Sunday, 2 June 2013

ശത്രു പക്ഷം

Shathrupaksham - priyavrathan

ഒരുശത്രു വേണം കറുപ്പും വെളുപ്പുമാ-
യിഴചേർന്ന ചതുരക്കളങ്ങളിലാടുവാൻ.
പടവെട്ടുവാൻ, രുധിരപാനോത്സവത്തിന്റ
ലഹരിയിലുന്മാദനൃത്തം ചവിട്ടുവാൻ.

ഒരുശത്രു വേണം തളർന്ന പഞ്ചേന്ദ്രിയ
പ്പടയാളികൾക്കു സുജേമനം നല്കുവാൻ.

മുഖമറ്റ ജനവിസ്മയത്തിന്റ പെരുവെള്ള-
മലറിക്കുതിക്കുന്ന പഥസഞ്ചയങ്ങളിൽ,
നിഴലുകൾ മാത്രമായലയുന്ന സ്വത്വത്തി-
നഴകും പ്രഭാവവും വാർത്തെടുത്തീടുവാൻ
ഒരുശത്രു വേണം; കൊമ്പും കുഴൽവിളി 
പടഹധ്വനി കൊടിക്കൂറപാറുന്നൊരീ 
പടനിലത്തുത്സവമാടിത്തിമർക്കുവാൻ, 
ശരമാരി കൊണ്ടൊളിചിമ്മും പ്രഭാകര 
ദ്യുതി മറച്ചീടുവാൻ, ശ്യാമപക്ഷംപോലെ 
ചിറകുകളോരൊന്നു കൊയ്തെടുത്തീടുവാൻ,
ഒരുശത്രു വേണം; പ്രണയസരോവരം
അണതകർത്തലറിക്കുതിച്ചെത്തി ഇണയുടെ
അടരാൻകൊതിക്കുന്ന ചുണ്ടിലെ ചുംബന-
പ്പനിനീർസുമങ്ങൾ കവർന്നെടുത്തീടുവാൻ,
വിജിഗീഷുവായ്‌ നെഞ്ചിലിടിമുഴക്കംതീർത്തു 
മൃഗമായി ചാട്ടവാറടിപോലെ ഉന്മത്ത-
നായി മദിക്കുവാൻ ഒരുശത്രു വേണം.

മദനോത്സവത്തിന്റ സാന്ധ്യമയക്കത്തി-
ലലസഹാസത്തിന്റെ മഴയുതിർത്തീടുവാൻ
ഒരുശത്രു വേണം; പരാജയപ്പടുകുഴി 
മണലിട്ടുമൂടുവാൻ, പഴിപറഞ്ഞീടുവാൻ 
ഗണിതങ്ങൾ തെറ്റവേ, നിലപാടു മാറ്റവേ 
പഴിചാരുവാൻ പിന്നെ മൊഴിഅഴിച്ചീടുവാൻ, 
ഒരുശത്രു വേണം; ശിശിരഗ്രീഷ്മങ്ങളിൽ 
നിഴൽയുദ്ധമാടിപ്പലായനം ചെയ്യുന്ന 
ശത്രു വേണം…… എനിക്കൊരു ശത്രു വേണം.

ഒടുവിലൊരുസന്ധ്യയിൽ ഒളിയമ്പുകൊണ്ടൊരു 
തലഅറുത്തീടുവാൻ, വീരനായ്ത്തീരുവാൻ,
കനകസിംഹാസനം, ചെങ്കോൽ, കിരീടവും 
പറുദീസതോൽക്കുന്ന അന്തപ്പുരങ്ങളും,
നവധാന്യമൊഴിയാത്ത കലവറ, തോരാതെ 
കളധൗതവർഷം നിറഞ്ഞ ഭണ്‍ഡാരവും,
പകലന്തി ഓടിയാൽതീരാത്തഭൂമിയും,
പ്രജകളും, പ്രജയെനയിക്കുന്ന പ്രജ്ഞയും,
കരഗതമാക്കുവാൻ പ്രഥമനായ് തീരുവാൻ 
ഒരുശത്രു വേണം …… എനിക്കൊരു ശത്രു വേണം.

രുധിരംപകർന്ന കൊടിക്കൂറപാറവെ
ചിതയിൽ കബന്ധം എരിഞ്ഞടങ്ങീടവേ, 
ഇരുളിൻകയത്തിലെ ദീർഘനിശ്വാസങ്ങ-
ളണപൊട്ടി എൻകാതിലലമുറയാകവേ,
പടികൾകടക്കുവാൻ, ഗിരികടന്നീടുവാൻ
വഴിമുട്ടി അകതാരു കൊതിപൂണ്ടുനിൽക്കവേ,
വിരസമായ്ത്തീരും നിമിഷങ്ങൾ മിഴിപൂട്ടി
നിഭൃതപഞ്ചേന്ദ്രിയം വഴിമുട്ടി നിൽക്കവേ
തിരയുന്നു ഞാനെന്റശത്രുവെ തിരയുന്നു.

ഒരു മത്സരത്തിന്റ പോർവിളി കേൾക്കുവാൻ
എവിടെ നീ? എന്നശ്വമിടയുന്നു, ലക്ഷ്യങ്ങ- 
ളിനിയില്ല, നാഭിയിൽ കടലിരമ്പുന്നു, കാൽ 
തളരുന്നു, വാക്കിലോ ചില്ലുകൾ ചോരുന്നു.
എവിടെ നീ? ശത്രുവേ നീ ഇല്ല എങ്കിലീ 
പടയോട്ടമിനിയില്ല, പടയണി വേറില്ല.
നീ ഇല്ല എങ്കിലീ ഞാനില്ല, എന്നൂറ്റ-
മൂടറ്റ പാവിന്നഹങ്കാരമല്ലയൊ?

അറിയുന്നു നീ എന്നിൽ നിറയും ഉഷസ്സിന്റെ
നെറിവായിരുന്നു, കണ്‍പോളകൾചിമ്മാത്ത 
ഉണർവ്വായിരുന്നു, ജാഗ്രത്തിൻ പ്രചണ്ഡമാം
ദ്യുതിയായിരുന്നു നീ ഞാനായി മാറുന്നു.


---------------
16.03.2013

2 comments:

  1. മനോഹരവും ശക്തവുമായൊരു കവിത
    ചൊല്ലിക്കേട്ടാല്‍ നന്നായിരിയ്ക്കും

    ReplyDelete
  2. ഒരു ശത്രു വേണം തളർന്ന പഞ്ചേന്ദ്രിയ
    പ്പടയാളി കൾക്കു സുജേമനം നല്കുവാൻ...


    ആ.. ശത്രു നമ്മുടെ ഉള്ളിൽ തന്നെ കുടികൊള്ളുകയാണല്ലേ..!


    അറിയുന്നു നീ എന്നിൽ നിറയും ഉഷസ്സിന്റെ
    നെറിവായിരുന്നു, കണ്‍ പോളകൾ ചിമ്മാത്ത
    ഉണർ വായിരുന്നു, ജാഗ്രത്തിൻ പ്രചണ്‍ഡമാം
    ദ്യുതി യായിരുന്നു നീ ഞാനായി മാറുന്നു.


    അതെന്യാണ് ഇടക്കിടക്ക് കേൽക്കുന്ന യുദ്ധ കാഹളം അല്ലേ ഭായ്

    ReplyDelete

Hope your comments help me improve.