Friday 31 January 2020

യൂട്യൂബിലെ ആമ




വിലങ്ങിട്ട കുറ്റവാളിയെപ്പോലെ യൂട്യൂബിലെ ആമ.
നിരപരാധി ആയതുകൊണ്ടാകാം
രക്ഷപെടാൻ ശ്രമിച്ചുപോയി.
കഴുത്തു തിരിച്ചപ്പോൾ, തല കുരുങ്ങി.
കാലുകൾ കുടഞ്ഞപ്പോൾ, കൂടുതൽ കുടുങ്ങി.
കുരുക്കിൽ നിന്നും കുരുക്കിലേക്കു പോകെ, 
ജലപാളിയിലെ നിശ്ചല ദൃശ്യം പോലെ
യൂട്യൂബിലെ ആമ.

വലയെറിഞ്ഞവരുടെ സർവ്വ പാപങ്ങളും ഏറ്റു വാങ്ങി
റഫേൽ ചിത്രം പോലെ യൂട്യൂബിലെ ആമ വിറങ്ങലിച്ചു കിടന്നു.
എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കവെ,
എല്ലാ പ്രതീക്ഷകളും അസ്തമിക്കവേ,
കാത്തിരിപ്പിനൊടുവിൽ വെളിച്ചമെത്തി.
അതിനു പിന്നിൽ ക്യാമറ.
അതിനു പിന്നിൽ കുറ്റങ്ങൾ ചെയ്യാത്ത
കരുണാമയൻ.
നീല വിശാലതയിൽ ഊളിയിട്ടുവന്ന കരുണാമയൻ
വലക്കണ്ണികൾഓരോന്നായി അറുത്തു മാറ്റി.
റഫേൽ ചിത്രം,  മെൽഗിബ്സന്റെ ചലനചിത്രമായി.
യൂട്യൂബിലെ ആമ കാലുകൾ കുടഞ്ഞു,
കഴുത്തു ചരിച്ചു,
വാലനക്കി,
ക്യാമറയിൽ നോക്കി നന്ദിയോടെ സാക്ഷ്യം പറഞ്ഞു.
പിന്നെ നീല വിശാലതയിലേക്കു
യൂട്യൂബിലെ ആമ തുഴഞ്ഞു പോയി.

(അപ്പോഴും കടൽ നിറഞ്ഞ പെരിയൊരാമ
ക്യാമറ വരുന്നതും കാത്തുകിടപ്പുണ്ടായിരുന്നു.)

----------------
30.01.2020

Friday 10 January 2020

പ്രേമവും കാമവും




മിത്തുകളൂരിക്കളഞ്ഞാശു  നഗ്നമാ-
യെത്തും നിലാവേ ധനുമാസ രാത്രിയിൽ
മുഗ്ധാനുരാഗവിവശമീ തെന്നലി-
ന്നിഷ്ടാനു ഭൂതിയിൽ നീ രമിച്ചീടുക.

മിഥ്യാഭിലാഷദളങ്ങളൊളിപ്പിച്ച
സർഗാതിരേക മധുകണങ്ങൾ തേടി-
യെത്തും മധുകര വൃന്ദമൊരുന്മാദ
നൃത്തം ചമയ്ക്കുന്നു, നീ രമിച്ചീടുക.

രാവിൻ കയങ്ങളിൽ നീന്തിത്തുടിച്ചീറ
നോലും മുടിക്കെട്ടിനാഴങ്ങളിൽ ഗന്ധ
മേതോ ഒളിപ്പിച്ചു, ചുണ്ടിൽ മദാർദ്രമി
പ്രേമം തുളുമ്പുന്നു, നീ രമിച്ചീടുക.

സ്പഷ്ടം തിരയുന്നു, ചൂഷണഹീനമാ
യിഷ്ടാത്മകാമന പൂത്തുല്ലസിക്കുന്ന
ക്ളിഷ്ട വിമുക്ത മനോഹര ഭൂമിക
എത്ര വിദൂരത്തിൽ,   നീ രമിച്ചീടുക.

നിസ്തുല നിത്യ നിതാന്തതെ, നിഷ്കാമ
മുഗ്ദ്ധ വസന്തമേ, സ്വച്ഛ  പ്രണയമേ;
നിന്നയനത്തിൽ വിടർന്നുല്ലസിക്കുന്നു
മന്ദാരസൂനങ്ങൾ, നീ രമിച്ചീടുക.