Friday 23 April 2021

കൊറോള ചരിതം തുള്ളൽ


പണ്ടാരാണ്ടു പറഞ്ഞതുപോലെ
പണ്ടെങ്ങാണ്ടു നടന്നതുപോലെ
ഇണ്ടലൊഴിഞ്ഞൊരു പട്ടണനടുവിൽ
വണ്ടിയുമായി ഡൊമിനിക്കേട്ടൻ.

പട്ടണമേതെന്നറിയില്ലെങ്കിൽ
കുട്ടാ നോക്കു ഗൂഗിൾ മാപ്പിൽ.
ഒത്തിരി വെള്ളം ചുറ്റിലുമുണ്ട്
ഒറ്റത്തുള്ളികുടിക്കാനില്ല.  

പുട്ടിനു പീര കണക്കുണ്ടൊരു പുര
മപ്പുറമാണേൽ സൗദി രാജ്യം
പുട്ടിനു പീര കണക്കുണ്ടൊരു പുര
മിപ്പുറമാണേൽ ഖത്തറു രാജ്യം.

പറുദീസയ്‌ക്കെതിർ ചൊല്ലും ബഹറിൻ
പവിഴ ദ്വീപു കൊരുത്തൊരു രാജ്യം.
അവിടെ മനാമ ഗലികളിലില്ലാ
ത്തൊരുവകയില്ലീ ഉലകിലശേഷം.
പട്ടും, വളയും, മസ്‌ക്കും, ഊധും
ചട്ടീം, കലവും, സോപ്പും കിട്ടും
കിട്ടാത്തൊരു വക ബാപ്പാനാണെ
കിട്ടാനില്ലുമ്മാനെ മാത്രം. 

അത്തരമൊരു ചെറു കടയിൽ പണ്ടേ
പത്തുദിനാറിനു  തൊപ്പികളുണ്ടെ-
ന്നുത്തമനാകും  ഡൊമിനിക്കേട്ടനു   
ചിത്തേ നല്ലൊരു വെളിവുണ്ടായി.

പട്ടണ നടുവിൽ അങ്ങനെയെത്തി
പുത്തൻകാറിൽ ഡൊമിനിക്കേട്ടൻ.
തൊപ്പികളില്ലാ രാജ്യത്തെന്തിനു
തൊപ്പി തെരഞ്ഞു നടന്നീത്തരുണൻ?

പളപള മിന്നും ചോന്ന കൊറോള
വളവു തിരിഞ്ഞു വരുന്നതുകണ്ടാൽ
കവിളത്തൊരുപിടി മലരു കൊഴിഞ്ഞൊരു
കി ളവനുമധുനാ നോക്കിപ്പോകും. 

പത്തുദിനാറും പിന്നതിനർദ്ധവു-
മൊത്തിരി നോവൊടു നൽകി ചേട്ടൻ
വർദ്ധിതമോദത്തോടെ പിന്നാ
ത്തൊപ്പി ശിരസ്സിലണിഞ്ഞു നടന്നു.

ചറപറ വണ്ടികളോടും വഴിയുടെ
അരികേ ഗമയിൽ പോകും നേരം 
തരസാ നമ്മുടെ ചോന്ന കൊറോള
അറബിയൊരുത്തൻ മോഷ്ടിക്കുന്നു.

പനപോലൊട്ടുനിവർന്നൊരു ഗാത്രൻ
തലയിൽ തിരിക കമഴ്ത്തിയ മാന്യൻ
അലസം കാറു തുറന്നു, ലളിതം,
ദ്രുതമോടിച്ചു കടന്നുകളഞ്ഞു.

കണ്ടിതു ക്രോധാൽ തൊണ്ട തുറന്നു,
മണ്ടിനടന്നു ഡൊമിനിക്കേട്ടൻ.
കിട്ടിയ ചീത്തകളൊക്കെയു മൊറ്റ-
ക്കൊട്ടയിൽ വാരിയെറിഞ്ഞാച്ചുള്ളൻ. 

