ചിര പുരാതന വീഥിയിൽ, തനു
തഴുകിയെത്തിയ തെന്നലിൽ,
രജത നൂപുര രാഗ മഞ്ജരി
തിരയുമേതു പുടങ്ങളെ?
വിജനമീ വനവീഥിയിൽ പ്രിയ
മുരളിയൂതിയലഞ്ഞിടും,
പ്രണയ ഗായകൻ, നാദധാരകൾ
ഒഴുകിയാരിലണഞ്ഞിടും?
പ്രണയമേ, രവമായി, നീരവ
നിശിത ശൂന്യ നിലകളിൽ,
വിരഹ താപമാണച്ചിടും സ്വര
മഴയിലേറിയണഞ്ഞിടു.
പ്രണയമേ, നവ മേഘരൂപികൾ
കരുണയോടെ പകർന്നിടും
അമൃത ധാരകളായി ഞങ്ങടെ
മറുനിലത്തിലണഞ്ഞിട്ടു.
പ്രണയമേ, ദ്വയമായൊടുങ്ങിയ
ശിഥിലബന്ധതമസ്സിലേ-
കിരുളു നീക്കിവരും പ്രഭാകര
കിരണമായി നിറഞ്ഞു.
പ്രണയമേ, മധുരാന്നമാവുക
പശി നിറഞ്ഞുദരങ്ങളിൽ,
സിരകളിൽ രസബാന്ധവത്തിൻ
ലഹരി മെല്ലെ നിറയ്ക്കുക.
പ്രണയമേ, മധുരാക്ഷരങ്ങളിൽ
നിറയുമോമൽ കവിത നീ,
ഹൃദയ ഭാഷ പകർത്തിടാനൊരു
കനക തൂലിക നൽകുമോ?
------------------
09.08.2022
*കർണ്ണപുടം = ടിംപാനിക് മെംബ്രേൻ
നീരവ = നീ+രവ (No Rava)
No comments:
Post a Comment
Hope your comments help me improve.