Sunday, 29 August 2021

ആരു നീ


ജാലകച്ചില്ലിൽ ചിലങ്കചാർത്തി  
കാലവർഷം നൃത്തമാടിടുമ്പോൾ
ആരീയിരുട്ടിൻ നിഴലുപറ്റി
ആഷാടസന്ധ്യയിലാഗമിപ്പു?
നേരെ വിടർന്നു മുനിഞ്ഞുകത്തും
ദീപനാളത്തിനുമപ്പുറത്തായ് 
നേരും നുണയും നിറഞ്ഞഗ്രന്ഥം   
ചാരിയുറങ്ങുമലമാരതൻ
ചാരെ മൃദുഹാസ ചാരുതയാൽ
പാതി തുറന്ന മിഴികളുമായ്
ആരുനീയെന്നെത്തിരഞ്ഞെത്തിയീ
കാരുണ്യവർഷം ചൊരിഞ്ഞിടുന്നു? 

പാതിയിരുട്ടിലലിഞ്ഞു ചേർന്ന
ധൂസര ചേതോഹരാംഗങ്ങളോ,
നേർത്തു പടർന്ന പുകച്ചുരുളിൽ   
കാറ്റുകൊണ്ടാരോ വരച്ചപോലെ.

പൂത പുരാതന സംസ്‌കൃതിതൻ
വാതായനങ്ങൾ തുറന്നപോലെ
ഭൂതകാലത്തിലേക്കാണ്ടുപോകും
പാതകൾ നിന്നിൽ തുടങ്ങിടുന്നു.

ആരുനീ ചൊല്ലു ഹിമാംശുവിന്റെ
ധൂളികൾ കൊണ്ടു മെനഞ്ഞെടുത്ത
ചാരുതയാണോ നിശാഗമത്തി-
ന്നാനന്ദ പീയൂഷധാരയാണോ? 

--------------------

04.08.2021


Friday, 27 August 2021

മാഗ്‌ദ പോവുകയാണ്



നിന്റെ ഗ്രാമത്തിലേക്കു മടങ്ങുകയാണ്...
തിരക്കുള്ള നഗര വീഥികളിൽ നിന്നും,
പതിനെട്ടാം നിലയിലെ അലോസരങ്ങളിൽ നിന്നും,
മീറ്റിങ്ങുകളിലെ ഔപചാരിതകളിൽ നിന്നും,
കീബോർഡിന്റെ പശ്ചാത്തല സംഗീതത്തിൽ നിന്നും,
വഞ്ചിക്കപ്പെട്ട സ്നേഹബന്ധങ്ങളിൽ നിന്നും,
നിനക്കു കൗമാരം സമ്മാനിച്ച ഗ്രാമത്തിലേക്കു മടങ്ങുകയാണ്.

നീ എത്തുന്നത്
നിന്റെ പഴയ ഗ്രാമത്തിലേക്കല്ല.
വാതിൽപ്പാളികൾ തുറക്കപ്പെടുന്നത് 
പഴയ തറവാട്ടിലേക്കല്ല.
കാത്തിരിക്കുന്നത്
നിന്റെ കൗമാരത്തിലെ വാത്സല്യങ്ങളല്ല.
ഇറങ്ങിച്ചെല്ലുന്നതു
കൗമാര കൗതുകങ്ങളിലെ കൊച്ചുകൊച്ചു രഹസ്യങ്ങളിലേക്കല്ല.
എന്തിനു,
ഗ്രാമത്തിലെ പഴയ പുഴയുടെ തീരത്തേക്കുപോലുമല്ല
നീ തിരികെയെത്തുന്നത്.

എല്ലാ യാത്രയും മുന്നോട്ടു തന്നെയാണ്.
തിരിച്ചെത്തുന്നു എന്ന മിഥ്യയിലേക്കു നീ
യാത്രയാകുന്നു.
എങ്കിലും സുഖമുള്ള ഈ മിഥ്യയിലേക്കു
നീ തനിയെ നടന്നു പോവുക.

ഇതെന്റെ സമ്മാനമാണ്.
ഇതു നിന്നിൽ എത്തില്ല.
അനേകരിൽ ഒരാൾ മാത്രമായ
എന്നെ നീ അറിയുകപോലുമില്ല.
എങ്കിലും മറ്റാരെയുംപോലെ നീയും
യാത്രയിൽ എന്നൊപ്പമായിരുന്നു.
എന്നെപോപ്പോലെയായിരുന്നു...
ഞാൻ  തന്നെയായിരുന്നു...