അപ്പോളതുവഴി മറ്റൊരു  സുന്ദര-
നെത്തി  'കനേഷ്യസ്' എന്നു വിളിപ്പേർ.
ഒട്ടു നിറുത്തിയ ശകടത്തിൽ നി-
ന്നെത്തിവലിഞ്ഞൊന്നവലോകിച്ചു.

അത്തിപ്പുഴയുടെ പുത്രൻ ചൊല്ലി,
"സത്യം ഞാനൊരു കാര്യമുരയ്ക്കാം,   
ചേട്ടൻ പോയൊരു കേസു കൊടുക്കിൽ
കട്ടവനെ ഞാനിന്നുപിടിക്കാം."

പിന്നവനൊട്ടും മടികൂടാതെ
മിന്നലുപോലെ പറന്നു,  മുന്നേ
ചൊന്നതുപോലെ  മറഞ്ഞഹിമാറെ
ചെന്നു പിടിക്കാനാവേശത്താൽ.

ഒന്നു തണുത്തു ഡൊമിനിക്കേട്ടൻ 
പിന്നൊരു ശ്വാസം കൂടെയെടുത്തു.
ഉന്നത മൗലിയിലണിയാൻ വെച്ചതു
പന്നഗമായെന്നൊന്നു നിനച്ചു. 

ഉച്ചച്ചൂടിൽ കത്തി മനാമ
മുച്ചൂടെരിപൊരികൊള്ളുന്നേരം  
ഉച്ചിയിലുടെ കല്ലായിപ്പുഴ
പൊട്ടിയൊലിച്ചതു കണ്ണിലൊളിച്ചു. 

കണ്ണുകൾ കൂട്ടിത്തിരുമീ ചേട്ടൻ
"എന്തെ കാഴ്ചകൾ വഞ്ചിച്ചെന്നോ!"
"എന്നുടെ കാറുണ്ടിവിടെത്തന്നെ
മുന്നേപോയതുമിതുതാനല്ലേ?" 

തന്നുടെ  ശകടം പോലൊരു ശകടം
മുന്നേ പോന്നതു കണ്ടു നിനച്ചു
നമ്മുടെ ശകടം തന്നെയിതെന്നും,
പിന്നെ ഹലാക്കിന്നുള്ളം തരികിട.  

പുല്ലുകിളിച്ചില്ലിനിയും കള്ളനെ
ചെല്ലേ പൊക്കാൻ പോയൊരു വഴിയിൽ.
അല്ലേലിന്നിതു ചൊല്ലാം 'നിങ്ങടെ
ഇല്ലാസമയം പോയതു പോലെ'. 

Thursday 15 April 2021

നിഗൂഢം


എവിടെ ഒളിപ്പിച്ചിരുന്നു നിൻ രാഗാർദ്ര
വിബുധ താരങ്ങളെ കാമ്യനിശീഥിനി!
ചിറകുരുമ്മിപ്പോകുമീഘനവേണിക്കു
പിറകിലോ, ചാരു ശശാങ്കബിംബത്തിലോ?

എവിടെയാണെങ്കിലും പുഞ്ചിരിപ്പാലൊളി
വിതറിയുഡുക്കൾ  വിരിഞ്ഞിടുമ്പോൾ   
തരളമീ മാനസത്തോണി തുഴഞ്ഞിന്ദ്ര
നഭസിന്റെ തീരത്തണഞ്ഞിടും ഞാൻ.

കരപരിലാളന സുഖദ സൗഗന്ധികം
വിടരുന്ന വിൺമലർവാടികയിൽ
ചമയമഴിച്ചനുപല്ലവി പാടിയീ
കടവിലെത്തു, കാത്തിരിക്കുന്നു ഞാൻ.

