Wednesday 27 September 2017

പതിനൊന്ന് എത്തുന്ന വഴികൾ


ബീഡി തെറുപ്പുകാരൻ എന്തു ചെയ്യണമെന്നു നിങ്ങൾ പറഞ്ഞില്ല
കൃഷിക്കാരനും, മത്സ്യത്തൊഴിലാളിയും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
നഴ്‌സും, ഗുമസ്തനും, എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ നർത്തകൻ മാത്രം!

മരം വെട്ടുകാരൻ എന്തു ചെയ്യണമെന്നു  നിങ്ങൾ പറഞ്ഞില്ല
തയ്യൽക്കാരനും, പാറാവുകാരനും  എന്തു ചെയ്യണമെന്നു പറഞ്ഞില്ല
മരപ്പണിക്കാരനും, ചുമട്ടുകാരനും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ ചിത്രകാരൻ മാത്രം!

നെറ്റി നിങ്ങൾ ചുളിക്കാതിരിക്കു
അതു പതിനൊന്നു മീശക്കാരനെ ഓർമ്മിപ്പിക്കുന്നു.
ശാസ്ത്രജ്ഞരോട് ആയുധമുണ്ടാക്കാൻ ആജ്ഞാപിച്ച അതേ ധാർഷ്ട്യം.
ഞാനെന്തു വേണമെന്ന് ആജ്ഞാപിക്കാതിരിക്കൂ.
അതെന്നെ  ഭയപ്പെടുത്തുന്നു.

നിങ്ങളിലെ 'പതിനൊന്നു' മീശക്കാരനെ അത് ഓർമ്മിപ്പിക്കു 
-----------
27.09.2017

രജത കുംഭം

ഉരുകിത്തിളച്ചൊരാ സൗരയൂഥത്തില-
ന്നൊരു മഴത്തുള്ളി അടർന്നുവീണു,
പരിണാമ സാഗരത്തിരകളിൽ ആദ്യത്തെ
അനവദ്യബിന്ദുവായ് ഞാനുണർന്നു.
ധ്രുവദീപ്തി ചിന്തി, നിലാവിൻ മിഴിക്കോണിൽ
മൃദുതുഷാരാശ്രു തുളുമ്പിനിന്നു,
നിഴലും, നിലാവും കളിത്തൊട്ടിലാട്ടി ഈ
ബഹുകോശ വിസ്മയപ്പൂവിടര്‍ന്നു.

വനഭംഗി മൊത്തിക്കുടിച്ച വാർകൂന്തലി-
ന്നഴകെഴും ശൈലതടാകത്തിലെ
ജലദർപ്പണത്തിൽനിന്നാരോ വിരൽനീട്ടി
അരുമയായ് 'ആരെ'ന്ന ചോദ്യമെയ്തു.
പുഴയോടു കടലിനോടടവിയോടനിലനോ-
ടുഡുപരാഗാവൃത നഭസ്സിനോടും
അറിയുവാനായി തിരഞ്ഞിടത്തൊക്കെയും
ഒരുപാടുചോദ്യങ്ങൾ പൊന്തിവന്നു.
ഗിരിഗഹ്വരാന്ധകാരത്തിൽ പ്രതിധ്വനി-
ച്ചതു പടർന്നഗ്നിയായ് മാറീടവെ
അറിയാത്തതൊക്കെയും ഞാനൊരുവാക്കിന്റെ
രജതകുംഭത്തിൽ ഒളിച്ചുവച്ചു.

അറിയാത്തതിന്നെത്ര രൂപങ്ങൾ, ഭാവങ്ങൾ
കഥകൾ നൂറാരൊക്കെ നെയ്തെടുത്തു!
അറിയാത്തതിന്റെ അൾത്താരയിൽ എത്രയോ
ചുടുനിണമർപ്പിച്ചൊതുങ്ങിനിന്നു.
അറിയാത്തതിന്നവകാശികൾ ഭൂമിയെ
അരിയായി മെല്ലെപ്പകുത്തെടുക്കെ,
തിരിയൊന്നു കത്തിച്ചുവച്ചതിൻ വെട്ടത്തി-
ലിരുൾ പകുത്തേറെക്കടന്നുപോയി.
കനലും, നിലാവും, വിടർന്ന മന്ദാരത്തി-
നഴകും, ഋതുക്കളും, കല്ലോലവും,
അറിയവേ തിരിതീർത്ത നിഴൽകദംബം
രജതകുംഭത്തിലണഞ്ഞിടുന്നു.