--------------

11.08.2021

Friday, 13 August 2021

ഒരു കുമ്പസാരം



പറയുവാനൊന്നുമില്ലൊന്നുമിതല്ലാതെ
പരമാർത്ഥമായിടും സ്നേഹം.
എഴുതിയതൊക്കെയും സ്നേഹം, ഒരിക്കലും
എഴുതാതിരുന്നതും സ്നേഹം.

പുലരിക്കു സ്നേഹം, നിശാഗമത്തിങ്കലും,
ഋതുവിലും, തോരാതെ സ്നേഹം.
ഒഴുകും പുഴയിലും, പുല്ലിലും, ചൈതന്യ
നിറവാർന്നു പാവന സ്നേഹം.

പ്രണയമോ, പ്രേമമോ, വാത്സല്യമോ ഏഴു
നിറമാർന്ന സ്നേഹപ്രവാഹം.
മഴയായി വിണ്ണിന്റെ സ്നേഹം, ഒടുങ്ങാത്ത
പ്രളയാബ്‌ധി സ്നേഹ നിഷേധം.

പറയുവതൊക്കെയും സ്നേഹം, അതല്ലെങ്കിൽ
ഉറവ വറ്റിപ്പോയസ്നേഹം.
മദമായി, ക്രോധ, മാത്സര്യമായ്, ലോഭമായ്,
വിരഹമായ് സ്നേഹ നിരാസം.
അമിതാത്മ സ്നേഹം, തപിക്കും വെറുപ്പായി
പരചൂഷണത്തിൻ കഥാന്ത്യം.
സുഖദമീ സ്നേഹം, ചരാചര പ്രേമത്തി-
ലളവൊറ്റൊരാനന്ദ മേളം.

തമസാ തടത്തിൻ കവന ചൈതന്യമേ
മമ സാഹസം പൊറുത്താലും
ഒരുനാളിൽ നീ ചൊന്നതൊന്നുമാത്രം എന്റെ
കവനത്തിലും കടന്നെത്തി.
അതുമാത്രമേ ചൊന്നതൊള്ളുഞാൻ, സ്നേഹത്തി-
നയുതാപാദാനങ്ങൾ മാത്രം.
പറയുവാനില്ലെനിക്കൊന്നുമേ, സ്നേഹത്തി-
നപദാനമല്ലാതെയൊന്നും. 

-----------
16.03.2020




ഗ്രേറ്റ് ഡിപ്രഷൻ


ഗ്രാമാതിർത്തിയിൽ ഉണ്ടായ ചെറിയ വിള്ളലിലൂടെയാണ്
ഡിപ്രഷൻ കടന്നു വന്നത്.
മേഘം ഇരുൾകെട്ടിയ തുരുത്തുകളിൽ,
കാറ്റുറങ്ങിപ്പോയ നിശ്ചലദൃശ്യങ്ങളിൽ,
അതു പതുങ്ങിയിരുന്നു.
സൂത്രശാലിയായ ഒരു കരടിയെപ്പോലെ
അവിചാരിതമായി പ്രത്യക്ഷപ്പെടുകയും,
അനവസരങ്ങളിൽ
ദുർബല ഹൃദയങ്ങളെ
അതു കീഴ്‌പ്പെടുത്തുകയും ചെയ്തു.

ധനാത്മകത കൂട്ടാൻ ഗ്രാമമുഖ്യൻ 
തിരക്കു കുറഞ്ഞ പാതകൾ തെരഞ്ഞെടുത്തു.
നരച്ച ജമ്പറിട്ട ആകാശത്തിനു കീഴിൽ
അയാൾക്കു പിന്നിൽ ഗ്രാമവാസികൾ നിരന്നു.
ഓട്ടക്കാരെന്നവർ ഭാവിച്ചു.
തിരക്കില്ലാത്തവർ,
അതുള്ളതായി അഭിനയിച്ചു.
ചിരി മരിച്ചവർ,
വെടലച്ചിരി മുഴക്കി. 
(അതു കേട്ടവർ,   
നിശബ്ദമായി തേങ്ങി.)

കടലാസു മുഖവുമായി ഗ്രാമവാസികൾ   
ഒഴിഞ്ഞ പാടങ്ങളിലേക്കിഴഞ്ഞിറങ്ങി.
നിഷ്ക്രിയമായ സന്ധിബന്ധങ്ങൾ,
ഓജസ്സറ്റ പേശികൾ,
ശൂന്യത നിറഞ്ഞ കണ്ണുകൾ,
കാറ്റിലാടുന്ന നരച്ച വസനം.
പക്ഷെ പക്ഷികൾ പറന്നുപോയി.