"ശംഖുമുഖത്തെ പുരാതന പൂഴിയിൽ
എന്തേ മുഖം പൂഴ്ത്തി നിൽപ്പു തോഴി?
ശങ്കയോടല്പം ചരിഞ്ഞ തുലാവർഷ
മെന്തേ നനച്ചുകളഞ്ഞു നിന്നെ?
സുന്ദരമീ വ്യോമതാവള സീമയിൽ
സുന്ദരീ വിഘ്നങ്ങൾ വന്നുപെട്ടോ?
കോമളമീ മുഖം വാടിയതെന്തു നീ
കോവളത്തേക്ക് പുറപ്പെട്ടതോ?
തുമ്പയോ, വേളിയോ, വെട്ടുകാടോ അതോ
തമ്പുരാൻ വാഴും കവടിയാറോ?
എത്തേണ്ടതെങ്ങെന്നറിയാതെ കോട്ടയ്ക്ക്
ചുറ്റിക്കറങ്ങി ചക്രങ്ങൾ തീർന്നോ?
ചട്ടം പറഞ്ഞജപാലകർ താവക
ചട്ടയുംകൂടിപ്പറിച്ചെടുത്തോ?
താവളം കിട്ടാതുറങ്ങുവാനാവാതെ
താളുകളെല്ലാമുറഞ്ഞുപോയോ?
സന്നിപാതജ്ജ്വരം പോലെ വിറയ്ക്കാതെ
സന്ദേഹമില്ലാതുരച്ചിടു നീ."
പുസ്തകരൂപിണിയാമവൾ മസ്തകം
പുച്ഛത്തിൽ മെല്ലെ ഉയർത്തി നോക്കി.
ഉദ്ധതയായവൾ മുഗ്ദ്ധ കുലീനമാ-
യിത്ഥം പറഞ്ഞു കടന്നു പോയി.
"ചൊല്ലരുതാരോടുമെങ്കിലുരച്ചിടാം
ചൊല്ലെഴും ഭാഷാമലയാളമെ,
ഷാർജ്ജയിൽ പോയതാണിന്നലെ സന്ധ്യയ്ക്കു
രാജ്യാന്തരോത്സവം കൊണ്ടാടുവാൻ.
മാളുകൾ, കാറുകൾ ആഡംബരോജ്വല-
മാകാശചുംബികളാലയങ്ങൾ,
പ്രാർത്ഥനാനാദ മുഖരിതം രാപകൽ
ചേർത്തുനിറുത്തുന്നു ശ്യാമതീർത്ഥം.
ആയിരം വർണ്ണത്തിലായിരം രൂപത്തിൽ
ആഗതരായെത്ര സോദരികൾ.
ആശയ വിസ്ഫോടനങ്ങൾ നിറച്ചവർ
ആന്തര സൗന്ദര്യ വാഹിനികൾ.
ആദരവോടുപചാരം പറഞ്ഞു ഞാൻ
ആഹ്ലാദപൂരിതയായെങ്കിലും,
കാറ്റുകൊണ്ടൂതി പെരുപ്പിച്ച ദുർബ്ബല
ശാർദ്ദൂലബിംബങ്ങൾ കണ്ടപാടെ,
പാത്തു പതുങ്ങി തിരിച്ചിങ്ങു പോന്നു ഞാൻ
കാറ്റൊഴിഞ്ഞീടും ബലൂണുപോലെ."
-------------
21.11.2024
No comments:
Post a Comment
Hope your comments help me improve.