ഒരു കുഞ്ഞു പൂവിതൾ നൽകീല, മധുരമാ-
യൊരു വാക്കു പോലു മുരച്ചീല, സ്വപ്‌നങ്ങൾ
വിടരും മിഴികളിൽ മിഴിനട്ടു നിന്നില്ല,
പവിഴാധരത്തിൽ പകർന്നില്ല ചുംബനം.
"മധുരമത്തേൻമൊഴി" എന്നു മൊഴിഞ്ഞില്ല,
മധുകരനായിപ്പറന്നീല ചുറ്റിനും,
ഇരവിൽ ഞാൻ ചോരനായെത്തിയില്ലെങ്കിലും
പ്രണയമാണെന്നു നീ ചൊല്ലാതെ ചൊല്ലിയോ?
പ്രണയമാണിന്നും, കൊഴിഞ്ഞ ദിനത്തിലും,
പ്രണയമാണിപ്പൊഴും, പൊയ്‌പ്പോയ രാവിലും,
പ്രണമാണെന്നുമീ പകലിൽ വെളിച്ചമായ്,
പ്രണയാതിരേകമീ മൺവീണയെപ്പൊഴും.
നിറയുന്ന പ്രേമസംഗീതമിത്തന്ത്രിതൻ
നിലവിട്ടു നിന്നിലേക്കൊഴുകുന്നു രേഖയാ-
യുഴുതു മറിച്ച യവപ്പാടവും കട-
ന്നിരുളിൽ മാമ്പൂവുകൾ വിരിയുന്ന വേളയിൽ.
അരികിൽ നിൻ നൂപുരധ്വനി ഉണർന്നീടുന്ന
നിമിഷമതേതെന്നു കാത്തിരിക്കുന്നു ഞാൻ.
പൊടിയിലഞ്ഞിപ്പൂക്കൾ വീണു നിറഞ്ഞിടും
തൊടിയിലേകാകിയായാരെ ഓർക്കുന്നു നീ?
ഒഴുകിപ്പരന്നു നിലാവുപോലെത്തുമീ
പ്രണയകല്ലോലത്തിൽ നീന്തി ത്തുടിച്ചു ഞാൻ
നളിനങ്ങൾ പൊട്ടിച്ചു നൽകട്ടെ, കുങ്കുമ-
ച്ചൊടികളിൽ ചുംബനപ്പൂക്കളർപ്പിക്കട്ടെ.
*ഇന്നലെ ഫെബ്രുവരി 14 ആയിരുന്നു.
----------
15.02.2020