Tuesday 16 April 2024

ജലസ്മരണകൾ


ജലമൊഴിഞ്ഞേറെയും വറ്റി വരണ്ടൊരീ
പുഴയുടെ ഓരത്തു കാട്ടുചകോരങ്ങൾ
ഇണതേടിയെത്തുന്നു, രക്താഭിസാന്ദ്രമാം
നയനസൂപങ്ങളിൽ കാമം തുളുമ്പുന്നു.

സജല, സചഞ്ചല താരുണ്യ ഭംഗിയാ-
ളൊഴുകിയുണർത്തിയ മന്വന്തരങ്ങളിൽ 
ഖനിയിലൊളിപ്പിച്ച  കാമ്യമുഹൂർത്തങ്ങൾ    
വിമല വൈഡൂര്യസ്‌മൃതികളായ് മാറിയോ? 

ജലമുകുളങ്ങളിൽ ഇന്ദ്രനീലദ്യുതി
ചപലസൗന്ദര്യം നിറച്ചപകലുകൾ,

കനവിൻചിരാതുകൾ കത്തും മിഴികളിൽ
കരിനീല കാന്തമെഴുതിയ രാവുകൾ,  

വിരഹ വിവശയായ് കുഞ്ഞിളം തെന്നലിൽ
പ്രണയാഭിലാഷം കുറിച്ചിട്ട നാളുകൾ,

തിര ലാസ്യമാടി, തീരത്തിൻ നിഗൂഢമാം
മറുകിലൊരിക്കിളിപ്പൂ വിരിയിച്ചനാൾ,

നഖമുനപ്പാടിൻ വസന്തങ്ങളിൽ നേർത്ത
മധുരോപഹാരമായ് മോഹം കിനിഞ്ഞനാൾ,

പെരുമഴയെത്തിത്തുടിച്ചു മദിച്ചൊരീ
കരകളെ നക്കിത്തുടച്ചു രമിച്ചനാൾ,

മറുകരയൊന്നിച്ചു നീന്തിപ്പുലർച്ചതൻ
മണലിൽ തളർന്നു മയങ്ങിക്കിടന്നനാൾ,

സജലസമൃദ്ധമിക്കാട്ടുതേനോർമ്മകൾ
മധുരം നിറയ്ക്കുന്നു പാനപാത്രങ്ങളിൽ! 


തിര പോറലേല്പിച്ചുപേക്ഷിച്ചൊരായിരം
മുറിവുകൾ മണ്ണിൻ വിധുരഗീതങ്ങളായ്
പടരുന്നതിൻ മന്ദ്ര നാദോപധാരകൾ
മതിയുണർന്നീടുവാൻ നിന്നിലുണരുവാൻ.

ഒരു ചുംബനത്തിന്റെ ചാലകത്തിൽക്കൂടി
ഒഴുകിയെത്തുന്നോരീ വിദ്യുത് പ്രവാഹത്തിൽ
സുകൃതമിക്കാരിരുമ്പിന്ദ്രജാലം പോലെ
പുതുകാന്തവീചി ചുരത്തുന്നു ചുറ്റിലും!

നിറയുന്നു ശുഷ്കമീ ശാഖോപശാഖയിൽ
കുളിരുള്ള താപപുഷ്പങ്ങൾ, സഹസ്രങ്ങൾ.

കരതലത്തിൽ നീ മയങ്ങുന്നു പുഞ്ചിരി-
ക്കുമിളകളെന്നെപ്പൊതിയുന്നു നിർദ്ദയം. 

------------

26.08.2021



Monday 19 February 2024

കനറി വാർഫിലെ തല


കെട്ടിയുയർത്തിയ ചില്ലു കൊട്ടാരങ്ങൾ
ചുറ്റിലും കോട്ടകൾ തീർത്തൊരു ചത്വര-
മദ്ധ്യേ ഉയർന്ന പീഢത്തിൽ നീ കണ്ടുവോ
വെട്ടി മുറിച്ചിട്ട മാതിരിയിത്തല?

പണ്ടു പായ്ക്കപ്പലും, ആവിയാനങ്ങളും 
കൊണ്ടു മുഖരിതമായിരുന്നീത്തുറ.
പണ്ടകശാലകൾ പട്ടും, പവിഴവും 
കൊണ്ടു നിറച്ചു മദിച്ച നൂറ്റാണ്ടുകൾ
കൈയിൽ കടിഞ്ഞാൺ പിടിച്ചു നിയന്ത്രിച്ചു 
കൈതവകണ്മഷ വാണിജ്യ വാജിയെ.
പിന്നെ പാതാറിന്റെ അസ്ഥിവാരത്തിൽ നി-
ന്നെന്നോ ഉയർന്നതാണീ  സുരമണ്ഡലം. 

