Sunday 14 June 2015

ബിംബിസാരന്റെ യാഗശാല


വിശുദ്ധ ബലിയുടെ ആവർത്തനം നനച്ചു പതം വരുത്തിയ
മദ്ധ്യതരണ്യാഴിയുടെ ചുറ്റു വട്ടങ്ങളിൽ
സ്വർഗ്ഗ വാതിലിന്റെ കടുംപൂട്ട്‌ തുറപ്പിക്കുവാൻ
ഒരു ഗുരുതി കൂടി.
നിത്യസമാധാനത്തിനു വേണ്ടി മറ്റൊന്നു കൂടി.

വംശശുദ്ധീകരണ ഖുർബാനയ്കൊടുവിൽ
ഒരുകൂന ഉടലുകൾ.
ചിരിച്ചു, രമിച്ചു, കരഞ്ഞു, വിയർത്തു, മതിവരാത്ത ഉടലുകൾ.
വിശന്നു രോഗിയായിട്ടും ഈ ഭൂമിയെ സ്നേഹിച്ച ഉടലുകൾ
കൂടൊഴിഞ്ഞു പലായനം ചെയ്തിട്ടും വസുന്ധരയെ
മുറുകെ പുൽകുന്ന ഉടലുകൾ.
അവർക്ക് ആവശ്യം പറുദീസ ആയിരുന്നില്ലല്ലോ!
ഒരുപിടി അന്നം, ഒരു തണൽ, പിന്നെ അൽപ്പം ആകാശം.
എവിടെയാണ് സോദരാ നിന്റെ ഈശ്വരൻ?
പറുദീസയുടെ കാവൽക്കാർ ഇനിയും വരാത്തതെന്തേ?

മണ്ടയിലെ തമസ്സിനെ മതമെന്നു വിളിച്ച മഹാനുഭാവാ
ഇതു ബിംബിസാരന്റെ യാഗശാല.
മത്തകളഭങ്ങൾ ഉറഞ്ഞു തുള്ളുന്ന ആകാശത്തിനു കീഴിലെ
വിശാലമായ ബലി മണ്ഡപം.
'അരുതെ'ന്ന ആമന്ത്രണവുമായി ഇവിടെ തഥാഗതൻ വരില്ല.
തമസ്സിന്റെ കോട്ടകളിലേക്കൊരു തരി വെട്ടവും കടക്കില്ല.

കാലഹരണപ്പെട്ട മാമൂലുകളുടെ ചിലന്തിവലകളിൽ
പുണ്യം തൂക്കിവില്ക്കുന്ന നരച്ചഎട്ടുകാലികൾ
ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ പൂമ്പാറ്റകളെ
കാത്തിരിക്കുന്നു.
ഗുരുതിയുടെ നിണലഹരിയിൽ
നൂൽപാലത്തിനപ്പുറത്തേക്കൊരുല്ലാസയാത്രക്കായി.

----------------
14.04.2015