Friday, 29 July 2016

സമതലങ്ങളിലെ ശലഭങ്ങൾ




(അച്ഛനും ഗുരുവുമായ കെ.വി.സത്യവ്രതനു സമർപ്പിക്കുന്നു.)

തരളം മനോരഥമണ്ഡലമുലയ്ക്കുന്ന 
പനിനീർ പുഷ്പത്തിന്റെ താരുണ്യലഹരിയിൽ,
ചുടുനിശ്വാസത്തിന്റെ ധാരപോൽ വസന്തത്തിൻ 
നിറവും കടംവാങ്ങിയമരും ശലഭങ്ങൾ;
മറ്റൊരു വസന്തമായിളകിക്കളിച്ച ത്വൽ 
പക്ഷങ്ങൾ ഒരുവേള നിശ്ചലമാക്കി ധ്യാന -
ചിത്തനായ് ഋതുപൂജയ്ക്കെത്തുവാനെന്തേ വൈകി?

മഹിയിൽ ജീവന്റെസമസ്യയ്ക്കു പൊരുൾതേടി
അലയുന്നനന്തമാം യാത്രയിൽ ശലഭങ്ങൾ;
നിമിഷാർദ്ധങ്ങൾകീറി നെയ്തമൗനത്തിൻ നേർത്ത
പുടവയ്ക്കുള്ളിൽനിന്നും വിണ്ണിലേയ്ക്കുയരവേ
നിറഭേദങ്ങൾ, വർണ്ണസങ്കരമഴിച്ചിട്ട 
തളിർമേനിയിൽപൂത്തു ഭാസുരവസന്തങ്ങൾ.

തളിർവെറ്റില കൂട്ടി മുറുക്കിച്ചുവപ്പിച്ച 
കനിവിൻകുടന്നകൾ മഞ്ചാടിമണികളിൽ,
പുലരിക്കതിരുകൾ പച്ചിലച്ചാർത്തിൽ തട്ടി- 
ച്ചിതറിത്തരിച്ചെത്തി ചുംബിച്ചു മടങ്ങവേ;
സമതലങ്ങളിൽ നീ മോഹനപ്രതീക്ഷതൻ 
നിറവായ്‌ പറന്നെത്തു, പൂർണ്ണകുംഭങ്ങൾ തീരെ-
ത്തളരാതുറങ്ങാതെ കാത്തിരിക്കുന്നു നിന്നെ.

ലയനം, മഹാർണ്ണവ സംഗമമൊരുക്കുന്ന 
വിലയം, 'തിര' - മറിഞ്ഞുടലിന്റെ നടനം,
ഡമരുവിലുയരും വിശ്വതാളത്തിൻ മുഗ്ദ്ധ -
ചിത്തത്തിലൊരു നേർത്തപുഞ്ചിരി വിടരവേ,
അരിയപുഷ്പാംഗങ്ങൾ വീശി നീ അണഞ്ഞാലും 
തരളസൗന്ദര്യമേ, കാത്തിരിക്കുന്നു ഞങ്ങൾ.

ഗിരിശൃംഗത്തിൻ ശീതഗഹ്വരങ്ങളിൽ, ഘോര- 
തമസിന്നീറ്റില്ലമാം സാഗരഗർത്തങ്ങളിൽ,
സ്ഥിരതൻ നിമ്നോന്നത മണ്ഡലങ്ങളിൽ, സൂര്യ- 
കിരണം തിളപ്പിച്ച നിസ്തുലമണൽക്കാട്ടിൽ,
അണയാതിളകിത്തുടിക്കും ജീവനളിനം 
വിടർന്നേഴുനിറമായ് കാർമ്മുകിലെയ്‌തീടുന്നു;
പിറവിക്കു നേരമായ്, അണയൂ നവാംബുവിൻ 
ചിറകിലൊളിപ്പിച്ചൊരിന്ദ്രജാലവുമായി.

18.05.2016 

Sunday, 10 July 2016

അപരാഹ്നം


ഇഴകൾപിരിഞ്ഞു പടർന്നൊരീശാഖിതൻ
തണലിന്റെ സാന്ത്വനമേറ്റുവാങ്ങീടവേ, 
അകലത്തിലെങ്ങോ മുറിഞ്ഞഗാനത്തിന്റെ 
അവസാന നാദത്തിലോർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യകാലത്തിൻ മണിച്ചെപ്പു
പതിയെത്തുറന്നു നീ മുന്നിലെത്തീടുന്നു, 
കലഹിച്ചു തല്ലിക്കളിച്ചു നാം പിന്നെയും 
കഥയുടെ തീരത്തു കണ്ടുമുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു- 
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ 
കഥകൾ, കടംകഥ ചൊല്ലിയിട്ടും യാത്ര- 
പറയാതെ ദൂരേയ്ക്കുപോയി നീ എന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
ടൊഴുകിക്കടന്നുപോയ് കാലം നിലയ്ക്കാതെ, 
പുളിനത്തിൽ നിന്റെ കാൽപ്പാടുകൾ പതിയുവാൻ 
പുഴകാത്തിരിക്കുന്നു സായന്തനങ്ങളിൽ.

അകലത്തിലേക്കു പറന്നുപോയെങ്കിലും, 
ഒരുവാക്കുചൊല്ലാതെ നീ മറഞ്ഞെങ്കിലും, 
ഒളിമങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക- 
ത്തണയാതെ കത്തുന്നു നോവിന്റെനാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ 
നിനവുറങ്ങും കൊച്ചു മഞ്ചാടിവൃക്ഷവും, 
ഒരുപിടിയോർമ്മതൻ ചില്ലിട്ടചിത്രത്തി- 
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ 
കവിളിൽ തലോടിക്കടന്നുപോയീടുന്നു, 
അകലത്തിലെ നാദവീചിയായ് നീ ഏതു 
പഥസന്ധിയിൽ യാത്രതുടരാനൊരുങ്ങുന്നു?

---------- 16.06.2016