Tuesday, 18 February 2014

സൂര്യനായ് , സൂര്യ പ്രവേഗമായ്‌

ഇനി കാത്തിരിപ്പില്ല, ഉഛ്വാസവായുവിൽ
മുഷിവില്ല, കാനൽ ജലത്തിനായ്‌ കേഴില്ല.

കരുതിയ പാഥേയമർപ്പിപ്പു നീരുമായ്
ഉദകമല്ലോ സ്വീകരിക്കു വിഭാതമെ.
ഇനിയും വരാത്തനിന്നുദകം കഴിച്ചിനി
പടി കടന്നീടണം തളരാതെ പോകണം.
ഒരുവേള ഭൂതകാലത്തിന്റ ചങ്ങല പിറകിൽ
കൊളുത്തി വലിക്കുന്നു മാദകം.
മധുരം മനോഹര മന്ദഹാസത്തിന്റെ
ചൊടികൾ വിളിക്കുന്നു, പിന്നിൽ കൊളുത്തുന്നു.
അരുതെന്നു ചൊല്ലുന്ന രാത്രി സൗഗാന്ധിക
മദഭരയാമങ്ങൾ പിന്നിൽ വിളിക്കുന്നു.

ഉടവാളു കൊണ്ടരിഞ്ഞീടട്ടെ പിന്നിലെ
വിളികൾ, കൊളുത്തുകൾ, ചങ്ങലപ്പൂട്ടുകൾ.
രണഭൂമി താണ്ടണം, കാവൽപ്പുരകളിൽ
വിറപൂണ്ട ദേശാടനക്കിളി കേഴുന്നു.
ചിറതാണ്ടണം, ഘോരമഴതാണ്ടണം പിന്നെ
നിലയുറയ്കാത്ത കല്ലോലങ്ങൾ താണ്ടണം.
സമരവീര്യത്തിന്റ യാനപാത്രം രൗദ്ര
രണഭേരി വീണ്ടും മുഴക്കുന്നു, വിണ്ണിന്റ
വിരിമാറു കീറി പതാക മുന്നേറുന്നു.

സമയമില്ലോട്ടുമേ മഷിയുണങ്ങും മാത്ര
കളയില്ല, കമ്പിളിത്തുകിലണിഞ്ഞീടട്ടെ.
അയുതം ശരങ്ങളും, വില്ലും കവചവും
തിലകസിന്ദൂരവും, കരളിലാഗ്നേയവും,
കടവിലെ കൽമണ്ഡപത്തിന്റ തിണ്ണയിൽ
തമസിന്റ ഭാണ്ഡമുപേക്ഷിച്ചു സൂര്യനായ്
സമയാശ്വമേറിമുന്നേറട്ടെ സത്വരം.

------------
ഇതു 'കാത്തിരിപ്പ്' എന്ന കവിതയുടെ രണ്ടാം ഭാഗം.
18.02.2014

2 comments:

  1. ഉടവാളു കൊണ്ടരിഞ്ഞീടട്ടെ പിന്നിലെ
    ഇരുളിന്റ കോട്ടകൾ ചങ്ങല പ്പൂട്ടുകൾ.
    രണ ഭൂമി താണ്ടണം, കാവൽപ്പുരകളിൽ
    വിറപൂണ്ട ദേശാടനക്കിളി കേഴുന്നു.
    ചിറ താണ്ടണം, ഘോര മഴ താണ്ടണം പിന്നെ
    നിലയുറയ്കാത്ത കല്ലോലങ്ങൾ താണ്ടണം.
    സമരവീര്യത്തിന്റ യാനപാത്രം രൗദ്ര
    രണ ഭേരി വീണ്ടും മുഴക്കുന്നു വിണ്ണിന്റ
    വിരിമാറു കീറി പതാക മുന്നേറുന്നു.

    ReplyDelete

Hope your comments help me improve.