ബഹിരംബരാരുണ ഗോളങ്ങളിൽ, ആദി
കണികകൾ വീണൊരീറ്റില്ലങ്ങളിൽ,
പ്രഭവപ്രസൂതിതൻ പേറ്റുനോവിൻ മുഗ്ദ്ധ
പ്രാണവാരവാഘോഷ തീരങ്ങളിൽ,
അലയുന്നു ഞാനെൻനിഴലുമായീ നവ്യ
വഴികളിലെന്നും തിരഞ്ഞിടുമ്പോൾ
വളവുകൾക്കപ്പുറം "അറിയാത്ത" തെന്നെന്റെ
നിഴലെന്റെ കാതിൽമൊഴിഞ്ഞിടുന്നു.

വനവാപി വറ്റിവരണ്ടു മന്വന്തര-
ച്ചെറുചില്ല എത്രയോ പൂവണിഞ്ഞു.
അറിയുവാനായില്ല തീർത്ഥനിഴൽ ചൂണ്ടി
അരുളിയതിന്നും തിരഞ്ഞിടുന്നു.
ഒഴിയവെതന്നെ നിറഞ്ഞിടും കുംഭത്തി-
ലിഴചുറ്റി ചൂതദലം നിറയ്‌ക്കേ
ഇടിമിന്നലേറ്റു ഭൂ കോരിത്തരിക്കുന്നു
ഇരുളിൽ ഞാനെന്നെ തിരഞ്ഞിടുന്നു.

------------
26.08.2017

Tuesday 12 September 2017

ഒരു സ്വാതന്ത്ര്യ വിചാരം


അതിരുകളില്ലാത്ത രാജ്യങ്ങളും തുറുങ്കുകൾ ഇല്ലാത്ത ഭരണകൂടങ്ങളും
എന്റെ സ്വപ്നങ്ങളിൽ നിന്നും മാഞ്ഞു പോകുന്നത് എന്നാണോ;
കടലും പുഴകളും പർവ്വതങ്ങളും
മനുഷ്യന്റെ അതിരുകൾ അല്ലാതാകുന്ന കാലം ഏതാണോ;
മതങ്ങളും ഇസങ്ങളും ഉയർത്തിയ മസ്തിഷ്ക്ക വേലികൾ
പൊളിഞ്ഞു വീഴുന്ന പ്രഭാതം എന്നാണോ;
കീഴാളനും, അടിമയും
വെറും പദങ്ങൾ മാത്രമായി അവശേഷിക്കുന്നതെന്നാണോ;
ലിംഗം ഒരവയവം മാത്രമായി കാണപ്പെടുന്നത് എന്നാണോ;
അന്നു മാത്രമാണ് സ്വാതന്ത്ര്യം എന്നെ തേടി എത്തുന്നത്.
ഹോ! സ്വാന്തന്ത്ര്യം തീന്മേശയിൽ എത്തിയ പന്നിക്കും അവകാശപ്പെട്ടതായിരുന്നു...

---------------------------
15.08.2017

ഒരു കബീർ ഗീതം


സാന്ധ്യ നിഴലുകൾ സാന്ദ്രമാകുന്നു. 
ഒപ്പം സ്നേഹത്തിന്റെ ഇരുൾ ഉടലിനെയും മനസ്സിനെയും പൊതിയുന്നു.
ജാലകം പടിഞ്ഞാറേക്കു തുറക്കൂ, പിന്നെ സ്നേഹത്തിന്റെ വിഹായസ്സിൽ ഇല്ലാതാകൂ;
ഹൃദയ പത്മത്തിൽ കിനിയുന്ന മധു നുകരൂ
തിരകളെ നിന്റെ ഉടലിലേക്കു ഉൾക്കൊള്ളു: കടലോരം എത്ര മഹത്തരമാണ്!
കേട്ടാലും! ശംഖൊലികളും കിണ്വനങ്ങളും ഉയരുന്നു.
കബീർ പറയുന്നു:
"സഹോദരാ, ശ്രദ്ധിക്കു! തമ്പുരാൻ എന്റെ ശരീരമാകുന്ന മൺ കുടത്തിൽ കുടികൊള്ളുന്നു.

