Saturday, 30 January 2021

അകൃത്രിമം

അകൃത്രിമം


ഇല്ലാത്ത മേശമേൽ കാലുകൾ കേറ്റിവ-
ച്ചുല്ലാസവാനായിരിക്കുന്നു കൈകളിൽ
ചെല്ലാത്ത കത്തിലെ, ചൊല്ലാവചനത്തി
നുള്ളിലെ സ്നേഹം തിരയുന്നു മാനസം.

ഗ്രാവിറ്റിയില്ലാത്ത വാക്കുകൾ ഭൂമിവി-
ട്ടാകാശമാർഗ്ഗേ ചരിക്കുന്നതിൽനിന്നു
തൂമഞ്ഞമൃതകുംഭം വീണുടയുന്നു,
ആവൃതമാലിന്യജാലം മറയുന്നു.

നീയതിൽ തോണിയിറക്കുന്നമരത്തു
കാവലില്ലൂന്നുകഴയില്ല, പായില്ല,
പോകേണ്ടദിക്കറിയിക്കുമുഡുക്കളി
ല്ലാരതി കാട്ടുന്ന സൗരതേജസ്സില്ല.

വാഹിനി ചില്ലുപാത്രത്തിൽ തുളുമ്പുന്നു,
തോണിയിൽ നീ വീണുറങ്ങുന്നു, നിൻ മൃദു
വേണീതിരകളിൽ, വേലിയേറ്റങ്ങളിൽ
ഞാനലിഞ്ഞില്ലാതെയാകുന്നകൃത്രിമം. 

------------

30.01.2021

Tuesday, 12 January 2021

രിക്തസാക്ഷി


ചായം പൂശാത്ത ചുവരുകൾ 
മദ്ധ്യേ ആരെയോ കാത്തുകിടക്കുന്ന ചാരുകസേര.
അലമാരയിൽ ഉപയോഗിക്കാതെ
ഒരൂണു  പാത്രം.
പേയം നിറയാൻ കാത്തിരിക്കുന്ന
ഒരുപാനപാത്രം.
പെൻഹോൾഡറിൽ, എഴുതപ്പെടാതെ
ഒരുപേന.
മുറ്റത്തു വീണുകിടക്കുന്ന 
ഒരുമുല്ലവള്ളി.
തൊടിയിൽ ദാഹിച്ചുണങ്ങിയ
ഒരുതെങ്ങിൻതൈ. 
കുടുംബസദസ്സിലെ നിർദ്ദോഷ ഫലിതങ്ങൾക്കിടയിൽ
മൗനത്തിന്റെ ഒരു പാരഗ്രാഫ്.
ചുളിവുവീണ കൺതടങ്ങളിൽ
ഇനിയും ഉദിക്കാത്ത പകലോൻ.
മേശപ്പുറത്തെ ഫ്രെയിമിനുള്ളിൽ
രിക്തമായ നീ.

കടുവയുടെ വഴിയിൽ, നിന്നെ കെട്ടിയിട്ടതാരാണ്?

----

12.01.2021

Monday, 11 January 2021

ചരക്കുവണ്ടി കടത്തിവിടുന്നവർ


സ്നേഹിതാ എനിക്കു നിന്നെ ഭയമാണ്.
പുഞ്ചിരിക്കുന്ന വാക്കുകൾക്കപ്പുറം
നിന്നെ ഭരിക്കുന്നത്,
ചോരസാക്ഷിയാക്കി
നീ കുടിച്ചിറക്കിയ  അന്ധവിശ്വാസങ്ങളാണ്.

ആ വിശ്വാസം ആജ്ഞാപിക്കുന്നു
അന്യരെ, സുഹൃത്തുക്കളാക്കാൻ.
അയൽവാസിയെ, സഹപാഠിയെ, സഹയാത്രികനെ
നല്ല വാക്കുകൾകൊണ്ട് മോഷ്ടിക്കാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
സൗഹൃദത്തിന്റെ പാലത്തിലൂടെ
വിശ്വാസത്തിന്റെ ചരക്കുവണ്ടി കടത്തിവിടാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
ചരക്കു ചുമക്കാത്തവനെ അധമനായി വർണ്ണിക്കാൻ.
അവനെ ചതിയനായി പാടിപ്പുകഴ്ത്താൻ,
പിന്നോട്ടു നടക്കുന്ന അവന്റെ ചിത്രം
മാധ്യമഭിത്തികളിൽ വരച്ചു തൂക്കിയിടാൻ,
കവലമദ്ധ്യത്തിൽ വർഗ്ഗശത്രുവാക്കി
അവന്റെ കോലം കത്തിക്കാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
ചരക്കിറക്കാത്തവന്റെ കഴുത്തറക്കാൻ.
അനുഷ്ഠാനങ്ങൾ കഴിഞ്ഞു നീ കൈ കഴുകുമ്പോൾ
ആരാണു മൗനമന്ദഹാസം ചൊരിഞ്ഞത്?

സുഹൃത്തേ എനിക്കു നിന്നെ ഭയമാണ്.
നിന്റെ കണ്ണുകളിലൂടെ എന്നെ നോക്കുന്നത്
മറ്റാരോ ആണ്.
നിന്റെ കാതുകളിലൂടെ എന്നെ കേൾക്കുന്നത്
നിന്റെ ചുണ്ടുകളിലൂടെ എന്നിലേക്കു പുഞ്ചിരി പകരുന്നത്
നിന്റെ നാവിലൂടെ എന്റെ ക്ഷേമമന്വേഷിക്കുന്നത്
നിന്റെ മസ്തിഷ്ക്കത്തിന്റെ ഊടുവഴികളിൽ
പെരുകിയ സമഗ്രാധിപത്യത്തിന്റെ നീരാളിയാണ്.
അതു തിരിച്ചറിഞ്ഞതാണല്ലോ എന്റെയും തെറ്റ്?


സമഗ്രാധിപത്യത്തിന്റെ സ്വർഗ്ഗരാജ്യത്തിലെത്താൻ
വിധേയത്വത്തിന്റെ ഭക്തിമാർഗം സ്വീകരിച്ച സുഹൃത്തേ,
ഞാൻ നിന്റെ സ്നേഹിതനല്ലെങ്കിലും,
നീ എന്റെ സ്നേഹിതനായിപ്പോയല്ലോ!