ബന്ധുര ഭൂഗർഭ "മാളുകൾ", ജിമ്മുകൾ,
മുന്തിയ ഭോജനശാലകൾ, ബാറുകൾ,
സന്താപമില്ലാതെയാക്കുന്ന സത്രങ്ങൾ,
അന്തപ്പുരം പോലൊഴുകുന്ന  കാറുകൾ.

ലോക വണിക്കുകൾ വന്നു ചേക്കേറുന്ന 
മായിക മാസ്മര മണ്ഡലമെങ്കിലും
വെട്ടിയിടുന്ന ശിരസ്സുകൾ കൊണ്ടഭി-
ശപ്തമീ ലോക വാണിജ്യ യുദ്ധക്കളം.

ഭദ്രാസനങ്ങളിൽ പുഷ്പാഭിഷിക്തനായ്
നിത്യമിരുത്തില്ലൊരുവനെയും ദൃഢാ.

കൊണ്ടും കൊടുത്തും ചുരികാധരങ്ങൾക്കു
ചെഞ്ചോരയേകി തരംപോലെ മുങ്ങിയും,
സ്വന്തം നൃപേന്ദ്രനെ ഒറ്റി, നിലം പറ്റി
ബന്ധുവായ് ശത്രുപക്ഷത്തിൽ ചേക്കേറിയും,

കപ്പം കൊടുക്കാതിരിക്കാൻ ഗുമസ്തരെ
നിത്യമിരുത്തിയും, കുത്തിത്തിരിപ്പുകൾ
നിത്യം നടത്തി, അന്താരാഷ്ട്രയുദ്ധങ്ങൾ
മൊത്തമായ് പ്രായോജനം ചെയ്തു കൂടിയും,
എത്ര കഷ്ടപെട്ടു നേടിയതായിരു-
ന്നെത്ര മനോഹരമായ സിംഹാസനം!

"എത്ര ലാഭം?" എന്ന ഖഡ്ഗം ശിരോപരി
കുത്തനെ തൂങ്ങുന്ന സിംഹാസനങ്ങളിൽ
നിത്യ കല്യാണികളക്കങ്ങളാടുന്ന
മുഗ്ദ്ധമദാലസ നൃത്തങ്ങൾ കാണവെ,
പ്രശ്നോത്തരി പോലെ  ബാലൻസുഷീറ്റിലെ
കിട്ടാക്കടത്തിൽ തെറിച്ചതാണിത്തല.

------------------

18.02.2024

(Scupture by Polish artist Igor Mitoraj at Canary Wharf, London)

Thursday 15 February 2024

മറന്നുപോയോ?

തുറന്നിട്ട ജാലകത്തിൻ വിരിപ്പിലൂടരിച്ചെത്തു-  
മുറങ്ങാത്ത മണിക്കാറ്റിന്നിലഞ്ഞിഗന്ധം 
ഉണർത്തുന്നു വികാരങ്ങൾ, നിറഞ്ഞ മാഞ്ചോട്ടിൽ വീണ 
കനികളോടൊപ്പം പോയ മധുരകാലം.

കുളിർ മഞ്ഞു പുലരിയിൽ കിളിച്ചുണ്ടൻ ചോട്ടിലെത്തി 
കലഹിച്ചു മധുരങ്ങൾ പകുത്തബാല്യം,  
വിരിഞ്ഞ കാർത്തികപ്പൂക്കൾ അടർത്തി കൈവിരൽത്താര്   
മുനയേറ്റു ചുവന്നതും മറന്നുപോയോ?

നിഴൽവീണ വിജനമാവഴിയിലന്നൊരുനാളിൽ 
കരളിലേക്കൊളിയമ്പു തൊടുത്തമോഹം
കരിമുകിൽ കാണെ പീലിനിരനീർത്തി കാമനകൾ 
ക്കുയിരു കൊളുത്തിയതും  മറന്നുപോയോ?

പ്രണയിനിക്കുടലിന്റെ പകുതി കൊടുത്ത മൂർത്തി
തനിയെയിരിക്കും കോവിൽ നടയിലെത്തി
ഇനിയില്ല, പകലോനുള്ളൊരുനാളും പിരിയില്ലെ
ന്നരുളി വേർപിരിഞ്ഞതും മറന്നുപോയോ?
--------------
24.10.2022

അഭയാർത്ഥികൾ





തലകുനിച്ചു നിൽക്കുന്നതാരീ രാജ-
ഗതിയിലജ്ഞാതരന്ധകാരം പോലെ,
നിഴലുപോലുമുപേക്ഷിച്ചു പോയവർ,
വ്രണിതമാനസരെൻ സഹചാരികൾ?


