ശാരികപ്പൈതൽ ചോദിച്ചു:
"മഹത്തായ സൃഷ്ടി കർമം എങ്ങിനെ ചീത്ത വാക്കായി?"
"ജനനേന്ദ്രിയങ്ങൾ എങ്ങിനെ അസഭ്യമായി?"
തഥാഗതൻ മൊഴിഞ്ഞു:
ഞാൻ 'തിന്നതും' നീ 'ആഹരിച്ചതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'തിന്നില്ല'?
ഞാൻ 'മോന്തിയതും' നീ 'പാനം ചെയ്തതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'മോന്തിയില്ല'?
എന്റെ 'ചട്ടുകവും' നിന്റെ 'ചട്ടുകവും' എത്ര വ്യത്യസ്തങ്ങളാണ്.
എന്റെ 'ചട്ടുകം' ആലയിലുണ്ടായി.
നിന്റെ 'ചട്ടുകം' നിന്നെ പ്പോലെ ഒരു ഇരുകാലി.
എന്റെ 'ചട്ടുകം' ദോശ തിരിചിട്ടപ്പോൾ
നിന്റെ 'ചട്ടുകം' കലഹമുണ്ടാക്കി.
ഓരോ അക്ഷരവും എത്ര മനോഹരമാണ്!
കയറ്റിറക്കങ്ങൾ തീർത്തു, വർത്തുളമായ് വന്ന്,
നേരിന്റെ നേർ രേഖയിലൂടെ വിഹ്വല സൗന്ദര്യമായി
അക്ഷര സുന്ദരികൾ.
ആടിയും പാടിയും ശാരദാംബരത്തിലെ പറവകൾ പോലെ;
അവ കൂട്ടമായി പറന്നു പോകുന്നു,
മനസ്സിന്റെ വിശാല നീലിമയിൽ ചിത്രങ്ങൾ കോറിയിട്ടുകൊണ്ട്.
ബാഹ്യവും ചിലപ്പോൾ ഗൂഢവുമായ വിസ്മയങ്ങൾ തീർത്തുകൊണ്ട്.
അനവരതം അവ നൃത്തം വയ്ക്കുകയാണ്.
സംഗമങ്ങളിലെ അന്യൂന പദങ്ങൾക്കു പിന്നിൽ
ഒരു നിഴലുപോലെ അവ്യക്ത ഭാവങ്ങൾ, രൂപങ്ങൾ.
വാക്കിനു പിന്നിലെ നിഴലുകൾ.
കാല ദേശങ്ങളിൽ ഒരിക്കലും നിലയുറയ്ക്കാത്ത ആയിരമായിരം നിഴലുകൾ.