്


അവരെന്നോടു 'ഫോർമൽ ഡ്രസ്സ്' ധരിച്ചു വരാൻ പറഞ്ഞു.
മീറ്റിങ്ങിനു പത്തു കോട്ടും, പത്തു ടൈയും
പത്തു ജോഡി പോളിഷ് ചെയ്ത തുകൽ ചെരിപ്പുകളും എത്തി;
അവയ്ക്കുള്ളിൽ ദുരഭിമാനത്തിന്റെ
ദുർഗന്ധം വമിക്കുന്ന പത്തു ചരങ്ങളും.

മാന്യമായി എങ്ങിനെ ഉപഭോക്താവിനെ പറ്റിക്കാമെന്നും
'സ്മാൾ പ്രിന്റിൽ' എങ്ങിനെ ചതിക്കുഴികൾ
ഒളിപ്പിക്കാമെന്നും ഞങ്ങൾ ചർച്ച ചെയ്തു.
ഇടപാടുകാരെ ദീർഘകാലത്തേക്കു
കുരുക്കിയിടാനും,
തലമുറകളെ ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ
അടിമകളാക്കാനും പദ്ധതികൾ ഉണ്ടാക്കി.
ഉപഭോക്താക്കൾ രോഗികളായില്ല
എന്നു തെളിയിക്കുന്ന 'സ്വതന്ത്ര ഗവേഷണത്തിനു'
സ്പോൺസർ ചെയ്യാനും തീരുമാനിച്ചു.

ഈറ്റിങ്ങിനു മുൻപ്  സ്കോച്ചൊഴിച്ചു ഞങ്ങൾ
മൃഗങ്ങളെ പുറത്തെടുത്തു.
ലൈംഗികത നിറഞ്ഞ ഫലിതങ്ങൾ പറഞ്ഞു പൊട്ടിച്ചിരിച്ചു.
രാവേറെക്കഴിഞ്ഞപ്പോൾ പുഷ്പകയാനത്തിലേറി
ദണ്ഡകാരണ്യത്തിലേക്കു പുറപ്പെട്ടു.
----------------
26.03.2018

Monday 5 March 2018

വാക്കിന്റെ ജനിതകം

സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ വാക്കുകളെ?
അവയ്ക്കു നിറമുണ്ട്.
'അപാരത'യുടെ നിറം എത്രയോ പരിചിതമാണ്  
'സമാധാന'ത്തിന്റെ നിറമല്ല  
'പ്രതിഷേധ'ത്തിനുള്ളത്
'പ്രണയ'ത്തിന്റെ നിറമല്ലല്ലോ 
'പ്രതീക്ഷ'യുടെ നിറം
'വിഷാദ'ത്തിന്റെ നിറം കടുപ്പിച്ചാൽ 
'മരണ'ത്തിന്റെ നിറമാകാം
എങ്കിലും 'സാമ്രാജ്യ'ത്തിന്റെ നിറം
എപ്പോഴും വ്യത്യസ്‍തമായിരിക്കും.

ഇനിയും നിറങ്ങൾ കണ്ടെത്തിയില്ലെങ്കിൽ
മഷി പുരണ്ട 'നിഷാദ'നിലേക്കു നോക്കു.

ശ്രദ്ധിക്കൂ- വാക്കുകൾക്കു ഗന്ധമുണ്ട്, 'മാമൂൽ' പോലെ!
വാക്കുകൾക്കു രൂപവുമുണ്ട്, 'മദാലസ' പോലെ!
'നിർവൃതി' പോലെ ഊഷ്മാവുമുണ്ട്!

