ആരുടെ വിളിപ്പുറത്തെപ്പൊഴും ഉണർന്നിരി-
പ്പാരുടെ വിജയത്തിൻ നാളുകളെണ്ണീടുന്നു!
ആരുടെ നിറതോക്കു കാത്തിരിക്കുന്നു വൃഥാ
ജീവിതമൊരു 'യൂത്തനേഷ്യ' യിലൊതുങ്ങീടാൻ.
ആരവം മുഴക്കുന്ന ജനസഞ്ചയത്തിന്റെ
ആവേശ കല്ലോലത്തിലൂടവേ അനാരതം
ആർജ്ജിതവീര്യം ഭരിച്ചാർജ്ജുനബാണംപോലെ
നേർവഴി കുതിക്കുന്നു പന്തയക്കുതിരകൾ.
എന്തിനായോടീ ദൂരമിത്രയും നാളീമണ്ണിൽ?
"ബന്ധുരമഹീതലമെത്രനാളോടീടുന്നു!"
എന്തു നീ നേടി ജൈത്രയാത്രകൾക്കൊടുവിലായ്?
"സ്വന്തമാക്കുവാൻ മാത്രമെന്തുണ്ടു വിശ്വത്തിങ്കൽ!"
ഓടുക വാജീശ്രേഷ്ഠ! കർമ്മകാണ്ഡത്തിൻ ശക്തി-
സ്രോതസ്സു നിറയട്ടെ കാരിരുമ്പടികളിൽ.
പന്തയക്കുതിരകൾ, യന്ത്രങ്ങൾ - നിലക്കാത്ത
ജംഗമചരിതത്തിൻ ഭാസുരസങ്കല്പങ്ങൾ.
----------------
17.02.2016
‘എന്തിനായോടീ ദൂര മിത്രയും നാളീ മണ്ണിൽ?
ReplyDelete"ബന്ധുര മഹീതല മെത്രനാളോടീടുന്നു!"
എന്തു നീ നേടീ ജൈത്ര യാത്രകൾ ക്കൊടുവിലായ്?
"സ്വന്തമാക്കുവാൻ മാത്രമെന്തുണ്ട് വിശ്വത്തിങ്കൽ!"
ഓടിപ്പിക്കുന്നവർക്കും , കടിഞ്ഞാൺ പിടിക്കുന്നവർക്കും മാത്രം നേട്ടങ്ങൾ നേടി കൊടുക്കുവാനാണീയോട്ടം...അല്ല്ലേ