Monday, 25 December 2023

ചരിഞ്ഞ ക്രിസ്തുമസ് ട്രീ


ഒട്ടു ചരിഞ്ഞു നിൽക്കുന്നു ഹേമന്തത്തി-
ലുൾപ്പുളകം ചാർത്തി ക്രിസ്തുമസ് ട്രീ.
മുത്തുകൾ, ഹേമഗോളങ്ങൾ, നിലയ്ക്കാതെ
കത്തിയണയും പ്രഭാങ്കുരങ്ങൾ, 
ദർപ്പണങ്ങൾ, താരതോരണങ്ങൾ, മോഹ-
വിസ്മയമേകും നിറകൂട്ടുകൾ,
കൊച്ചു സമ്മാനപ്പൊതികളലുക്കുക-
ളുച്ചിയിൽ കൈകൂപ്പി മാലാഖയും.
ഒക്കെ വഹിച്ചനുരാഗിണിയെപ്പോലെ
മുഗ്ദ്ധ നതാംഗിയാം ക്രിസ്തുമസ് ട്രീ,
ചുറ്റും പുരുഷാരമാർത്തലയ്‌ക്കെ രാവി-
ലക്ഷയദീപ പ്രഭയിൽ മുങ്ങി,
ചത്വര മദ്ധ്യാങ്കണത്തിലാഹ്ളാദത്തിൻ
തല്പമൊരുക്കി ധനുക്കുളിരിൽ.

കാറ്റു ചരിച്ചില്ലജങ്ങൾ വലിച്ചതി-
ല്ലൂറ്റത്തി, ലെന്തു സുപ്പർസ്റ്റാറു പോൽ,
അല്പമിടിഞ്ഞുള്ള തോളിന്റെ ശൈലിയിൽ
വിഖ്യാതമാം പിസാ ഗോപുരം പോൽ,
എത്രയോ അങ്കുശമിട്ടു  തിരിക്കിലും
കൃത്യമായ് ലംബത്തിലാക്കുകിലും
കഷ്ടമിതൊട്ടു ചരിയുന്നു പിന്നെയും
കുട്ടിക്കുറുമ്പുള്ളൊരാനെയെപ്പോൽ.

എത്തിയോരാരോ പറഞ്ഞു "മരം വാമ-
പക്ഷത്തിലേക്കു ചേക്കേറി".
പക്ഷെ, തിരുത്തി "വലത്തിലേക്കാണതു
നിശ്ചയ"മെന്നതിലാരോ.
"ഒട്ടു പഴഞ്ചനാണീമരം പിന്നിലേ
ക്കല്പം ചരിഞ്ഞ"തെന്നാരോ,
ക്ഷിപ്രം തിരുത്തി "പുരോഗമനത്തിന്റെ
സൽതരു മുന്നിലേക്കത്രെ!"
ചുറ്റുമണഞ്ഞവർ വീശും നിഗമന-
പക്ഷങ്ങളിൽ കുളിർ കോരി,
പൊട്ടിച്ചിരിച്ച തെക്കൻകാറ്റു ചൊല്ലിയോ,
"കഷ്ടം കഥയെത്ര ശുഷ്‌കം!"

ചൈത്ര സുരാംഗന പോലെ വിശുദ്ധിതൻ
കൊച്ചു പത്രങ്ങളൊതുക്കി
നിൽക്കുന്ന പാദപച്ചോട്ടിൽ  ചിരിച്ചാർത്തു
കുട്ടികളോടിക്കളിക്കെ, 
ചുറ്റും പരക്കുന്ന "ശാന്ത രാവിൻ" ഗാന
നിർഝരിയോളങ്ങൾ തീർക്കെ,
ഒട്ടുദൂരത്തെ കടത്തിണ്ണയിൽ ശാന്തി
എത്തിനോക്കാത്തൊരിടത്തിൽ
അത്തെരുവോരത്തിലാരോ ഉപേക്ഷിച്ച
വൃദ്ധനിരാലംബരൂപം,
ക്ഷുത്തിലും, കിട്ടിയൊരപ്പം പകുത്ത, ത-
ന്നൊപ്പമുറങ്ങുന്ന ശ്വാവിൻ
വറ്റിയ നാവിലേക്കിറ്റിച്ച കാരുണ്യ
ദുഗ്ദ്ധം മഹത്തായ ദൃശ്യം,
ഒട്ടു നേരം നോക്കി നിന്നതാണാമരം
പക്ഷെ ചരിഞ്ഞുപോയല്പം.
എപ്പോഴുമന്യനിലേക്കു നയിക്കുന്ന
ഹ്രസ്വ പുരാതന മന്ത്രം
ഹൃത്തിൽ മുഴങ്ങിയാലാർദ്രമായ് മാറാത്ത
നിസ്തുല ചേതനയുണ്ടോ?

-------------------------

ഇതിലെന്താണ് ഇത്ര വലിയ പ്രത്യകത എന്ന് പ്രത്യക്ഷത്തിൽ തോന്നാം. വളരെ ആകർഷകമാണ് ക്രിസ്തുമസ് ട്രീ. വർണ്ണ ഗോളങ്ങളും, നക്ഷത്രങ്ങളും, വെട്ടിത്തിളങ്ങുന്ന വൈദ്യുത ദീപങ്ങളും കൊണ്ട് മനോഹരമാക്കിയ ക്രിസ്തുമസ് ട്രീ കണ്ണിനൊരു ആഘോഷമാണ്. ലംബമായി നിൽക്കുമ്പോൾ അതിൽ അസ്വാഭാവികത ഒന്നുമില്ല. പക്ഷെ അല്പം വളഞ്ഞാണ് അതു നിൽക്കുന്നത് എങ്കിലോ? വെള്ളിത്തിരയിലെ സൂപ്പർസ്റ്റാറിനെപ്പോലെ, അല്ലെങ്കിൽ, വിഖ്യാതമായ പിസാഗോപുരം പോലെ, ഒരു പ്രത്യേക ദിശയിലേക്കു ചായുന്ന ഒരു ക്രിസ്തുമസ് ട്രീ ആയിരുന്നു ഈ കഴിഞ്ഞ ക്രിസ്തുമസ് കാലത്തു എന്റെ ശ്രദ്ധ ആകർഷിച്ചത്. ചത്വര മദ്ധ്യത്തെ, കുട്ടികളോടിക്കളിക്കുന്ന അങ്കണത്തിൽ, നതാംഗിയായ അനുരാഗിണിയെപ്പോലെ അല്പം ചരിഞ്ഞ ഒരു ക്രിസ്തുമസ് ട്രീ. 

എല്ലാ കാര്യങ്ങൾക്കും കാരണങ്ങൾ ഉണ്ടാകുമല്ലോ? എത്ര തവണ നേരെ നിറുത്താൽ ശ്രമിച്ചാലും, കൃത്യമായി ചരിയുന്നതിന്റെ കാരണം എന്തെന്ന് നമുക്കു നോക്കാം. 

24.12.2023