ഉപയോഗിച്ചു നിറം മങ്ങി 'ഞെട്ടിപ്പോയ  വാക്കുകൾ
ഒരിക്കലും നിറം വറ്റാത്ത  'പ്രണയ' വാക്കുകൾ
അലക്കി വെളുപ്പിച്ചെടുത്ത 'ജാലക' വാക്കുകൾ
ഒളിച്ചു കളിക്കുന്ന 'തിരസ്കരണി' വാക്കുകൾ  
ഉപയോഗിക്കാതെ പൊടിപിടിച്ചു കിടന്ന 'അസ്ഥിഭാരം' 
പോലുള്ള 'ശ്രുതിപ്പെട്ട
' വാക്കുകൾ
അമിതോപയോഗത്താൽ തേഞ്ഞു പോയ 'മഴ' വാക്കുകൾ
ഭരണകൂടത്തിന്റെ ഭയപ്പെടുത്തുന്ന 'കച്ചേരി' വാക്കുകൾ
'വിമ്മിട്ട'പ്പെടുന്ന വികല വാക്കുകൾ
അയിത്തം വന്ന 'ചന്ത' വാക്കുകൾ
ആര്യമായ 'മാർക്കറ്റ്' വാക്കുകൾ
മ്യൂട്ടേഷൻ സംഭവിച്ച 'ചെത്തു' വാക്കുകൾ!
അല്ലെങ്കിൽ 'കലക്കി'യ 'അടിപൊളി' 'തേപ്പു' വാക്കുകൾ!
കടൽ കടന്നു 'വരാന്ത'യിൽ പോയ വാക്കുകൾ
'റദ്ദാ' ക്കിയ ചില വരുത്തൻ  വാക്കുകൾ
'ഖൽബി'ൽ ചേക്കേറിയ 'മൊഞ്ചു'ള്ള വാക്കുകൾ
കുടിയേറാൻ കാത്തിരിക്കുന്ന 'മൊഹബത്തു' വാക്കുകൾ
പകരക്കാരനെ കളിയാക്കുന്ന 'സ്വിച്ച്' വാക്കുകൾ
കൊഞ്ഞനം കാട്ടുന്ന വരുത്തൻ 'സോറി' വാക്കുകൾ. 
പിന്നെ സായിപ്പു കയറൂരി വിട്ട  '#ക്ക്'  '#റ്റ്ജാഡ വാക്കുകൾ. 
-----------
11 September 2017

ഒട്ടകപ്പക്ഷി



ഒരു കുരുത്തക്കേടുകൂടി ചമച്ചിട്ടു
മണലിൽ മുഖംപൂഴ്ത്തി നിൽക്കുന്നു നീ,
മഹിയിൽ മുഖംതാഴ്ത്തി നിൽക്കുന്നു നീ.

ഇരുകണ്ണു പൂട്ടിഅടച്ചു,
ശ്വാസംപിടി- ച്ചിരുചെവി കൊട്ടിയടച്ചു പൂട്ടി,
ഹൃദയമിടിപ്പു തളച്ചു, സർവ്വം തളർ-
ന്നെവിടോ ഒളിക്കുന്നതാരിൽ നിന്നും?
ഇറുകി അടച്ച കൺപോള തള്ളിത്തുറ-
ന്നൊരു കുഞ്ഞു ഞാഞ്ഞൂലുണർത്തി ഏവം,
"ഉയിരു കയ്യിൽപ്പിടിച്ചോടിയൊളിക്കുന്നു
അടവിയും, കാറ്റും, കപോതങ്ങളും.
വെറുമൊരു നീലക്കുറുക്കനെപ്പേടിച്ചു
വിറപൂണ്ടിടുന്നോ മഹാതരുക്കൾ?

ഇവിടേയ്ക്കണഞ്ഞിടാൻ നേരമായിട്ടില്ല
അവിടേയ്ക്കു തന്നെ തിരിച്ചു പോകു.
മൃതമല്ല നീ, കാരിരുമ്പിൻ കരുത്തുമായ്
വിപിനത്തിലേക്കു തിരിച്ചു പോകു.
കഴലിൽ കൊടുങ്കാറ്റുമായി തിരിഞ്ഞു നീ
പതിയെ നടക്കുവാൻ നേരമായി."