Friday, 30 October 2015

ഒരു പൈങ്കിളിക്കവിത


ഇന്ദ്രനീലാംബര വീഥിയിലമ്പിളി ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറുമഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികൾ തൂമയിൽ എന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ എന്നന്തികത്തിലണഞ്ഞു മെല്ലെ.

പന്നഗരാജകുമാരി നീ വീണയായെൻവിരിമാറിൽ പടർന്നീടവേ
സിന്ദൂരരേഖകൾ ചാലിച്ച നിൻചൊടിച്ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.
എൻവിരൽ ചുംബനപ്പാരിജാതങ്ങളിൽ മന്ദസ്മിതങ്ങൾ വിരിഞ്ഞനേരം
വിസ്മയലാവണ്യമേ വിരൽത്തുമ്പിൽ നീ വിശ്ലഥരാഗമായ് മാറിയല്ലോ!

രാവേറെയാകുന്നു, യാമങ്ങൾ പോകുന്നു, രാക്കിളിപോലുമുറക്കമായി.
നീഹാരകമ്പളം വാരിപ്പുതച്ചിരുൾ പാടവരമ്പത്തുറക്കമായി.
നാമിരുപേരും യമുനയ് മാറവേ, ആന്ദോളനത്തിലലിഞ്ഞീടവേ
നിൻകപോലത്തിൽ മുഖംനോക്കുമമ്പിളി തെല്ലനുരാഗിയായ് മാറുന്നുവോ?

-----------
30.10.2015

1 comment:

  1. ‘പന്നഗ രാജ കുമാരി നീ വീണയായ് എൻ വിരി മാറിൽ പടർന്നീടവേ
    സിന്ദൂര രേഖകൾ ചാലിച്ച നിൻ ചൊടി ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.
    എൻ വിരൽ ചുംബന പാരിജാതങ്ങളിൽ മന്ദസ്മിതങ്ങൾ വിരിഞ്ഞ നേരം
    വിസ്മയ ലാവണ്യമേ വിരൽ തുമ്പിൽ നീ വിശ്ലഥ രാഗമായ് മാറിയല്ലോ!‘

    സംഗീത സാന്ദ്രമായ പ്രണയം
    പൊഴിഞ്ഞ് വീഴുന്ന രാവിൽ അനുരാഗം
    പങ്കിടുന്ന പൈങ്കിളികൾ ....

    ReplyDelete

Hope your comments help me improve.