ജാലകച്ചില്ലിൽ ചിലങ്കചാർത്തി
കാലവർഷം നൃത്തമാടിടുമ്പോൾ
ആരീയിരുട്ടിൻ നിഴലുപറ്റി
ആഷാടസന്ധ്യയിലാഗമിപ്പു?
നേരെ വിടർന്നു മുനിഞ്ഞുകത്തും
ദീപനാളത്തിനുമപ്പുറത്തായ്
നേരും നുണയും നിറഞ്ഞഗ്രന്ഥം
ചാരിയുറങ്ങുമലമാരതൻ
ചാരെ മൃദുഹാസ ചാരുതയാൽ
പാതി തുറന്ന മിഴികളുമായ്
ആരുനീയെന്നെത്തിരഞ്ഞെത്തിയീ
കാരുണ്യവർഷം ചൊരിഞ്ഞിടുന്നു?
പാതിയിരുട്ടിലലിഞ്ഞു ചേർന്ന
ധൂസര ചേതോഹരാംഗങ്ങളോ,
നേർത്തു പടർന്ന പുകച്ചുരുളിൽ
കാറ്റുകൊണ്ടാരോ വരച്ചപോലെ.
പൂത പുരാതന സംസ്‌കൃതിതൻ
വാതായനങ്ങൾ തുറന്നപോലെ
ഭൂതകാലത്തിലേക്കാണ്ടുപോകും
പാതകൾ നിന്നിൽ തുടങ്ങിടുന്നു.
ആരുനീ ചൊല്ലു ഹിമാംശുവിന്റെ
ധൂളികൾ കൊണ്ടു മെനഞ്ഞെടുത്ത
ചാരുതയാണോ നിശാഗമത്തി-
ന്നാനന്ദ പീയൂഷധാരയാണോ?
--------------------
04.08.2021