The shadows of evening fall thick and deep, and the darkness of
love envelops the body and the mind.
Open the window to the west, and be lost in the sky of love;
Drink the sweet honey that steeps the petals of the lotus of the heart.
Receive the waves in your body: what splendour is in the region of the sea!
Hark! the sounds of conches and bells are rising.
Kabîr says: "O brother, behold! the Lord is in this vessel of my body."

(ഞായറാഴ്ച (20.08.2017) പോളി വർഗീസിന്റെ മോഹന വീണ performance ഉണ്ട്. അതുമായി ബന്ധപെട്ടുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും ദാർശനികനും ആയ കബീറിന്റെ കവിതകൾ കുറെ വായിച്ചു. അതിലൊരെണ്ണം ഭാഷാന്തരം ചെയ്യാൻ തുനിഞ്ഞു. കബീർ എഴുതിയിരുന്നത് സാധാരണക്കാരുടെ ഹിന്ദിയിൽ ആയിരുന്നു. മുച്ചേ ഹിന്ദി നഹിം മാലും. അതുകൊണ്ടു ആശ്രയിച്ചത് ഇംഗ്ലീഷ് പരിഭാഷയെ ആണ്. അതുകണ്ടു തന്നെ പരിഭാഷയുടെ പരിഭാഷ ആയ എന്റെ വികൃതിയിൽ മഹാനായ കബീർ ഉദ്ദേശിച്ചതിന്റെ എത്ര ശതമാനം ഉണ്ട് എന്ന് നിശ്ചയമില്ല. പോരാ എങ്കിൽ Receive the waves in your body: what splendour is in the region of the sea! എന്ന ഭാഗം ഏതു ആശയത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് ശരിക്കും പിടികിട്ടിയിട്ടില്ല. അറിയാവുന്നവർ പറഞ്ഞു തരിക. ഇങ്ങനെ ഒക്കെ അല്ലെ നമ്മൾ പഠിക്കുന്നത്!)

കബീർ ധാരാളം ഈരടികൾ രചിച്ചിട്ടുണ്ട്. അതിലൊരെണ്ണം.

जैसे तिल में तेल है, ज्यों चकमक में आग
तेरा साईं तुझ में है, तू जाग सके तो जाग

"Jaise Til Mein Tel Hai, Jyon Chakmak Mein Aag
Tera Sayeen Tujh Mein Hai, Tu Jaag Sake To Jaag"

എള്ളിലെ സ്നിഗ്ദ്ധം പോലെ, തീക്കല്ലിലെ അഗ്നിപോലെ
നിന്നുള്ളിലിരിപ്പൂ നീ തേടുന്ന തമ്പുരാൻ.
----------------------
16.08.2017

ഓർക്കുന്നു നിരന്തരം


(പി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത പരിചയപ്പെട്ട ശേഷം ഇതു വായിക്കുക . Search in youtube)

ഓർക്കുന്നു ഞാനോ തീർത്ഥ യാത്രയാമിജ്‌ജീവിത
യാത്രയിലുടനീളം, എത്രയോ മധുരമായ്.
പണ്ടത്തെ കളിത്തോഴൻ കവിളിൽ പകർന്നോരാ 
ചെണ്ടലർ സൗരഭ്യത്തിന്നോളങ്ങൾ പരക്കുന്നു. 
ആദ്യ ചുംബനത്തിന്റെ മധുരം മറവിക്ക- 
ഭേദ്യമാണെന്നെങ്കിലും മറക്കാൻ കഴിയുമോ?

പണ്ടിരു പൂമ്പാറ്റകൾ ഇളകിക്കളിച്ചൊരാ
ചെമ്പകച്ചെറുമരച്ചോട്ടിലെ കളിവീട്ടിൽ 
വാക പൂത്തുലഞ്ഞൊരാ പാതയോരത്തിൽ, സർഗ്ഗ 
പാദുകമണിഞ്ഞെത്തും ഭൃംഗങ്ങൾ ലസിക്കുന്ന 
വാസന്ത വനികളിൽ, ശാദ്വല തീരങ്ങളിൽ,
വാസരക്കിനാവുകൾ പങ്കിട്ട മധ്യാഹ്നത്തിൽ…
യാത്ര പോകാറുണ്ടു ഞാൻ, മാനസ രഥമേറി  
മാത്രയിൽ, സ്മരണതൻ മാധവമണയുമ്പോൾ. 

