മദമിളകി മദമിളകി മതയാനയെത്തുന്നു,
മതഭരിതമസ്തകമിടഞ്ഞാശു നിൽക്കുന്നു,
കദളിവനരുചിരഭുവി വിറപൂണ്ടുനിൽക്കുന്നു,
മരണഭയ വക്രത വണിക്കായി നിൽക്കുന്നു.
മതമിളകി നിൽക്കുന്നു മതയാന കൊമ്പുര-
ണ്ടഴകിലതികൗശലം നരകവും നാകവും,
ചിറയിട്ട കാമനകളണപൊട്ടിയൊഴുകുന്നു,
പറുദീസ മോദത്തൊടരമനയിലെത്തുന്നു.
നുണഹേമകുമിളകളൊളിചിന്നിടും ഫാല-
മതിനുപരിയജ്ഞാത വെങ്കലാദ്ധ്യാത്മികം,
ദുരിതമഴ തടയാത്ത ചെമ്പട്ടുഛത്രപം,
വറുതിക്കു കുളിരൊട്ടുമേകാത്ത ചാമരം.
നടകളതിശക്തമാണമരമതിദുർഗ്രഹം,
ചടുല ചലനങ്ങളാലതിവിപതി നിശ്ചയം,
തരളതരമമങ്കുശം, രോധനം ദുർബ്ബലം,
മതകളഭരോഷം കലാപം നിരന്തരം.
സുരകാമജഘനത്തിലധിവസിക്കാൻ നിന്ദ്യ-
മൊരു സ്ഫോടനത്തിലൂടമരത്വമേറുവാൻ
ജളകുമ്പളങ്ങകൾ തോരണം പോലെ നിൻ
ജലതാരയിൽ കാത്തുനിൽക്കുന്നനാരതം.
നിബിഡ ജനസഞ്ചയം പൊട്ടിത്തെറിക്കുന്നു,
പലകുറി മുറിഞ്ഞിന്ദ്രിയങ്ങൾ, തുടിപ്പറ്റ
ഹൃദയങ്ങൾ, ശ്വാസകോശങ്ങൾ, ചവിട്ടി നീ
'ഹെവനി'ലേക്കാളെക്കയറ്റുന്നു പിന്നെയും.
കരിമരുന്നെരിയും കിഴക്കിന്റെ കോലായി-
ലൊരുപറ്റമൊഴിയുന്നു, കടലുകൾ താണ്ടുന്നു.
കരയിലൊരുപാദുകം തിരയുപേക്ഷിക്കുന്നു
തരളതാരുണ്യമോഹങ്ങൾ നിലയ്ക്കുന്നു!
രുധിരമഴ തോരാതെ പെയ്യുന്നു, വാപികൾ
നിറയുന്നു, കൂപത്തിലൊരു പിണം പൊന്തുന്നു.
കരുണാകടാക്ഷം ലഭിക്കാതെ കലികയൊ-
ന്നെരിതീയിൽ വേവുന്നടഞ്ഞ ശ്രീകോവിലിൽ.
മതകളഭമാഭയിലെഴുന്നെള്ളിടുന്നു ഹാ
മനസരസിലുന്മാദനൃത്തം ചവിട്ടുന്നു,
ചെളിയിളകി മലിനതിര പുളിനം പുതയ്ക്കുന്നു,
മഹിത മത്തേഭമപി പിണ്ടം പൊഴിക്കുന്നു.