ഉരുക്കിന്റെ പ്ലാവിൽ വരിക്കച്ചക്ക,
ചക്കവീണപ്പോൾ മുയലുചത്തു,
മുയലിന്റെ കൊമ്പു മുറിച്ചെടുത്തു,
അതുചെർത്തു നീലഗ്ഗുളിക തീർത്തു,
ഗുളിക വിഴുങ്ങി ഉരുക്കുപോലായ്,
ഗുളിക വിഴുങ്ങി ഉരുക്കുപോലായ്,
ഔരസജന്യരോ ക്ലോണുകളും.
കസവുനൂൽകൊണ്ടു മുടിയിഴകൾ,
ഇന്ദ്രനീലംകൊണ്ടു കണ്ണിണകൾ,
പുലരി നിറഞ്ഞ ശിരസ്സിനുള്ളിൽ
'എംബെഡ്' ചെയ്ത രഹസ്യങ്ങളും,
വെങ്കലത്തിന്റെ നഖരങ്ങളും,
ചക്രം പിടിപ്പിച്ച പാദങ്ങളും,
എത്രയോകാതം പറന്നുപോകാൻ
പക്ഷമായ് മാറുന്ന ബാഹുക്കളും,
സപ്തവർണ്ണാഞ്ചിത പേശികളിൽ
പത്തശ്വശക്തി കുതിച്ചുനിന്നു.
പകലിലുമിരവിലും ജോലിചെയ്യും
പതിവായി 'റീച്ചാർജ്ജു' ചെയ്തിടേണ്ട.
കരയിലും, കടലിലും വേലചെയ്യും
പകരമായൊന്നുമേ നൽകിടേണ്ട.
അനുസരിച്ചീടുവാൻ മാത്രമായി
അറിയുന്നവാനരസേനയത്രേ.
അസുഖമുണ്ടാകില്ല, രോഗമില്ല
കനവുകൾ കാണുന്ന ചിത്തമില്ല.
പരിഭവമില്ല, പരാതിയില്ല
പരികർമ്മി പോലുമേ വേണ്ടതില്ല.
ഒരുനാളു 'ട്രോജൻ' കുതിരയെങ്ങാ-
നറിയാതെയുള്ളിൽക്കടന്നുപോയാൽ
ഏകശൂന്യങ്ങൾ പിഴച്ചുപോകും
കൂഴപ്പഴംപോലെ വീണുപോകും.
-------------
14.05.2016 - refurbished :) on 16.10.2020
നീല ഗുളികയാവേശത്താൽ ഉരുക്കു ദണ്ഡിൽ നിന്നും ജന്മമെടുത്ത പാഴ് ജന്മങ്ങൾ ...!
ReplyDelete