സമയ വേഗഹയത്തിൻ പുറത്തു നി-
ന്നിലകൾ പോലെയടർന്നു പതിച്ചവർ,
പതിവുതെറ്റിപ്പിറന്നവർ, ദുർഗ്രഹ
നിലകളിൽ പെട്ടുപോയ നിരാശ്രയർ.


വ്യധിത മൂകരായ് നിൽക്കുന്ന ധോമുഖ
ധരിതർ, ഉഷ്ണ നിശ്വാസങ്ങളിൽ നഷ്ട-
സുഭഗ സ്വപ്നങ്ങൾ വാറ്റിയെടുപ്പവർ,
കരുതിവയ്ക്കുവാനൊന്നുമില്ലാത്തവർ.


പിറവി കൈക്കൊണ്ട മണ്ണിൽ നിഷ്കാസിതർ
പലയിടങ്ങളിൽ ചിന്നിച്ചിതറിയോർ,
എവിടെ വാഗ്ദത്ത ഭൂമിയെന്നാരാഞ്ഞു
വഴി പകുതിയും പിന്നിട്ടു പോയവർ.


അമിതഭോഗസുഖാർത്തിയിലെൻ നീല
നയനമർദ്ധനിമീലിതമാകവേ
കരടുപോലഭിശപ്ത ദൃശ്യം തീർത്തു
തലകുനിച്ചവർ നിൽക്കുന്നു പിന്നെയും.

Friday 9 February 2024

കേരളഗാനം


മലകളെ കൈവളയണിയിച്ച പുഴകൾക്കു
പനിനീരു പകരുന്ന ജലദങ്ങളെ,
മഴവില്ലിനിഴ കൊണ്ടു നെയ്തതാരീ ഇന്ദ്ര-
പുരികളെ വെല്ലുന്ന ഹരിതതീരം?
പകരങ്ങളില്ലാത്ത ലാവണ്യമേ, ഇന്ദു-
കല ചൂടി നിൽക്കുന്ന താരുണ്യമേ,
ഇതു കേരളം ഇളയ്ക്കഭിമാനമേകുന്ന
മധുരാനുഭുതിയാം മമ മന്ദിരം. 

ഒരു കുഞ്ഞു കാറ്റിന്റെ ചിറകിൽ കളിച്ചെത്തു-
മഴകെഴും ബുദ്ധമയൂരങ്ങളെ,
മഴപോയ മേടത്തിനൊളിയിൽ കണിക്കൊന്ന
വിരിയുന്ന വാടിതൻ നവഭംഗിയിൽ,
മലമുഴക്കിക്കൊണ്ടു പാടുന്നതാരെന്റെ
ഹൃദയം കൊതിപ്പിച്ച  മധുരഗീതം.
"ഇതു കേരളം ഇളയ്ക്കഭിമാനമേകുന്ന
മധുരാനുഭുതിയാം മമ മന്ദിരം."

പശയുള്ള മണ്ണിൽനിന്നിളനീർക്കുടങ്ങളെ
വിരിയിക്കുമജ്ഞാത വിരലുകളിൽ
ഋതുസംക്രമോജ്വലമംഗുലീയം ചാർത്തി
സവിതാവു വിണ്ണിൽ ചിരിച്ചു നിൽക്കെ,
ചകിത മത്സ്യങ്ങളെ തഴുകും സരോവര
നളിനങ്ങൾ മൂളുന്നതേതു ഗാനം?
"ഇതു കേരളം ഇളയ്ക്കഭിമാനമേകുന്ന
മധുരാനുഭുതിയാം മമ മന്ദിരം."

ഹരിനീലകമ്പളം ചൂടി സഹ്യാചാല-
മെഴുതിയ സന്ദേശധാരയുമായ്
പെരിയാറു തുള്ളിക്കളിച്ചെത്തവെ നീല-
നയനങ്ങളിൽ പ്രേമദാഹവുമായ്,
കടലേറ്റു പാടുന്നൊരമരഗീതം ഏഴു
കരകളിൽ പുളകം വിരിച്ച ഗീതം;
"ഇതു കേരളം ഇളയ്ക്കഭിമാനമേകുന്ന
മധുരാനുഭുതിയാം മമ മന്ദിരം."

"ഇതു കേരളം മന്നിലിതു കേരളം ഇളയ് -
ക്കഭിമാനമേകുന്ന മണി മന്ദിരം."