എന്തിനണഞ്ഞു നീ സ്വപ്നങ്ങളിൽ വീണ്ടു-
മെന്തിനെൻ ശയ്യാഗരത്തിൽ വീണ്ടും?
മന്ദസ്‌മിതാലക്ത്തികാഭയിലായിര-
മിന്ദീവരങ്ങൾ വിടർത്തി വീണ്ടും?
സന്ധ്യ ചേക്കേറുമെന്നന്തരാത്മാവിന്റെ
വന്ധ്യതരുക്കളിൽ പൂ വിടർത്താൻ
എന്തിനു വീണ്ടുമണഞ്ഞു സുഷുപ്തിയിൽ
മന്ദ കിശോരപക്ഷങ്ങൾ വീശി?
ഉൽഭുല്ലമാകുമുഷസ്സിൻ ദളങ്ങളിൽ
സൽ സുര നീഹാരമിക്കിളിതൻ
സപ്ത തരംഗമുണർത്തവേ മൂകമാ-
യെത്തിയതെന്തിനീ കമ്പളത്തിൽ?
എന്നോ കൊഴിഞ്ഞ വാഗ്‌ദാനപുഷ്‌പം കൊരു-
ത്തെന്തിനീ സങ്കല്പ മാല്യവുമായ്
മെല്ലെ തുറന്നെഴുന്നെള്ളി മനസ്സിന്റെ
യുള്ളിൽ വിമൂകാനിലൻ കണക്കെ.
നിദ്രതന്നാഴത്തിൽ നീന്തും കിനാക്കളെ
വിസ്മയാകാരവികാരങ്ങളെ,
മന്മനോകൈവർത്തകൻ കാത്തിരിക്കുന്നു
തന്മയത്വത്തിൻ വലയുമായി.
-----------
മോഷ്ടാക്കളുടെ ശ്രദ്ധയ്ക്ക്.
"മോഷ്ടിക്കുമ്പോൾ വള്ളി പുള്ളി വിടാതെ മോഷ്ടിക്കണം. ദയവായി അക്ഷരത്തെറ്റു വരുത്തരുതേ..."
16.08.2024
No comments:
Post a Comment
Hope your comments help me improve.