--------

14.04.2021

Sunday 4 April 2021

മുറി

room by Priyavrathan


മുറിക്കുള്ളിൽ മുറിയുണ്ടെന്നറിഞ്ഞതെങ്ങനെയെന്നോ?
ഉറപ്പുള്ള കയറുമായ് വലിഞ്ഞുകേറിയ നേരം.
കയററ്റം ഉറപ്പിച്ചു, കുടുക്കറ്റം തലയ്ക്കിട്ടു
ഉറപ്പിക്കാനൊരുവട്ടം കിഴുക്കാം തൂക്കിലേ നോക്കി.
പകച്ചുപോയ് മിഴി വീണ്ടുമടച്ചിട്ടു തുറന്നിട്ടും
മികച്ച മറ്റൊരുമുറി,  മുറിക്കുള്ളിലിരിക്കുന്നു.
കിഴക്കു നിന്നൊരു മുറി, വടക്കു നിന്നൊരു മുറി
കിഴുക്കാം തൂക്കിലേ നോക്കെ, തെളിഞ്ഞു മറ്റൊരു മുറി.
അറിഞ്ഞില്ലിന്നിതേവരെ ജനിച്ചനാൾ മുതലൊട്ടും
മുറിക്കുള്ളിളനന്തമാം മുറിയുണ്ടെന്നൊരിക്കലും.

വിരിപ്പിട്ടു മറച്ചിട്ടും ജനൽ തന്ന വെളിച്ചത്തിൽ
അടുക്കായിട്ടിരിക്കുന്നു തടിച്ചപുസ്തകക്കൂട്ടം. 
ചരിത്ര പുസ്തകം നോക്കി ഇരട്ടവാലിളക്കുന്നു,
പെരുത്ത മസ്തകം നീട്ടിപ്പുഴുവെന്തോ തിരയുന്നു.
അടച്ചിട്ടും പഴുതിലൂടരിച്ചെത്തി വിളിക്കുന്നു,
പുറത്തു ചെമ്പകം പൂത്ത കഥചൊല്ലി മണിത്തെന്നൽ.
കനത്ത ഭിത്തികൾ താണ്ടി മരം കൊത്തി മുഴക്കുന്ന
മരിച്ചുചൊല്ലലിൻ മൊഴി അകത്തുവന്നലയുന്നു.
അതുകേട്ടോരുറുമ്പുകൾ തലതല്ലിച്ചിരിക്കുന്നു,
വലകെട്ടി പണക്കാരൻ ചിലന്തി വെഞ്ചരിക്കുന്നു.
പഡുത്വമുള്ളൊരു പല്ലി വിളക്കേന്തിത്തിരയുന്നൂ
ഇരുട്ടില്ലെന്നിടയ്ക്കിടെ സമൃദ്ധമായുരയ്ക്കുന്നു.
ഉടഞ്ഞ നാഴികമണി തിരക്കിട്ടു തിരിയുന്നു
പിടഞ്ഞ ഗൗളിവാലൊന്നു സമയത്തെ ചതിക്കുന്നു.
പതുത്ത മെത്തയിൽ 'ടോമി' മിഴിപൂട്ടിയുറങ്ങുന്നു
പുതിയ 'ടീവി'യിൽ വന്നു  'ജെറി' പൊട്ടിച്ചിരിക്കുന്നു.
ഒഴിഞ്ഞോരു ചഷകത്തിൻ കരയിൽ വന്നിറങ്ങുന്നു,
മിഴിപൂട്ടിക്കൊതിയൂറി മണിയൻ കാത്തിരിക്കുന്നു.
ഒരു കൊച്ചു വിമാനം വന്നിറങ്ങുന്നു കണങ്കാലിൽ  
നിറം കുത്തിക്കുടിക്കുവാൻ പതം നോക്കിത്തിരയുന്നു.
അലാറം കേട്ടുണർന്ന 'ടോം' പകച്ചു പന്തലിക്കുന്നു,
അടഞ്ഞ താളുകൾക്കുള്ളിൽ പുഴു ചതഞ്ഞരയുന്നു. 

പൊറുക്കാത്തൊരപരാധം ഒളിപ്പിക്കാനിടം തേടി
മുറിക്കുള്ളിൽ മുറിക്കുള്ളിൽ മുറിക്കുള്ളിൽ തിരഞ്ഞിട്ടും
മുറിപ്പെട്ടവികാരങ്ങളൊളിപ്പിക്കാനിടമില്ല
മുറിക്കുള്ളിൽ മുറിയുണ്ട് അതിന്നുള്ളിൽ മുറിയുണ്ട്!

------------

04.042021