Wednesday, 19 February 2020

ഇടയിൽപ്പെട്ടവർ


തേക്കിൻപലകയിൽ തീർത്ത പിൻവാതിലിനു
സാക്ഷ ഇല്ലായിരുന്നു.
ഓടാമ്പലും ഇല്ലായിരുന്നു.
അതുവഴിയാണു ചെകുത്താൻ കടന്നു വന്നത്.
പിന്നിടങ്ങളിലെ പിടിച്ചടക്കപ്പെട്ടവർക്കു
സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.
സ്വീകരിച്ചവർ ചെകുത്താനായി.
മറ്റുള്ളവർ അപ്രത്യകഷരായി.
അടുക്കള നരകമാക്കി,
നടുത്തളത്തിൽ കാൽ വച്ചു ചെകുത്താൻ.
പൂമുഖത്തുള്ളവർ,
ഭൗതികത്തിന്റെ ഓട്ട അടയ്ക്കാൻ
ആശയവാദത്തിലെ ആപ്പുകൾ പരതുകയായിരുന്നു.

മുറ്റത്തൊരു കടൽ കാത്തു കിടന്നു.
ചരിത്രത്തിലെ ആഴക്കുഴികളിൽ നിന്നും
ജീർണ്ണ സംസ്കാരങ്ങളുടെ ശവങ്ങൾ
കുത്തിയിളക്കി, ഒരു വലിയ കടൽ.
ഘോരമകരങ്ങളും, ആവർത്തിനികളുമായി
ആർത്തലച്ചൊരു കടൽ.

ഇടയിൽപ്പെട്ടവർ,
ചെകുത്താനിൽ നിന്നും രക്ഷപ്പെടാൻ
മുൻവാതിൽ തുറന്നു കൊടുത്തു.
(ശേഷം സ്‌ക്രീനിൽ...)

-------------
19.02.2020

Saturday, 15 February 2020

ഇന്നലെയ്ക്കു ശേഷം



ഒരു കുഞ്ഞു പൂവിതൾ നൽകീല, മധുരമാ-
യൊരു വാക്കു പോലു മുരച്ചീല, സ്വപ്‌നങ്ങൾ
വിടരും മിഴികളിൽ മിഴിനട്ടു നിന്നില്ല,
പവിഴാധരത്തിൽ പകർന്നില്ല ചുംബനം.

"മധുരമത്തേൻമൊഴി"  എന്നു മൊഴിഞ്ഞില്ല,
മധുകരനായിപ്പറന്നീല ചുറ്റിനും,
ഇരവിൽ ഞാൻ ചോരനായെത്തിയില്ലെങ്കിലും
പ്രണയമാണെന്നു നീ ചൊല്ലാതെ  ചൊല്ലിയോ?

പ്രണയമാണിന്നും, കൊഴിഞ്ഞ ദിനത്തിലും, 
പ്രണയമാണിപ്പൊഴും, പൊയ്‌പ്പോയ രാവിലും,
പ്രണമാണെന്നുമീ പകലിൽ വെളിച്ചമായ്,
പ്രണയാതിരേകമീ മൺവീണയെപ്പൊഴും. 

നിറയുന്ന പ്രേമസംഗീതമിത്തന്ത്രിതൻ
നിലവിട്ടു നിന്നിലേക്കൊഴുകുന്നു രേഖയാ-
യുഴുതു മറിച്ച യവപ്പാടവും കട-
ന്നിരുളിൽ മാമ്പൂവുകൾ  വിരിയുന്ന വേളയിൽ. 

അരികിൽ നിൻ നൂപുരധ്വനി ഉണർന്നീടുന്ന
നിമിഷമതേതെന്നു കാത്തിരിക്കുന്നു ഞാൻ.
പൊടിയിലഞ്ഞിപ്പൂക്കൾ വീണു നിറഞ്ഞിടും
തൊടിയിലേകാകിയായാരെ  ഓർക്കുന്നു നീ?

ഒഴുകിപ്പരന്നു നിലാവുപോലെത്തുമീ
പ്രണയകല്ലോലത്തിൽ നീന്തി ത്തുടിച്ചു ഞാൻ
നളിനങ്ങൾ പൊട്ടിച്ചു നൽകട്ടെ, കുങ്കുമ-
ച്ചൊടികളിൽ ചുംബനപ്പൂക്കളർപ്പിക്കട്ടെ.

*ഇന്നലെ ഫെബ്രുവരി 14 ആയിരുന്നു.
----------
15.02.2020