എന്തു നീ നീട്ടീല, വിടർത്തിയ കരങ്ങളീ
ബന്ധുര വനജ്യോത്സ്ന പടരാൻ കൊതിച്ചപ്പോൾ?
എന്തു നീ ക്ഷണിച്ചീല നീഡത്തിനിളം ചൂടിൽ
സ്വന്തമാക്കുവാൻ മാത്രം എത്രമേൽ കൊതിച്ചപ്പോൾ?
എന്തു നീ പറഞ്ഞീല ഹൃത്തിലെ വികാരങ്ങൾ  
സന്തതം കേൾക്കാൻ മാത്രം  കാതുകൾ കൊതിച്ചപ്പോൾ?
എന്തു നീ നിസ്സംഗനായ് കേവല നിരാലംബ
സന്താപ ഭരിതമായെന്നകം പിടഞ്ഞപ്പോൾ?
… എങ്കിലും മറക്കാനാവില്ല നീ വരച്ചിട്ട 
തങ്ക രേഖകളുള്ളിൽ മായാതെ കിടക്കുമ്പോൾ.
… എങ്കിലും മറക്കുവാനാകില്ല നീ മീട്ടിയ 
സുന്ദര രാഗങ്ങളീ മേനിയിലൊഴുകുമ്പോൾ.

യാത്രയാക്കി, പണ്ടിരു വാക്കുകൾ മണിക്കാറ്റിൻ
ഗാത്രത്തിലുഴിഞ്ഞു നീ, "ഓർക്കുക വല്ലപ്പോഴും".

ഓർമ്മകൾ - ഗതകാല മൗക്തികമണിയാതെ
പൂർണ്ണമാകുമോ എന്നും കാലത്തിൻ കളേബരം?
ഓർമ്മതൻ സൗഗന്ധിക സൂനങ്ങൾ വിടരാത്ത 
വാടികൾ വെറു മൊരു  വന്ധ്യമാം മണൽപ്പുറം.

മുറ്റത്തു കുസൃതിക്കുരുന്നുകൾ കളിക്കുന്നു
മറ്റൊരു മാകന്ദമിച്ചാരത്തു മരുവുന്നു.
അന്നു നീ മറന്നൊരാ മല്ലിക ലർവാടി
ഇന്നിതാ പുഷ്പിച്ചാകെ സൗരഭം പരത്തുന്നു.
ഭാസുര സമൃദ്ധമിജ്ജീവിത മെന്നാകിലും
ഭാരങ്ങളിറക്കുവാൻ അത്താണി ഉണ്ടെന്നാലും,
വേർപ്പു തുള്ളി പോലുള്ളിൽ പൊടിയും സ്മരണകൾ
വീർപ്പു മുട്ടലിന്നുഷ്ണ ധാരകളുതിർക്കുന്നു.

യാമങ്ങൾ  തിഥികളായ് വർഷങ്ങളായെങ്കിലും
ജീവിതം സമാന്തര രേഖകളായെന്നാലും 
താവക മിഴി ക്കോണിൽ തുളുമ്പും തീർഥത്തിന്റെ  
സ്നാനഘട്ടത്തിലീറൻ മാറുവാൻ കൊതിപ്പൂ ഞാൻ.

വാക്കുകൾക്കതീതമീ മൗനത്തിൻ മണിയറ
ഓർക്കുവാൻ കരുതിയ  പിഞ്ഛികാഗ്രത്താൽ ധന്യം. 
യാത്രയിൽ  കരുതിയ പാഥേയം സ്മരണകൾ, 
പാത്രത്തിൽ മറ്റൊന്നില്ല, ശൂന്യമീ മനോമയം.

 

മാത്രകൾ ഋതുക്കളായ് മുന്നോട്ടു കുതിക്കുമ്പോൾ  
രാത്രികൾ മന്ത്രിക്കുന്നു "ഓർക്കുക വല്ലപ്പോഴും".

