അന്ത്യോദകത്തിനു മഞ്ഞുരുക്കാൻ സന്ധ്യ
ചെന്തീയെരിക്കും മഴക്കാടിനപ്പുറം
വിന്ധ്യ, സഹ്യാദ്രികൾ കീറി മുറിച്ചൊരു
ക്രന്ദനമെൻ കാതിലെത്തുന്നു ശാപമായ്.
ജന്മാന്തരങ്ങൾക്കുമപ്പുറം കാതോർത്തു
ഖിന്നൻ പ്രപൗത്രൻ വിലപിപ്പു നിസ്ത്രപം,
"എന്തെൻ മരതകക്കാടുകൾ കത്തിച്ചു
വൻ ധ്രുവപ്രാലേയശൈലമുരുക്കി നീ..."
"മണ്മറഞ്ഞേറെ ഗണങ്ങൾ, വസിക്കുവാ-
നില്ലനുയോജ്യമല്ലീയുർവ്വി ആകയാൽ.
ചേർച്ച വരുത്തുവാനാകാതെ ജന്തുക്കൾ
ചാർച്ചയുപേക്ഷിച്ചു പിന്മടങ്ങി ദ്രുതം "
"ചെന്താമരപ്പൂ വിരിഞ്ഞ സരോവര
ബന്ധുര ഗേഹം വെടിഞ്ഞു മരാളങ്ങൾ,
സിന്ദൂര സന്ധ്യകൾ പോയ് മറഞ്ഞു, ഋതു
ബന്ധമഴിഞ്ഞു, തിര കവർന്നീക്കര."
നിൽപ്പു ഞങ്ങൾ വഴിവക്കിലധോമുഖ
ദുഃഖ ഭരിതരാം ത്വൽ പ്രപിതാമഹർ
ഒക്കെയും വെട്ടി നിരത്തി, വെണ്ണീറാക്കി
വക്ഷോജമൂറ്റിക്കുടിച്ചു തെഴുത്തവർ.
ഭൂമി ഉപേക്ഷിച്ചു പോകവേ, ആവാസ
സൗരയൂഥങ്ങൾ തിരഞ്ഞലഞ്ഞീടവെ,
നിന്നന്തരാത്മാവിനാഴങ്ങളിൽ പുക
ചിന്തും വെറുപ്പായി മാറട്ടെ പൂര്‍വ്വികര്‍.
പോക നീ വത്സാ; ഉദകത്തിനിറ്റുനീർ
ശേഷിച്ചിടാത്തൊരനാവൃത്ത ഭൂമിയെ
ദൂരെ ഉപേക്ഷിച്ചു പോകെ മറക്കൊല്ല
നേരുകൾ നൽകിയ പാഠമൊരിക്കലും.
---------------------
26.08.2019