Saturday, 14 December 2013

ഗ്രാമാന്തരം



പെരുവിരലൂന്നി ഞാൻ നിൽക്കെ ഗ്രാമത്തിന്റ
നെറുകയിൽ പൂക്കൾ വിരിഞ്ഞു.
കവിളിണച്ചാർത്തിൽ വിരിഞ്ഞ നാണത്തിന്റ
നറുമണം മെല്ലെപ്പരക്കെ,
പുഴയിൽ കുളിച്ചീറനനലനെൻ കാതിൽ വ-
ന്നരുമായ് ചൊല്ലി സുമന്ത്രം,
"പ്രകൃതി മനോഹരി തവ മുഗ്ദ്ധ ലാവണ്യ -
മൃതുഭേദചാരുതയല്ലേ?"
അതുകേട്ടു കോരിത്തരിച്ചു നിൽക്കെ സൂര്യ-
നൊരുമാത്ര ഭൂമിയെ നോക്കി.
മൃദു മന്ദഹാസത്തിനലകളെൻ മേനിയിൽ
പുളകങ്ങളായിരം തീർത്തു.
ഒരുവേളകൊണ്ടു ഞാൻ സൗരയൂഥത്തിന്റ
വഴികളിൽ പിന്നോട്ടു പോയി.
അവിടെ മാകന്ദം മധുരംവിളമ്പിയ
വഴികളും ചോലയും കാറ്റും,
അരുവിയും നീരിലെപ്പരലും പതംഗവും
നിറദീപ്ത ചിത്രങ്ങൾ നെയ്തു.
കിളിമൊഴിക്കെതിർമൊഴി ചൊല്ലാൻ മറക്കാത്ത
പുലർകാല സുന്ദരബാല്യം
കനകംവിരിഞ്ഞ നെൽപ്പാടവരമ്പത്തു
ചകിതമാം തുമ്പിയായ് നിൽക്കെ,
വെയിൽകാഞ്ഞ പൈക്കളും പഥികരും
മാവിന്റ മധുരം നുകർന്നിറ്റു നിൽക്കെ,
പ്രകൃതി രജസ്വലയായി നീ വിണ്ണിന്റ
കനിവായി ചാരത്തു നിന്നു.

അകലങ്ങളിൽ വീർപ്പു മുട്ടലിൽ ജീവിത-
പ്പെരുവഴിയോരത്തു നിൽക്കെ
തിരികെവരാൻ, നിന്റ വരണമാല്യത്തിനു
പകരം തരാനും മറന്നു.

പകരമില്ലീ നിന്റ പൊന്മുളം തണ്ടിലെ
അമരഗാനതിനു തുല്യം
പകരം തരാനില്ല കവിതയായർപ്പിപ്പു
മമ ഹൃദന്തത്തിലെ ഹവ്യം.
---------------
14.12.2013

2 comments:

  1. കവിത വളരെ മനോഹരമായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  2. ഈ പട്ടണ തരുണിയുമായി രമിച്ചുകൊണ്ടിരിക്കുമ്പോഴും ആ പഴേ ഗ്രാമീണ കന്യകയായ കാമുകിയെ മറന്നിട്ടില്ല അല്ലേ ഭായ്

    ReplyDelete

Hope your comments help me improve.