Wednesday, 6 October 2021

മാപ്പ്


തസ്കരാ നിന്നോടു മാപ്പു ചോദിക്കുന്നു
പുഷ്കലമാം നിന്റെ ഭൂമി കവർന്നതും,
നിഷ്ടുരമായ് നിന്റെ വീടൊഴിപ്പിച്ചതും,
ചത്വരത്തിൽവച്ചു ചേലയുരിഞ്ഞതും,  
നിസ്വനെന്നോതി പകൽവെളിച്ചത്തിന്റെ
നിസ്തുല ഭംഗിയിൽ നിന്നൊഴിപ്പിച്ചതും,
അപ്പത്തിനൊത്തിരി ചുങ്കം ചുമത്തി നിൻ
മക്കളെ ക്ഷുത്തിൻ കയത്തിലെറിഞ്ഞതും,
വറ്റിയ നിന്റെ കണ്ണീർ തടാകങ്ങളിൽ
മുറ്റും വിഷം പാകി ലാഭം നുകർന്നതും,
അക്ഷരം നൽകാതരക്ഷിതനാക്കി നിൻ
പ്രജ്ഞയിൽ പോലുമിരുട്ടു നിറച്ചതും,
വിഹ്വല രാവിൻ നിഴൽ പറ്റി ജീവിത
പ്പിച്ച പെറുക്കുവാൻ വിട്ടുകൊടുത്തതും,
മറ്റാരുമായിരുന്നില്ല, മറക്കായ്ക   
പച്ചപ്പരിഷ്കാരിയായൊരീ സോദരൻ. 

-------------------

06.10.2021

Monday, 4 October 2021

ഫേസ്ബുക്കു പൂട്ടിയാലെന്തു ചെയ്യും?


ഫേസ്ബുക്കു പൂട്ടിയാലെന്തു ചെയ്യും?
ചുമ്മാതിരുന്നു കിനാവു കാണും.
പൊന്നിൻ കിനാവിലെ പൂത്തുമ്പികൾ
ചില്ലിൻ ചിറകു വിരിച്ചു പാറും.
എങ്ങോ മടിച്ചു വിരിഞ്ഞ പൂവിൽ
തിങ്ങി നിറഞ്ഞ സുഗന്ധലേപം 
മെല്ലെ ചിറകിൽ കവർന്നു തെന്നൽ
എല്ലാടവും തൂകി നൃത്തമാടും.
സ്വർണ്ണമത്സ്യങ്ങൾ തുഴഞ്ഞു പോകും
ചെമ്പനീർ പൊയ്കതൻ തീരങ്ങളിൽ
വർണ്ണദളങ്ങൾ നിവർത്തി പൂക്കൾ
കണ്ണിന്നമൃതു ചൊരിഞ്ഞു നിൽക്കും.
കോകില നിർഝരി ദൂരെയേതോ
മാകന്ദശാഖയിൽ നിന്നുതിരും. 
ചാരെ മയൂരങ്ങളാസ്വദിച്ചു 
പീലി വിടർത്തി രമിച്ചു നില്കും.
രാജഹംസങ്ങൾ വിരഹാർത്തമാം
ദൂതു വഹിച്ചു പറന്നുപോകും.
താഴെ നീലോല്പല നേത്രങ്ങളിൽ
ചൂഴും മദജലസംഭ്രമത്താൽ
ആളിമാരൊത്തു ജലകേളിക്കു
പോകുമൊരോമലാളേകയാകും.
മാനസ നീരദ പാളികളിൽ
മാരനോ വില്ലു കുലച്ചു നിൽക്കും.

ഒന്നും ചെയ്യാനില്ലേലെന്തു ചെയ്യും?
കണ്ണുകൾപൂട്ടിശ്ശരങ്ങളെയ്യും. 

-----------

04.11.2021