Thursday, 20 November 2014

വഴിയും കാല്പാടും

ഇനിഒളിക്കേണ്ടതെങ്ങുഞാൻ കാലമേ?
പകൽവെളിച്ചത്തിനുണർവ്വിലോ സ്വച്ഛന്ദ-
മിരുൾവിരിച്ചിട്ട ജ്യേഷ്ഠയാമത്തിലെ
സുഖസുഷുപ്തിതൻ നീലവിരിപ്പിലോ?
നിലകൾതെറ്റി ഉന്മാദം വിളമ്പിയ
നിറനിലാവിന്റെ താഴ്വരക്കാട്ടിലോ?

ഇനിഒളിക്കുവാൻ മാളങ്ങളില്ല വ-
ന്നടവിയും, ഗിരിശൃംഗവും, ആഴിയും
സകലതും കടന്നെത്തുന്നിതാ എന്റെ
നിലവറത്താഴു താനേതുറക്കുന്നു.

സുഖസമൃദ്ധിയും, ആഡംബരങ്ങളും
പെരുമയും, മഹാശക്തിയും, ധാടിയും
തനുവിനേകിയ സ്വാസ്ഥ്യത്തിലേക്കിതാ
വഴിയിലുപേക്ഷിച്ച കാല്പാടുകൾ വളർ -
ന്നഖിലവൈരിയായ് പിൻതുടർന്നീടുന്നു.
അഹികളാകുന്നു, ചിഹ്നം വിളിക്കുന്ന
മദനമോഹിത മത്തേഭമാകുന്നു.
നിമിഷജാലകച്ചില്ലിലെ സൗഖ്യത്തി-
ലൊടുവിലൂറിയ തുള്ളിയും നക്കുന്ന
കൊടിയ വഹ്നിയായ് ഭ്രാന്തമായാളുന്നു.

നിണമണിഞ്ഞ കാല്പാടുകളോർമ്മത-
ന്നകലതീരത്തിൽ നിന്നുമെത്തീടുന്നു.
അകതലത്തിലെ സൂക്ഷ്മതന്തുക്കളിൽ
വലവിരിക്കുന്നു, കാവലിരിക്കുന്നു.

സ്മ്യതിയുപേക്ഷിച്ച പൂർവകാണ്ഡങ്ങൾ വി-
ട്ടടരുകൾ, പുറംചട്ടകൾ കീറിയും,
പുതിയ താവളം - താളുകൾക്കുള്ളിലെ
മുദിതവാക്കിന്റെ മുക്തിയിൽ - പോലുമേ
തണുവിറപ്പിച്ച വിരലുമായെത്തുന്നു,
വഴിയിലെന്നോ ഉപേക്ഷിച്ച പാടുകൾ.
-------------
20.11.2014

1 comment:

  1. 'നിണമണിഞ്ഞ കാല്പാടുകളോർമ്മത -
    ന്നകല തീരത്തിൽ നിന്നുമെത്തീടുന്നു.
    അകതലത്തിലെ സൂക്ഷ്മ തന്തുക്കളിൽ
    വല വിരിക്കുന്നു, കാവലിരിക്കുന്നു.

    സ്മൃതിയുപേക്ഷിച്ച പൂർവ കാണ്ഡങ്ങൾ വി-
    ട്ടടരുകൾ, പുറംചട്ടകൾ കീറിയും,
    പുതിയ താവളം താളുകൾക്കുള്ളിലെ
    മുദിത വാക്കിന്റെ മുക്തിയിൽ പോലുമേ
    തണു വിറപ്പിച്ച വിരലുമായെത്തുന്നു
    വഴിയിലെന്നോ ഉപേക്ഷിച്ച പാടുകൾ.'

    സൂപ്പർ വരികൾ...
    വാക്കുകൾ ഇതുപോലെ അരിച്ചെടുത്ത്
    വരികളിലിട്ട് അമ്മാനമാടുവാൻ ഭായിക്ക് മാത്രം
    സാധിക്കുന്ന ഒരു കാര്യമാണ് കേട്ടൊ

    ReplyDelete

Hope your comments help me improve.