Tuesday, 16 April 2024

ജലസ്മരണകൾ


ജലമൊഴിഞ്ഞേറെയും വറ്റി വരണ്ടൊരീ
പുഴയുടെ ഓരത്തു കാട്ടുചകോരങ്ങൾ
ഇണതേടിയെത്തുന്നു, രക്താഭിസാന്ദ്രമാം
നയനസൂപങ്ങളിൽ കാമം തുളുമ്പുന്നു.

സജല, സചഞ്ചല താരുണ്യ ഭംഗിയാ-
ളൊഴുകിയുണർത്തിയ മന്വന്തരങ്ങളിൽ 
ഖനിയിലൊളിപ്പിച്ച  കാമ്യമുഹൂർത്തങ്ങൾ    
വിമല വൈഡൂര്യസ്‌മൃതികളായ് മാറിയോ? 

ജലമുകുളങ്ങളിൽ ഇന്ദ്രനീലദ്യുതി
ചപലസൗന്ദര്യം നിറച്ചപകലുകൾ,

കനവിൻചിരാതുകൾ കത്തും മിഴികളിൽ
കരിനീല കാന്തമെഴുതിയ രാവുകൾ,  

വിരഹ വിവശയായ് കുഞ്ഞിളം തെന്നലിൽ
പ്രണയാഭിലാഷം കുറിച്ചിട്ട നാളുകൾ,

തിര ലാസ്യമാടി, തീരത്തിൻ നിഗൂഢമാം
മറുകിലൊരിക്കിളിപ്പൂ വിരിയിച്ചനാൾ,

നഖമുനപ്പാടിൻ വസന്തങ്ങളിൽ നേർത്ത
മധുരോപഹാരമായ് മോഹം കിനിഞ്ഞനാൾ,

പെരുമഴയെത്തിത്തുടിച്ചു മദിച്ചൊരീ
കരകളെ നക്കിത്തുടച്ചു രമിച്ചനാൾ,

മറുകരയൊന്നിച്ചു നീന്തിപ്പുലർച്ചതൻ
മണലിൽ തളർന്നു മയങ്ങിക്കിടന്നനാൾ,

സജലസമൃദ്ധമിക്കാട്ടുതേനോർമ്മകൾ
മധുരം നിറയ്ക്കുന്നു പാനപാത്രങ്ങളിൽ! 


തിര പോറലേല്പിച്ചുപേക്ഷിച്ചൊരായിരം
മുറിവുകൾ മണ്ണിൻ വിധുരഗീതങ്ങളായ്
പടരുന്നതിൻ മന്ദ്ര നാദോപധാരകൾ
മതിയുണർന്നീടുവാൻ നിന്നിലുണരുവാൻ.

ഒരു ചുംബനത്തിന്റെ ചാലകത്തിൽക്കൂടി
ഒഴുകിയെത്തുന്നോരീ വിദ്യുത് പ്രവാഹത്തിൽ
സുകൃതമിക്കാരിരുമ്പിന്ദ്രജാലം പോലെ
പുതുകാന്തവീചി ചുരത്തുന്നു ചുറ്റിലും!

നിറയുന്നു ശുഷ്കമീ ശാഖോപശാഖയിൽ
കുളിരുള്ള താപപുഷ്പങ്ങൾ, സഹസ്രങ്ങൾ.

കരതലത്തിൽ നീ മയങ്ങുന്നു പുഞ്ചിരി-
ക്കുമിളകളെന്നെപ്പൊതിയുന്നു നിർദ്ദയം. 

------------

26.08.2021