Friday 16 December 2016

നഗരശില്പി



വിള്ളലിനു കീഴിൽ പെരിയ താഴികക്കുടം.
ചത്വരങ്ങളിൽ
വാഹനങ്ങളുടെ സംഗീതമേളം.
അംബരചുംബികൾക്കിടയിൽ
കരിധൂളിയുടെ കോടമഞ്ഞു.
റേന്തയിട്ട ജാലകവിരികളിൽ
കാർബൺ മോണോക്സൈഡിന്റെ കുളിർതെന്നൽ.
മാലിന്യപ്പുഴയ്ക്കു മുകളിൽ ഒരാരാമം.
മേൽപ്പാലങ്ങളുടെ ഇണചേരലിൽ
നൈട്രജൻ ഡൈഓക്സൈഡിന്റെ ജീവധാര.
കഴുകി വെടിപ്പാക്കാൻ
അമ്ലവാഹിനി പുതുമഴ.
നുണപറയുന്ന പരസ്യപ്പലകകൾ.
വഴിതെറ്റിക്കാൻ വിളക്കുകാലുകൾ.
സന്തോഷിക്കാൻ മാളുകൾ.
ഒളിച്ചിരിക്കാൻ ഭൂഗർഭനിലകൾ.
പൊട്ടിച്ചിരിക്കാൻ മദ്യശാലകൾ.
വിയർക്കാൻ ജിമ്മുകൾ.
സ്നേഹിക്കാൻ രതിശാലകൾ.
രക്ഷപ്പെടാൻ സെമിത്തേരികൾ.
ഉറങ്ങാത്ത രാത്രിക്കു കൂട്ടായി
ഉറക്കംതൂങ്ങുന്ന പകലുകൾ.

യമപുരി പടുത്തുയർത്തിയ ശേഷം മയൻ
ദീർഘകാല അവധിയിൽ പ്രവേശിച്ചു.
സാനിട്ടോറിയത്തിനു മുന്നിലെത്തി
മുകളിലേക്കു നോക്കി.
താഴികക്കുടത്തിനു മുകളിലെ വിശാലമായ വിള്ളലിലേക്ക്.
----------
14.12.2016

1 comment:

  1. അതെ ഓരോ
    നഗരങ്ങളിലും പോയി രാപാർക്കാം ...
    കാർബൺ മോണോക്സൈഡിന്റെ
    കുളിർ തെന്നൽ. മാലിന്യപ്പുഴയ്ക്കു മുകളിൽ ഒരാരാമം.
    മേൽപ്പാലങ്ങളുടെ ഇണ ചേരലിൽ നൈട്രജൻ ഡൈഓക്സൈഡിന്റെ
    ജീവധാര. കഴുകി വെടിപ്പാക്കാൻ അമ്ല വാഹിനി പുതു മഴ. നുണ പറയുന്ന പരസ്യപ്പലകകൾ.
    വഴി തെറ്റിക്കാൻ വിളക്കു കാലുകൾ. സന്തോഷിക്കാൻ മാളുകൾ. ഒളിച്ചിരിക്കാൻ ഭൂഗർഭ നിലകൾ.
    പൊട്ടിച്ചിരിക്കാൻ മദ്യശാലകൾ. വിയർക്കാൻ ജിമ്മുകൾ. സ്നേഹിക്കാൻ രതിശാലകൾ....

    അതെ പിന്നെന്ത് വേണം ...യമപുരിയുടെ കവാടങ്ങളായ നഗരങ്ങളിൽ തന്നെ രാപാർക്കാം ...!

    ReplyDelete

Hope your comments help me improve.