Wednesday, 23 January 2013

അഹല്യ



സൂര്യ വംശാത്മജാ നീ വരേണ്ടീ വഴി
ശാര്‍ദ്ദൂല, സര്‍പ്പങ്ങള്‍ മേവുന്നോരീ വഴി.
ഘോരാര്‍ക്ക രശ്മി തന്നാതപം പൊള്ളിച്ചൊ-
രായിരം വര്‍ഷം കടന്നുപോമെന്‍ വഴി.
താപമാണെന്നിൽ ഉറഞ്ഞ ദുഃഖത്തിന്റെ 
തൂണീരമാണീ അഹല്യയെന്നോര്‍ക്കുക. 
നീ തൊട്ടുണര്‍ത്തേണ്ട, പാറയായ് മാറിയ 
പാപിഷ്ടയല്ലീ അഹല്യയെന്നോര്‍ക്കണം.
പാതാള വഹ്നി പോല്‍ കാളുമീ മാനസം,
പാരതന്ത്ര്യത്തിലേയ്ക്കില്ല പോകില്ല ഞാന്‍. 
മീട്ടാന്‍ മറന്നൊരു വീണയായ് പോയിനി, 
നാട്ടിലേക്കില്ല ഞാന്‍, കാടാണു മല്‍ ഗൃഹം.
കാടായി മാറിയ മര്‍ത്യ മനസ്സിനെ -
ക്കാളു മാരണ്യത്തിന്‍ സുരക്ഷയാണുത്തമം.

താപസ വാടത്തിലോരോ വസന്തവും
പാരിജാതങ്ങള്‍ നിറച്ച ത്രിസന്ധ്യയില്‍,
പാലൊളി ചിന്നി, മൃഗാങ്കനിരുട്ടിന്റെ 
പാവാട തെന്നലി ലോളങ്ങള്‍ നെയ്യവേ,
കാമ്യവനത്തിലെ കൂജനമമ്പുപോല്‍ 
മാമക മാനസമെയ്തു മുറിക്കവേ,
ആരോ വിളിച്ച പോലെന്‍ മനമുന്‍മാദ
മോഹിതമായി ഞാനന്നോ ശിലയല്ല.

മാതൃത്വമേറാന്‍ കൊതിച്ച പൂമെയ്യൊരു
ശാപ വച്ചസ്സിലുടക്കി ശിലയായി.
ആയിരം സംവത്സരങ്ങള്‍ തന്‍ ഭാരവും 
പേറി ആരണ്യ ഗര്‍ഭത്തിലുറങ്ങവെ,
മാറും ഋതു ക്കളില്‍ പൂക്കളും കായ്കളും 
ചൂടിത്തളിരുമായ് ഭൂമി പുഷ്പിക്കവേ,
വേദന തിന്നുകയായിരുന്നു ശില-
യാകാന്‍ കൊതിക്കാത്ത മാനസമെപ്പൊഴും.

ത്രേതായുഗത്തിന്റെ പുണ്യമേ നീ കനി-
ഞ്ഞേകേണ്ടയാക്ളിന്ന ദർശനം പോലുമേ.
നീ തൊട്ടുണര്‍ത്തേണ്ട, ആളിപ്പടരുമീ 
ചേതോ വികാര തരംഗമടവിയില്‍. 
വാരിപ്പുണരാന്‍ കൊതിക്കും കരങ്ങളി-
ലാസുര ശക്തി പകരേണ്ട രാഘവാ!

നീ തൊട്ടുണര്‍ത്തേണ്ടഹല്യമാരായിരം
കോടിയുണ്ടീ ദൂര ഭൂമിയിലൊക്കെയും. 
നാളെ നീയും ഭൂമി പുത്രിയെ കാഞ്ചന 
സീതയായ് മാറ്റുന്ന നീതിമാനായിടും.
ഘോരാടലില്‍, ശിലാതന്തുക്കളില്‍ ദുഃഖ-
മൂറിയൊലിപ്പിച്ചു കന്മദമാക്കവേ,
ഓരോ യുഗത്തിലും കല്ലായി മാറുവാന്‍
നൂറാണഹല്യമാരാക്കല്ലുടച്ചു നീ 
മേലോട്ടു കെട്ടിപ്പണിയും മുറികളില്‍ 
രാവും പകലുമുറങ്ങട്ടെ ഗൌതമന്‍.
--------------
23.01.2013

1 comment:

Hope your comments help me improve.