ഓർക്കുവാൻ കഴിയാതിരിക്കുവാൻ കഴിയില്ല
കാറ്റു വന്നുണർത്തുന്നു,  ഓർക്കുന്നു നിരന്തരം.
----------------
20.08.2017

ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ


എത്ര പാതകൾ താണ്ടീടണം
മർത്ത്യനെന്നൊരുനാളിൽ വിളിക്കപ്പെടാൻ മാത്രം?
എത്ര സാഗരം മുറിക്കേണം
ശുഭ്രാകുലകപോതം മൺതട്ടിലുറങ്ങീടാൻ?
എത്ര ആഗ്നേയമുതിർക്കേണം
നിത്യമായ് പീരങ്കികൾ ശക്തമായ് നിരോധിക്കാൻ?
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ - പ്രിയനേ
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ

എത്രനാളുണ്ടാവണം ശൈലം
സപ്തസാഗരത്തിലേക്കൊഴുകി ഇല്ലാതാവാൻ?
എത്രനാൾ ജീവിക്കേണം മർത്ത്യൻ
കെട്ടഴിഞ്ഞസ്വാതന്ത്ര്യമുക്തനായ് തീരാൻ മാത്രം?
എത്രയോവട്ടം തിരിയേണം 
ഒട്ടുമേ കണ്ടില്ലെന്നു നടിച്ചു മുന്നേറുവാൻ?
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ - പ്രിയനേ
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ

എത്രയോവട്ടം നോക്കീടണം
നിസ്തുല വിഹായസ്സു നിറയെക്കണ്ടീടുവാൻ?
എത്രകാതുകളുണ്ടാവണം
മർത്ത്യനൊമ്പരത്തിന്റെ മാറ്റൊലി കേട്ടീടുവാൻ?
എത്രപേർ മരിക്കേണം മർത്ത്യാ
ഒത്തിരി മരിച്ചെന്നു മനസ്സിൽ തറയ്ക്കുവാൻ?
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ - പ്രിയനേ
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ


2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനിതനായ ബോബ് ദിലൻ 1962 ൽ രചിച്ച പ്രതിഷേധ ഗാനം.

How many roads must a man walk down
Before you call him a man?
Yes, 'n' how many seas must a white dove sail
Before she sleeps in the sand?
Yes, 'n' how many times must the cannonballs fly
Before they're forever banned?
The answer, my friend, is blowin' in the wind
The answer is blowin' in the wind

Yes, 'n' how many years can a mountain exist
Before it's washed to the sea
Yes, 'n' how many years can some people exist
Before they're allowed to be free
Yes, 'n' how many times can a man turn his head
And pretend that he just doesn't see
The answer, my friend, is blowin' in the wind
The answer is blowin' in the wind

Yes, 'n' how many times must a man look up
Before he can see the sky
Yes, 'n' how many ears must one man have
Before he can hear people cry
Yes, 'n' how many deaths will it take till he knows
That too many people have died
The answer, my friend, is blowin' in the wind
The answer is blowin' in the wind

BLOWIN' IN THE WIND (Bob Dylan) 1962
Copyright 1962 by Warner Bros. Inc. Renewed 1990 by Special Rider Music
------------------
12.09.2017

Monday 11 September 2017

പൂർണ്ണേന്ദുവും ഒഴിഞ്ഞ കരങ്ങളും


നിറഞ്ഞ ചന്ദ്രബിംബവും
ഒഴിഞ്ഞ മൽക്കരങ്ങളും
നമുക്കു പങ്കിടാൻ വിധു
അയത്നമെങ്ങു പോയി നീ?
ഇദം വിശിഷ്ട രാവുകൾ
ഒരോർമ്മ നെയ്ത രാത്രികൾ
വരിഷ്ട ചുംബനങ്ങളിൽ
കിനാവു കാണ്മു രണ്ടുപേർ
നിറഞ്ഞ ചന്ദ്രബിംബവും
ഒഴിഞ്ഞ മൽക്കരങ്ങളും
നിശീഥ മാന്ത്രികേന്ദുവേ
അനുഗ്രഹിക്ക കാമിതം
വരുന്ന പൗർണ്ണമിക്കു മൽ
സുമോഹവല്ലി പൂക്കുകിൽ
ഒഴിഞ്ഞൊരെൻ കരങ്ങളിൽ
നിറഞ്ഞു നീ തുളുമ്പിടും.

1945 ൽ Buddy Kaye ഉം Ted Mossman ഉം ചേർന്നെഴുതിയ ഗാനം. 2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബോബ് ദിലൻ (Bob Dylan ) 2015 ൽ 'Shadows in the Night' എന്ന ആൽബത്തിനു വേണ്ടി ഈ ഗാനം റിക്കാഡ് ചെയ്തു.

Full moon and empty arms
The moon is there for us to share
But where are you?

A night like this could weave a memory
And every kiss could start a dream for two

Full moon and empty arms
Tonight, I'll use the magic moon
To wish upon

And next full moon
If my one wish comes true
My empty arms will be filled with you
----------------
11.09.2017