Sunday, 17 November 2013

ഇന്ദ്രജാലം



അനുഭവങ്ങളെ, അഗ്നിച്ചിറകുമായ്
നിണനിലങ്ങളിൽ താണുപറക്കുന്ന
നിബിഡ നീരദപാളീകദംബമേ;
അറിയുമോ നിങ്ങളീവഴിത്താരയിൽ
പകുതി പൊള്ളിച്ചുപേക്ഷിച്ച വിത്തുകൾ
ചിറകുകൾ വിരിച്ചാകാശവും കട-
ന്നഭയശാദ്വലഭൂമിക തേടുന്നു.


കഠിന വേനലിൽ പൊള്ളിച്ചു വിണ്ണിന്റ
കനിവു പേമാരി മുക്കിക്കുളിപ്പിച്ചു,
പടഹ ഗർജനം മേഘഗീതത്തിന്റ
ശ്രുതിയിൽ താരാട്ടു പാടി ഉറക്കിയും.
കദന പാഥേയമുട്ടി വിലക്കിന്റ
മരണവക്ത്രത്തിലൂടെ നടത്തിയും,
അനുഭവങ്ങളേ നിങ്ങൾ പകർന്നിട്ട
നിമിഷമേതും വിലപ്പെട്ടതല്ലയൊ ?

മൃദുലമീ നിന്റെ തൂവലിൻ തുമ്പു കൊ-
ണ്ടരികെ വന്നൊന്നു തൊട്ടുതലോടവേ,
മധുരമാസ്മരമിന്ദ്രജാലത്തിന്റ
കതകു താനേ തുറക്കുന്നു സത്വരം.
വിജനതീരത്തെ ശാദ്വലമാക്കുന്ന,
വിഷചഷകത്തെ വീഞ്ഞാക്കി മാറ്റുന്ന,
അനുഭവങ്ങളെ ഇന്ദ്രജാലങ്ങളെ
മധുരമല്ലോ വിലപ്പെട്ടജീവിതം!

പ്രണയ സന്ധ്യകൾ ദാഹം തുളുമ്പുന്ന
മിഴികള്ളിൽ നോക്കി ദാഹമകറ്റിയും;
മദനയാമങ്ങൾ ചുരമാന്തി ഉണരുന്ന
രജനി കന്ദർപ്പലീലകളാടിയും;
വിബുധ വിഹ്വല വിപ്രലംഭത്തിന്റ
നെടിയ നിശ്വാസധാര ഉണർത്തിയും;
അരികിലെത്താൻ കൊതിച്ചാലുമെത്താത്ത
അകലഭൂമിതന്നുപ്പായി മാറിയും;
കൊടിയ വേനലിന്നഗ്നി നാളങ്ങളിൽ
മരണദാഹജലത്തിനായ്‌ കേഴവേ
ഒരു തുലാവർഷമമൃതബിന്ദുക്കളായ്
നെറുകയിൽ സ്നേഹധാര ചൊരിഞ്ഞതും;
പ്രളയവാരിധി സർവ്വം വിഴുങ്ങവേ,
പനിമതിച്ചുണ്ടനോളങ്ങൾ താണ്ടി വ-
ന്നഭയമായി നീ കാവലിരുന്നതും;
അനുഭവങ്ങളെ അഗ്നിസ്ഫുലിംഗമെ
കനിവുമായി നീ കൈക്കുമ്പിൾ നീട്ടവേ
സ്മരണകൾ നിറ വെണ്ണിലാവാകുന്നു.
പകലുമില്ലാ ഇരുളുമില്ലാത്തൊരീ
പുതിയ ഭാസത്തെ അർദ്ധനിമീലിത
മിഴികളാൽ സ്തുതിച്ചീടട്ടെ ഉൾക്കാമ്പിൽ
മധുരഹാസം പൊഴിക്കട്ടെ നിശ്ചയം.

---------------
17.11.2013