Wednesday, 20 May 2026

തിരുവോണം


കുരവകേട്ടുവോ ചക്രവാളത്തിനു-
മകലെ നിന്നുമെൻ ഗ്രാമാന്തരംഗത്തിൽ?

തനിയെ കാറ്റിലാടുന്നൊരൂഞ്ഞാലിന്റെ
പടി വിളിക്കുന്നു ബാല്യത്തിലെത്തുവാൻ.

നിറയുമജ്ഞാത സൗഹൃദ ശാഖിയിൽ
പുലരി പൂത്താലവും കൊണ്ടു നിൽക്കുന്നു.

അരുണനൂലുകൾ ആവണിത്തെന്നലിൽ
കസവു നെയ്യവെ പട്ടുടുപ്പിട്ടെത്ര
ചടുല തുമ്പികൾ തുള്ളുന്നു ചുറ്റുമെൻ
സ്മൃതിപഥത്തിലെ സൈകത രേണുവിൽ.

പുഴ വിളിക്കുന്നു, പുളിനത്തിൽ വീണ്ടുമാ
പഴയ ചില്ലുകൾ വളകളായെത്തുന്നു.

പുതിയ പൂക്കളം തീർക്കുന്നു ഭൂമിയിൽ
അടരുമോരോ ദളം കൊണ്ടുപോലുമെ.

പഴയകാലത്തിനോർമ്മതൻ പത്രത്തിൽ
കറിവിളമ്പുന്നൊരോർമ്മയാണെന്നോണം.

അഴലിനെ നറും വെണ്ണിലാവാക്കുന്ന
പഴയ മാന്ത്രികച്ചൊല്ലെൻ തിരുവോണം.

താമ്രപർണ്ണി



ഹേ താമ്രപർണ്ണി*, സഖീ, ഒഴുകൂ ശാന്ത-
മീമഹാഭൂവിന്റെ കണ്ണീർത്തടങ്ങളിൽ
ഹേ യാങ്‌സി(1), ടൈഗ്രിസ്‌(2), മഹാ പീതവാഹിനി(3),
വോൾഗെ(4), നിളെ, നീലവാഹിനി(5), നർമ്മദെ,
മാഴ്കാതെ നിങ്ങളീ തീരങ്ങളിൽ, പീഠ-
ഭൂവിൽ, ഹിമാദ്രിയിൽ, ദൂരെ മരുഭൂവിൽ
വാണ മനുഷ്യൻ കുലച്ച ശസ്ത്രംതീർത്ത
ദാരുണഹത്യതൻ പാപവും പേറുക.

നിന്നുർവ്വരതയിൽ, പശിമയിൽ പിച്ചവ-
ച്ചിന്നലെ മർത്ത്യൻ നിവർന്നു നിന്നീടവെ
പുഞ്ചിരിച്ചമ്പിളി, താരകൾ കണ്‍കോണിൽ
ഇന്ദ്രധനുസ്സു കുലച്ചുപിടിച്ചുവോ?
പിന്നെ ശാസ്ത്രത്തിന്റെ ചക്രമിരുട്ടിന്റെ
വന്യനിലങ്ങളിലോടിച്ചു പോകവേ
വിദ്യുന്മയാത്മകമായി വിശ്വത്തിന്റെ
കത്രികപ്പൂട്ടു മലർക്കെത്തുറന്നുപോയ്.
വൈദ്യം, ജനിതകം, ഭൗതികവും, രസ-
തന്ത്രം, ഗണിതവും ഒന്നിച്ചുചേരവേ,
എല്ലാം പ്രകൃതിതൻ സർവ്വസനാതന-
മൊന്നാണതൂർജ്ജമാണെന്നും തെളിയവെ,
മന്നിലെമർത്ത്യൻ വളർന്നു വിശ്വംകട-
ന്നന്തരാത്മാവായി മാറാൻ തുടിക്കവേ,
പിന്നിലേക്കാനായിക്കുന്ന പുരാവസ്തു-
വല്ലേ മതങ്ങൾ? നിലാവിലെ കുക്കുടം!

