പോയ നൂറ്റാണ്ടിൻ ശ്മശാനത്തിൽ നിന്നുയിർ
പോകാതെ ചോര മണക്കുവാനെത്തിയോർ,
വാളോങ്ങി നിൽക്കുന്ന തത്വശാസ്ത്രങ്ങളെ
സ്നേഹിക്കുവാൻ കഴിയുന്നില്ല നിങ്ങളെ!
തീരെ നവീകരിക്കാത്തൊരാത്മാവുമായ്
പാതിരാ കഞ്ചുകം ചാർത്തി, ശോണാധരം
പാരം ചുവപ്പിച്ചു മാടി വിളിക്കുന്നു
ഈ ശതാബ്ദത്തെ ചികിൽസിച്ചു മാറ്റുവാൻ.
ആഴക്കടലിൻ കിടങ്ങിലിറങ്ങിയും,
സൂര്യ ഗോളങ്ങളിൽ 'പ്രോബ്' എയ്തു വീഴ്ത്തിയും,
കോശാന്തരത്തിലിറങ്ങി 'ഡിയെന്നയെ'
കീറി മുറിച്ചും മനുഷ്യൻ കുതിക്കവെ -
എന്തേ ശിലായുഗ ഭാണ്ഡത്തിൽ നിന്നു നീ
കണ്ടെടുത്തോരൊറ്റമൂലി വിധിക്കുന്നു?
അന്യനെ കാണെ സഹിഷ്ണുത പോകുന്നൊ-
രർണ്ണോജനേത്രന്നൊരായുധം നൽകുന്നു?
പൊട്ടാസു പൊട്ടന്നു നൽകുന്നു, ചാവേറു
പൊട്ടിത്തെറിച്ചെട്ടു ദിക്കിലെത്തീടുന്നു.
തിട്ട മില്ലാതെ കബന്ധങ്ങളാമുരുൾ
പൊട്ടി പ്രളയക്കെടുതി വിതയ്ക്കുന്നു.
സ്നേഹം വിതയ്ക്കാൻ മറന്ന മതങ്ങളെ,
സ്നേഹം പൊലിക്കാത്ത തത്വശാസ്ത്രങ്ങളെ,
ആഹുതി കൊണ്ടു കഷായമുണ്ടാക്കുന്ന
നീതി ശാസ്ത്രങ്ങളെ സ്നേഹിക്കയില്ല ഞാൻ.