യുദ്ധങ്ങളൊഴിഞ്ഞൊരു കാലവും കിനാക്കണ്ടു
ചക്രവാളത്തിൻ ചോട്ടിൽ വൃദ്ധനായലയവെ
രക്തപങ്കിലസ്ഥൂല ഗ്രന്ഥത്തിനകക്കാമ്പിൽ
വ്യർത്ഥമായ് സമാധാന ചരിതം തിരയുന്നു.
എത്രയോ കാലങ്ങളായ് കൊതിപ്പൂ ധരണിയിൽ
നഗ്നപാദനായൊട്ടു നടന്നു കണ്ടീടുവാൻ.
ബദ്ധസംസ്കാരനിണമുദ്രയിൽ ചവിട്ടാതെ
ഒട്ടു പോകുവാൻമാത്രം ഇത്രമേൽ വൈകിപ്പോയി!
എത്രയോ മന്വന്തരസന്ധ്യകൾ ചുവപ്പിച്ചീ
മർത്ത്യരക്തം കൊണ്ടു ചാലിച്ച സരിൽപതി.
എത്രയോ പ്രഭാതങ്ങളുറക്കമുണർന്നതു
രക്തത്തിൽ കിളുർത്തൊരീ ചെമ്പനീർപുഷ്പങ്ങളിൽ.
മാനവ ചരിത്രത്തിന്നേടുകൾ ചമച്ചതു
സോദരരക്തം കൊണ്ടു മാത്രമാണിന്നേവരെ.
പർവ്വങ്ങൾ, അഹങ്കാരയുദ്ധകാണ്ഡങ്ങൾ കട-
ന്നെന്റെ വെള്ളരിപ്രാവിന്നെങ്ങോട്ടോ പറന്നുപോയ്.
നാളേക്കുനോക്കും ദൂരദർശിനിയുണ്ടു കൈയിൽ
കാണുന്നു യുദ്ധങ്ങളൊഴിഞ്ഞൊരു മഹാദിനം.
ആണവ വികിരണ ജ്വാലകളടങ്ങിയ
ക്ഷോണിയിൽ തുഴഞ്ഞുപോം വെൺമേഘശകലങ്ങൾ,
സാഗര തീരങ്ങളെ കസവിട്ടുടുപ്പിച്ചു
പാവനധരിത്രിയെ വീശുന്നു മന്ദാനിലൻ,
സ്പോടനമില്ലാർത്തനാദങ്ങളില്ല, ക്ഷുത്തിൻ
പീഡയിൽ വിലപിക്കും കുഞ്ഞിളം ചൊടിയില്ല.
യുദ്ധമാതാവാമന്ത്യയുദ്ധത്തിൻ വിരാമത്തിൽ
സ്വച്ഛമാനസയായിത്തീർന്നുവോ സർവ്വംസഹ?
(കാഴ്ച്ചകൾ മങ്ങുന്നുവോ ചില്ലുകൂട്ടിലെ നേത്ര -
പാളിയിലാനന്ദാശ്രു തിമിരം തീർക്കുന്നുവോ?)
നീലവിസ്മയതരം ഭൂമിയിൽ കാണുന്നില്ല
കേവലമൊരുകുഞ്ഞുജീവന്റെ കണികയും!
തോക്കിലൂടെത്തും ശാന്തി കാത്തിരിക്കുന്നു, താടി
നീട്ടി ഞാനക്ഷോഭ്യനായ് ബോധി വൃക്ഷത്തിൻ ചോട്ടിൽ!
--------------
31.03.2016