Wednesday, 23 January 2013

കണ്ടുവോ നീ സോക്രട്ടീസേ

പാളയം പാതയില്‍ ഒരുപിടിച്ചൂട്ടുമായ്
ആരെ നീ തെരയുന്നു ഗ്രീക്കിലെ സോക്രട്ടീസേ?
ആളുന്ന പന്തത്തിന്റെ നാളത്തില്‍ തിളങ്ങുന്ന
നാസികത്തുമ്പു കൊണ്ടാരെ നീ മണക്കുന്നു?
വെളിച്ചം പോരെന്നുണ്ടോ? ഉച്ച വെയിലിൻ
തീക്ഷ്ണ പക്ഷങ്ങള്‍ തളര്‍ന്നുവോ? വിളക്കു പൊലിഞ്ഞുവൊ?
കാറ്റിലാടും കരിമ്പനച്ചാര്‍ത്തു പോലുല-
ഞ്ഞാര്‍ത്തനായ് തെരയുന്നു ഓരോ മുഖത്തിലും.
നോക്കി നീ ദേവാലയ സമക്ഷത്തില്‍
നേര്‍ച്ചകളര്‍പ്പിച്ചിറങ്ങും ഭക്തന്മാരെ,
പേപ്പറില്‍ തുല്യം ചാര്‍ത്തുവോര്‍, പരശതം
നോട്ടു മാലകളിട്ടു ക്ഷേമം വിളമ്പുവോര്‍,
പെരുക്കിക്കിഴിക്കുവോര്‍, കണക്കിലെ
കളികള്‍ക്ക് കപ്പം കൊടുക്കുവോര്‍,
ദൈവത്തെ മുറിച്ചു വില്‍ക്കുന്നവര്‍,
പഠിക്കുവോര്‍, പാഠങ്ങള്‍ ചൊല്ലി ക്കൊടുക്കുവോര്‍,
പിന്നെ പഠനം വില്‍ക്കുന്നവര്‍,
രോഗിയെ കക്കുന്നവര്‍, കള്ളനെ മുക്കുന്നവർ.
കണ്ടുവോ മഹാത്മാവേ നീ തേടുമാത്മാവിനെ?
ദണ്ഡകാരണ്യമല്ലോ പാളയം പെരുവഴി!
ആളുകള്‍ പുഴുക്കളായ് ഞുളഞ്ഞു മദിക്കുന്ന
പാതയില്‍ പഴത്തൊലി പോലെ നീ മരുവുന്നു.
മാനുഷ്യകത്തിന്റെ പൊരുളിലേക്കൊളിചിമ്മി
നോക്കിയ നയനങ്ങള്‍ കലങ്ങി മറിഞ്ഞുവോ?
നേര്‍ത്ത ഫാലത്തില്‍ കാലം തീര്‍ത്ത സീതങ്ങളില്‍
വേര്‍പ്പിന്റെ പെരുവെള്ള മലറിപ്പായുന്നല്ലോ.
'പ്ളേറ്റൊയും', 'ക്സിനഫോണും' വന്ദിച്ചൊരടികളില്‍
ചേറു പറ്റിയോ മുന്നം വിഴുപ്പിൻ തീരങ്ങളിൽ?
ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ കൊണ്ടറിവിന്‍ നികുംഭില
ഭേദിച്ച നാവിന്‍ തുമ്പും ഉണങ്ങി വരണ്ടുവോ?
ഒടുവില്‍ രക്തസ്സാക്ഷി മണ്ഡപപ്പടികളില്‍
തണുപ്പു ബാധിച്ച കാലുമായിരിക്കവേ,
തരിപ്പു നാവിന്‍ തുമ്പിലെത്തും മുമ്പുരയ്ക്കുന്നു,
"കോഴിയെ കൊടുക്കണം; മർത്യനെ കണ്ടില്ലല്ലോ!"
-------------------
23.01.2013

2 comments:

Hope your comments help me improve.