Wednesday 10 November 2021

മാവേലി എന്തിനു വന്നിടണം?


ശ്യാമ മേഘങ്ങൾക്കുമപ്പുറത്തായ്
ഓണനിലാവു മറഞ്ഞു നിന്നു.
പ്രേതരൂപം പൂണ്ട മാമരത്തിൻ
ശാഖയിൽ തെന്നൽ കുരുങ്ങിനിന്നു.

പാതിരാക്കോഴി കരഞ്ഞു ചൊല്ലി
"ഓണ വെയിലു പിറക്കുകില്ല."
പാതിരാപ്പുള്ളുകൾ പാടിയില്ല
പൂങ്കോഴി കൂകിത്തെളിച്ചുമില്ല.
കാലവർഷത്തിൽ കുളിച്ചീറനാ-
യാഗതയാവാൻ പുലരി വൈകി.  

തോരാതെ പെയ്തു പകലൊക്കെയും,
ആടിക്കഴിഞ്ഞില്ല ആടിവേഷം  
വാടിയിൽ പൂക്കൾ കൊഴിഞ്ഞുവീണു
കാലമൊരുക്കിയ പൂക്കളത്തിൽ
നീളെക്കരിയില റേന്ത തുന്നി
നീളത്തിൽ നൂലായി മണ്ണിരയും.
ആരും ക്ഷണിക്കാതെയുപ്പനെത്തി*
പ്രാതലുമായിപ്പറന്നുപോയി.
കാടുപിടിച്ചോരിടവഴിയിൽ-
ക്കൂടിവരാനില്ല ആരുമാരും.
ആരും വരാത്ത വഴിയിലൂടെ
മാവേലി എന്തിനു വന്നിടണം? 

(*ഉക്കൻ/ചെമ്പോത്തു)

-----------

 22.08.2021

No comments:

Post a Comment

Hope your comments help me improve.