കുരവകേട്ടുവോ ചക്രവാളത്തിനു-
മകലെനിന്നും? എൻ ഗ്രാമാന്തരംഗത്തിൽ
തനിയെ കാറ്റിലാടുന്നൊരൂഞ്ഞാലിന്റെ
പടി വിളിക്കുന്നു ബാല്യത്തിലെത്തുവാൻ.
അരുണനൂലുകൾ ആവണിത്തെന്നലിൽ
കസവു നെയ്യവെ, പട്ടുടുപ്പിട്ടെത്ര
ചടുലതുമ്പികൾ തുള്ളുന്നു, ചുറ്റുമെൻ
സ്മൃതിപഥത്തിലെ കൈശോരഭംഗിയിൽ.
പുഴ വിളിക്കുന്നു, പുളിനത്തിൽ വീണ്ടുമാ
പഴയ ചില്ലുകൾ വളകളായെത്തുന്നു,
പുതിയ പൂക്കളം തീർക്കുന്നു ഭൂമിയിൽ
അടരുമോരോ ദളം കൊണ്ടുപോലുമെ.
പഴയകാലത്തിനോർമ്മതൻ പത്രത്തിൽ
കറിവിളമ്പുന്നൊരോർമ്മയാണെന്നോണം.
അഴലിനെ നറും വെണ്ണിലാവാക്കുന്ന
പഴയ മാന്ത്രികച്ചൊല്ലെൻ തിരുവോണം.
ഉണരുമജ്ഞാത സൗഹൃദശാഖിയിൽ
പുലരി പൂത്താലവും കൊണ്ടു നിൽക്കുന്നു.
പകരമില്ലാത്തൊരീ മുഗ്ദ്ധഭൂമിക്കു
പറയു നീ നന്ദി ഹർഷഹൃദന്തമെ.