നിൻതീരപങ്കജമായിരുന്നു ഇള
കണ്ട സംസ്കാരങ്ങളൊക്കെയുമെങ്കിലും,
തന്നിലെ സാന്ദ്രതമസ്സിൻ തളങ്ങളിൽ
പൊന്നിൻചിരാതുതെളിച്ച മനീഷയെ
പുണ്യമതങ്ങളായ് മാറ്റി ഒടുങ്ങാത്ത
വൻ ചൂഷണത്തിന്റെ ഭണ്ഡാരമായതും,
ഉള്ളംകലങ്ങി രത്‌നാകരസന്നിധി
പൂകാൻ കുതിക്കവേ നിങ്ങൾ മറന്നുവോ?
പിന്നെ വാളേന്തി പകയും, ദുരയുമായ്
തങ്ങളിൽ കൊല്ലാനൊരുങ്ങിയ മാനവർ
ചിന്നിയചോര സമാന്തരഗംഗയായ്
പുണ്യമീമണ്ണിൽ തിളച്ചൊഴുകുന്നഹോ.
ഇല്ലാത്തസ്വർഗത്തിലെത്തി രമിക്കുവാൻ
ഉള്ളസ്വർഗത്തിൽ നരകംവിതപ്പവർ-
ക്കില്ല സമഷ്ടിയോടിഷ്ടം ഒരിത്തിരി;
കല്ലായിമാറ്റി ഹൃദന്തം മതങ്ങളും.

ഹേ താമ്രപർണ്ണി, നീ സ്വീകരിക്കു ഇരു
ബാഷ്പകണങ്ങൾ ഉദകമാണോർക്കുക.
വാരിയെടുത്തൊരീ കുമ്പിളിൽ നീ പരി-
ത്യാഗമായ്, സ്നേഹമായ്, ലാവണ്യമായിടു.
സാരസജാലങ്ങൾ നീന്തുമീജീവാംബു
വാരിപ്പുണരുന്ന സൈകതഭൂമിയിൽ
ഘോരമതാന്ധത തല്ലിക്കെടുത്തിയ
ജീവന്നുദകമാണീച്ചുടുനീർക്കണം.
-----------------------------

11. Yangze river of China  
22. Tigris of Iraq
33. Yellow river of China
44. Volga of Russia
55. Nile of Egypt
       *തമിഴ് നാട്ടിലെ  ഒരു നദി

ആത്മഗീതം


ദുഃഖങ്ങളേകിയ ദേവാ, നിനക്കശ്രു
പുഷ്പാഭിഷേകപ്രണാമം
ശക്തനായ് മാറ്റിയ നാഥാ, കടന്നെത്ര
ദുർഘട വീഥികൾ പിന്നിൽ. 

മുള്ളുകൾ കൊണ്ടുകൊണ്ടുള്ളം തഴമ്പിച്ചു
ചൊല്ലക കാരുണ്യഗാഥേ
എല്ലാ ഋതുക്കളും വർഷഗാന്ധാരമോ
എങ്ങു പോയ് വാസന്തനാദം?

സത്യം കൃതജ്ഞതമാത്രം നിരാമയ
നിത്യമീ സൗരയൂഥത്തിൻ
മുഗ്ദ്ധലാവണ്യാമൃതം നുകർന്നീടുവാൻ
കെൽപ്പു നീ നൽകിയതോർത്താൽ

എത്രയോ അക്ഷൗണി യുദ്ധങ്ങളേകിലും
പത്മവ്യൂഹത്തിലായാലും
പ്രത്യക്ഷഹീനമാകില്ല സമഷ്ടിയോ
ടിഷ്ടം വെളിവുള്ള നാളിൽ

ദുഃഖാസവത്തിനു പഥ്യം ചിദാനന്ദ
ദുഗ്ദ്ധം, സഹസ്രാരപത്മം
ബുദ്ധ്യേ വിടർത്തുന്ന സൂര്യാ ശമിക്കില്ല
മൽ ചാരിതാർത്ഥ്യം നിതാന്തം.

---------------------

02.10.2023

ബാപ്പു



അപഹരിക്കപ്പെട്ട നാമവും, തുളവീണു
നിണമണിഞ്ഞാകാരവും പേറി നില്പുനീ
ജനപഥം രാജപഥത്തിനെ പുണരുന്ന
ഇരുളിന്റെ കവലയിൽ  സൂര്യതേജസ്സുമായ്‌.

അവഗണിച്ചാക്ഷേപകജ്ജള മണിയിച്ചു
പൊടിപിടിച്ചണിയറയ്ക്കുള്ളിലുപേക്ഷിച്ചു
തിരികെ വരാനുള്ള വഴിയുമടച്ചിട്ടു
കരുതിയെന്നാകിലും തിരികെയെത്തുന്നു നീ.

അവസാന മർത്യന്റെ നിറനാഴിയായി നീ
മഹിത മൊക്റ്റോബറിൽ  വടിപിടിച്ചെത്തുന്നു.
ജനുവരിക്കുളിരിൽ പൊലിഞ്ഞു പോകാത്തൊരു
വഴിവിളക്കായി, ചിരന്തന സൂനമായ്.
-------------
03.12.2019