Saturday, 9 March 2013

ഒമര്‍ഖയാം ചിരിക്കുമ്പോള്‍


ഇന്നലെ രാത്രിയില്‍ വന്നിരുന്നു ഒമര്‍
പുണ്യ പുരാതനന്‍ വന്ദ്യ വയോധികന്‍.
ജാമിതീയത്തിന്‍ ത്രികോണങ്ങളില്‍ തന്റെ
കോണക മൂരിവച്ചാര്‍ത്തുല്ലസിച്ചവന്‍.
കൈയിലാള്‍ജിബ്രയും തൂക്കി സമര്‍ഖണ്ടില്‍
നിന്നുമിറങ്ങി വന്നെന്നോടു ചോദിച്ചു.
"മൊട്ടത്തലയിലണക്കെട്ടുമായി നീ
നെട്ടോട്ടമോടുവ തെന്തിനൊ ഏതിനോ?” 
“മത്സരമല്ലഹോ ജാവിതം കേവല- 
മുത്സവം മാത്രമാണല്ലോ വിദൂഷകാ.
പൊട്ടും വളകളും കാണാന്‍ മറന്നുവോ?
കൊട്ടും കുരവയും കേള്‍ക്കാത്തതെന്തു നീ?
നഷ്ടമായ് തീരും നിമേഷങ്ങളില്‍ നിറ -
പ്പൊട്ടുകള്‍ തൂകാന്‍ മറന്നു നീ വത്സലാ."
"നാലായ് മടക്കിയ നേര്‍ രേഖയില്‍
തവ ജീവിതം വീര്‍പ്പു മുട്ടുന്ന നേരങ്ങളില്‍,
രാവും പകലും പിണഞ്ഞ ചതുരങ്ങളി -
ലാള്‍പ്പടയാളിയായ് മുട്ടി നില്‍ക്കുന്നേരം,
കെട്ടു പൊട്ടിച്ചൊരു പട്ടമായ്ത്തീരണം
കെട്ടുകളെല്ലാമറുത്തെറിഞ്ഞീടണം. 
കോട്ടും കളസവും ജാക്കറ്റു മൂരി നീ
കാറ്റിന്‍ കളേബരം പുൽകാനിറങ്ങണം.
ജീവിതം മുന്തിരിച്ചാറായ്, ലഹരിയായ്
ഓരോ ഞരമ്പിലും പെയ്തിറങ്ങീടണം.
ദൂരെ നിശീഥത്തിലാദ്യ നക്ഷത്രം പോലെ
നേരിന്‍ നിലാവായ് പടര്‍ന്നിറങ്ങീടണം.
താരങ്ങളില്‍ മിഴി നട്ടു നില്‍ക്കുമ്പോഴും
തോരാത്ത ഭൂമിയില്‍ കാലുറച്ചീടണം.
ധൂളിയായ് വന്നു വിതാനിച്ചു ഭൂമിയില്‍
ധൂമമായ് തീരേണ്ട സംയുക്തമാണു നീ.
ജീവിതം പൂജ്യമാണുണ്ണീ മറക്കായ്ക
സായൂജ്യമല്ലോ അനാദിമദ്ധ്യാന്തങ്ങള്‍."
-----------------------------
ഒമര്‍ഖയാം - ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പേര്‍ഷ്യയില്‍ (ഇറാന്‍ ) ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍ , അദ്ധ്യാപകന്‍, തത്വ ചിന്തകന്‍, കവി. ജീവിതം ദുഖിക്കുവാനുള്ളതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. Read Rubiyat of Omar Khayyam

 09.03.2013

4 comments:

  1. പ്രിയതരം

    ഇനിയും വരാം

    ReplyDelete
  2. ജീവിതം ആസ്വദിക്കാനുള്ള സാഹചര്യവും വേണ്ടേ ?

    ReplyDelete
  3. ധൂളിയായ് വന്നു വിതാനിച്ചു ഭൂമിയില്‍
    ധൂമമായ് തീരേണ്ട തന്മാത്രയാണു നീ .
    ജീവിതം പൂജ്യമാണുണ്ണീ മറക്കായ്ക
    സായൂജ്യ മല്ലോ അനാദിമദ്ധ്യാന്തങ്ങള്‍ ."

    അതി മനോഹരമെന്നല്ലാതെ എന്തു ഞാൻ പറയാൻ?

    വളരെ നല്ലൊരു കവിത.ഒരുപാട് ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
  4. താരങ്ങളില്‍ മിഴി നട്ടു നില്‍ക്കുമ്പോഴും
    തോരാത്ത ഭൂമിയില്‍ കാലുറച്ചീടണം .
    ധൂളിയായ് വന്നു വിതാനിച്ചു ഭൂമിയില്‍
    ധൂമമായ് തീരേണ്ട തന്മാത്രയാണു നീ .
    ജീവിതം പൂജ്യമാണുണ്ണീ മറക്കായ്ക
    സായൂജ്യ മല്ലോ അനാദിമദ്ധ്യാന്തങ്ങള്‍ ."

    കവി വല്ലഭർക്ക് മാത്രം എഴുതുവാൻ പറ്റുന്ന വരികൾ...!

    പ്രിയപ്പെട്ട പ്രിയൻ ഭായ് ,
    താങ്ക്അൾ ഇതുവരെ ബ്ലോഗറിലെ
    ഫോളോയിങ്ങ് ഓപ്ഷൻ സൈഡ് ബറിൽ
    കൊടുത്തിട്ടില്ല.., അതുണ്ടെങ്കിൽ താല്പര്യമുള്ളവർക്കെല്ലാം
    അവരുടെ ഡേഷ് ബോർഡുകളിലും അപ്പപ്പോൾ ഓരോ പോസ്റ്റുകളും
    കാണാം കേട്ടൊ

    ReplyDelete

Hope your comments help me improve.