Wednesday, 17 August 2022

ബാപ്പു



അപഹരിക്കപ്പെട്ട നാമവും, തുളവീണു
നിണമണിഞ്ഞാകാരവും പേറി നില്പുനീ
ജനപഥം രാജപഥത്തിനെ പുണരുന്ന
ഇരുളിന്റെ കവലയിൽ  സൂര്യതേജസ്സുമായ്‌.

അവഗണിച്ചാക്ഷേപകജ്ജള മണിയിച്ചു
പൊടിപിടിച്ചണിയറയ്ക്കുള്ളിലുപേക്ഷിച്ചു
തിരികെ വരാനുള്ള വഴിയുമടച്ചിട്ടു
കരുതിയെന്നാകിലും തിരികെയെത്തുന്നു നീ.

അവസാന മർത്യന്റെ നിറനാഴിയായി നീ
മഹിത മൊക്റ്റോബറിൽ  വടിപിടിച്ചെത്തുന്നു.
ജനുവരിക്കുളിരിൽ പൊലിഞ്ഞു പോകാത്തൊരു
വഴിവിളക്കായി, ചിരന്തന സൂനമായ്.
-------------
03.12.2019




പഴയ ഉടുപ്പുകൾ



ചെറുതായിരുന്നോരനാദിയിൽ സന്ധ്യക്കു
തണുവേറെയുണ്ടായിരുന്ന നാളിൽ
തൊലിപൊളിച്ചുള്ളിൽക്കടന്നസ്ഥിയിൽ ശൈത്യ-
മുഴുതു നോവിന്റെ വിളവിറക്കി.
പെരുമാരിയിൽ, കൂർത്ത മുള്ളുകളായിരം
മുളപൊട്ടി കണ്ണുനീർപ്പാടങ്ങളിൽ.
അതുവളർന്നെത്രയോ നൊമ്പരപ്പൂവുകൾ
അകതാരിലൊക്കെ ചിനച്ചുപൊട്ടി.
പരിതപിച്ചതുവഴിയെത്തിയ തെക്കൻകാ-
റ്റവിടൊരു നാരുപേക്ഷിച്ചു പോയി.
ബലമില്ല, ഭാരമില്ലൊന്നിനും കൊള്ളാതെ
തിരപോലെ നാരു തളർന്നുവീഴെ
അതുവരെയില്ലാത്തൊരനുഭൂതിയിൽ മനം
അകതാരിലെന്തോ കുറിച്ചുവച്ചു.
നെടുകയും, കുറുകയും പായിച്ചു, നാരുകൊ-
ണ്ടനവദ്യമായൊരുടുപ്പു നെയ്തു.

കതിരവൻ സപ്തഹയങ്ങളെ പൂട്ടിയ
മരതകത്തേരിലെഴുന്നെള്ളവേ
നിറമേഴു ചാലിച്ചുഷ:സ്സന്ധ്യകൾ വിണ്ണി
ലണയാ വിളക്കുകൾ തൂക്കിയിട്ടു.

കവചമായെത്തിയ വസനത്തിനപ്പുറം
ശിശിരം മടിച്ചു പതുങ്ങി നിന്നു.
ചെറുതായിരുന്നു ഉടുപ്പെങ്കിലും ശൈത്യ
മതിനുള്ളിലെത്താതെ മാറിനിന്നു.

പഴയ കുപ്പായങ്ങൾ മാറാതെ നാമതിൽ
ലഹരിപൂണ്ടിന്നും കഴിഞ്ഞിടുന്നു.
നിറമറ്റു, പിഞ്ചിപ്പൊളിഞ്ഞിഷ്ടവസനമൃതുക്കളെ-
ത്തടയാതെ നാണം കെടുത്തിടുന്നു.
------------------

17.03.2020

Thursday, 11 August 2022

മാർജ്ജാരം




തട്ടുംപുറത്തു കയറുവാനുള്ള
കോവണിയുടെ ചുവട്ടിൽ
കറുത്ത പൂച്ച ഇല്ലായിരുന്നു.
വായനയിൽ മുഴുകിയ
അയാളുടെ കാലുകളിൽ 
വളരെ മൃദുലമായി
നനുത്ത രോമക്കുപ്പായം ഉരച്ചുകൊണ്ടു
പൂച്ച എത്തിയതുമില്ല.
വസന്തത്തിന്റെ
വരവു നോക്കിക്കൊണ്ടു
ജനൽപ്പടിയിൽ പൂച്ച ഇല്ലായിരുന്നു.
പ്രതിമപോലെ
അനങ്ങാത്ത
ശരീരത്തിനു താഴെ
ഇടയ്ക്കിടെ
അങ്ങോട്ടുമിങ്ങോട്ടും
നിബിഡമായ വാൽ ചലിപ്പിക്കുന്ന 
പൂച്ച ഇല്ലായിരുന്നു.
വിശക്കുമ്പോൾ
മന്ദ്രസ്ഥായിയിൽ 'മ്യാവു' വിളിക്കുന്ന
വെളുത്ത മീശയുള്ള
പൂച്ച ഇല്ലായിരുന്നു.
തടവുമ്പോൾ
അനുകൂലമായി നിന്നുതരുന്ന,
ലാളിച്ച വിരലുകളെ
സ്നേഹപൂർവ്വം നക്കുന്ന, 
'ടോമി' എന്നോ 'ലില്ലി' എന്നോ പേരിടാവുന്ന
പൂച്ച ഇല്ലായിരുന്നു.
ഇന്ദ്രജാലം പോലെ
അപ്രത്യക്ഷമാവുന്ന
നരച്ച നഖരങ്ങളുള്ള പൂച്ച,
തലയിണയിൽ ചുരുണ്ടു കൂടി
കിടപ്പില്ലായിരുന്നു.
അങ്ങനെ സുന്ദരിയായ ഒരു പൂച്ച
അയാളുടെ വീട്ടിൽ
ഒരിക്കലുമില്ലായിരുന്നു.
അങ്ങനെ ഒരു പൂച്ച അയാളുടെ വീട്ടിൽ നിന്നും
പുറപ്പെട്ടു പോയിരുന്നില്ല.
അതിനെ തിരഞ്ഞയാൾ
തെരുവിലൂടെ അലഞ്ഞു നടന്നില്ല.
റയിൽപാതയ്ക്കരികിലുള്ള പൊന്തക്കാട്ടിൽ
എലികളുമായി ഒളിച്ചുകളിക്കുന്ന പൂച്ചയെ
അയാൾ കണ്ടിരുന്നില്ല. 

നിങ്ങൾ കേട്ടുവോ
മന്ദ്രസ്ഥായിയിൽ ഒരു മദ്ധ്യമം?

-------

10.12.2021